ആരെയും ചിരിപ്പിക്കുന്ന ചെങ്ങന്നൂര്‍ ബെറ്റ്: മൊട്ടയടിയോ മീശ വടിയോ അല്ല; അതുക്കും മേലെ!

കടുത്ത പിണറായി വിരുദ്ധനായ ഒരാള്‍ ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ജയിച്ചാല്‍ ചെയ്യാമെന്നേറ്റ ബെറ്റ് കേട്ടാല്‍ ആരും ചിരിക്കും. പ്രമുഖ യുക്തിവാദിയും ട്രോളനുമായ ജിതിന്‍ മോഹന്‍ദാസിനാണ് ഈ 'ഗതി' വന്നത്

ആരെയും ചിരിപ്പിക്കുന്ന ചെങ്ങന്നൂര്‍ ബെറ്റ്: മൊട്ടയടിയോ മീശ വടിയോ അല്ല; അതുക്കും മേലെ!

''അതേയ്, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എന്റെ പ്രൊഫൈലില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍ തെറ്റിദ്ധരിക്കുകയോ, എന്റെ നിലപാടുകളെ സംശയിക്കുകയോ ചെയ്യരുതെന്ന് മുന്‍കൂറായി അഭ്യര്‍ത്ഥിക്കുന്നു! വേറൊന്നുമല്ല, ഒരു ദുര്‍ബല നിമിഷത്തില്‍ ഒരു ബെറ്റ് വെച്ചിട്ടുണ്ട്. ഓക്കെ, പറഞ്ഞന്നെ ഉള്ളു''- പലതരം ബെറ്റുകളും കേട്ടിട്ടുണ്ടാകും. എന്നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജിതിന്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച ഈ ബെറ്റ് പോലൊന്ന് വേറുണ്ടാവില്ല.

കേണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച് കെഎസ്‌യുവിലൂടെ വളര്‍ന്ന് ലോകത്തെ പ്രധാന യുക്തിവാദ ജേര്‍ണലായ 'എത്തീസ്റ്റ് റിപ്പബ്ലിക്കിലെ' ബ്ലോഗറും എഴുത്തുകാരനും പ്രമുഖ ട്രോളനുമായ ജിതിന്‍ ഇതുപൊലൊരു ബെറ്റില്‍ പരാജയപ്പെടുമെന്ന് ആരു കരുതിയിട്ടുണ്ടാവില്ല.

ബെറ്റിന്റെ വിവരം ഫേസ്ബുക്കിലൂടെ തന്നെ അറിയിച്ചപ്പോള്‍ സംഭവം എന്തെന്ന് പലരും ഊഹിക്കാന്‍ നോക്കി. അവരെയെല്ലാം ഞെട്ടിച്ച് ബെറ്റ് വിവരം ജിതിന്‍ പുറത്തു വിട്ടു- സജി ചെറിയാന്‍ ജയിച്ചാല്‍ 30 ദിവസം പിണറായിയുടെ കവര്‍ പിക്ക് വെക്കേണ്ടി വരും! എത്ര നിസാരമായ ബെറ്റ് എന്നു തോന്നാം. പക്ഷെ പാതിമീശയോ മുടിയോ വടിക്കുന്നതിലും കഠിനമാണ് ജിതിന് എതെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായിയെ ട്രോളാന്‍ ഭയമില്ലാത്ത ഒരാളാണ് ജിതിന്‍. നിരന്തരം സിപിഐഎം വിമര്‍ശനം നടത്തുന്നയാള്‍. ഫേസ്ബുക്ക് ഓഡിയനു മുന്നില്‍ പിണറായി വിരുദ്ധനായി അറിയപ്പെടുന്നയാള്‍.

'ഞാന്‍ ചെങ്ങന്നൂരിലെ വോട്ടറാണ്. ചെറിയനാടാണ് വീട്. ഫേസ്ബുക്കിലൂടെ ഞാന്‍ നടത്തിയ ബെറ്റ് നാട്ടിലെ സിപിഐഎമ്മുകാര്‍ക്കും അറിയാമായിരുന്നു. റിസല്‍റ്റ് വന്നയുടന്‍ എന്റെ വീടിന്റെ പരിസരത്ത് പടക്കം പൊട്ടിക്കലൊക്കെ നടന്നു'- ജിതിന്‍ പറയുന്നു. ഒരു ഇടതു കക്ഷി മുന്നോട്ടു വയ്‌ക്കേണ്ടതൊന്നും സിപിഐഎമ്മിനില്ല എന്നതാണ് പാര്‍ട്ടിയോടുള്ള പ്രധാന വിമര്‍ശനം.

അങ്ങനെയുള്ള ജിതിനോട് പാലക്കാടുള്ള കൂട്ടുകാരി വിന്‍ഷ മാത്യു, ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ സിപിഐഎം ജയിക്കും എന്നു ചാറ്റ് ബോക്‌സില്‍ പറഞ്ഞു. ചെങ്ങന്നൂരിന്റെ അടിയൊഴുക്കിനെ കുറിച്ച് ഒരു ധാരണയുമില്ലാത്ത വിന്‍ഷ സിപിഐഎം ജയിക്കുമെന്നു പറഞ്ഞതോടെ തര്‍ക്കമായി. ചെങ്ങന്നൂരിലെ ഓരോ രാഷ്ട്രീയ സാഹചര്യങ്ങളും പറഞ്ഞ് ജിതിനും തര്‍ക്കം തന്നെ. തര്‍ക്കം നീണ്ടപ്പോള്‍ വിന്‍ഷയുടെ ചോദ്യം- അത്ര ഉറപ്പുണ്ടേല്‍ ബെറ്റിനുണ്ടോ? ജിതിന് സിപിഐഎം തോല്‍ക്കും എന്ന് അത്രയ്ക്ക് ഉറപ്പാണല്ലോ. ഉപാധി പോലും ചോദിക്കാതെ ബെറ്റിന് തയ്യാറായി ജിതിന്‍.

സജി ചെറിയാന്‍ തോറ്റാല്‍ വിന്‍ഷ എന്താണ് ചെയ്യേണ്ടതെന്നതിലല്ല ട്വിസ്റ്റ്. ജിതിന്‍ ചെയ്യണം എന്ന് വിന്‍ഷ ആവശ്യപ്പെട്ട കാര്യമാണ്. സിപിഐഎം ചെങ്ങന്നൂരില്‍ ജയിച്ചാല്‍ വിന്‍ഷ നല്‍കുന്ന രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ പ്രൊഫൈല്‍ ചിത്രമായും കവര്‍ഫോട്ടോയായും ഇടണം. അത് മറ്റാരുമല്ല, പിണറായി വിജയന്‍ തന്നെ. ഒരിക്കല്‍ പോലും പിണറായി വിജയനോട് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരാളാണ്, താന്‍ ലെഫ്റ്റ് ലിബറലാണ് എന്നു പരസ്യമായിത്തന്നെ പറയുന്ന ജിതിന്‍. ജനാധിപത്യത്തിന്റെ ഉള്ളടക്കം അദ്ദേഹത്തിലുണ്ടോ എന്ന് ജിതിന് വലിയ സംശയമാണ്. ''അഹിംസയെ പിന്തുണയ്ക്കുന്നയാളാണ് ഞാന്‍. എനിക്ക് അഹിംസയ്‌ക്കൊപ്പം നിലപാട് എടുക്കുന്നവരോട് അടുത്തു നില്‍ക്കാനേ സാധിക്കൂ''- ജിതിന്‍ പറയുന്നു.

ജിതിന് മാത്രമല്ലല്ലോ, പലര്‍ക്കും വിജയകുമാറിന്റെയും കോണ്‍ഗ്രസിന്റേയും വിജയം സുനിശ്ചിതമായിരുന്നല്ലോ. ഫലം വന്നപ്പോള്‍ സജി ജയിച്ചു. മാറ്റേണ്ട കവറും പ്രൊഫൈലും വിന്‍ഷ അയച്ചു കൊടുത്തു. ഏകെജിയും സുശീലയും ചേര്‍ന്നു നില്‍ക്കുന്ന കവര്‍. ചിരിയുടെ മൂന്നു പിണറായി ചിത്രങ്ങള്‍ കവര്‍. ജിതിന്‍ കവറില്‍ പിണറായിക്കും പ്രൊഫൈലില്‍ ഏകെജിക്കും സ്ഥാനം നല്‍കി. വി.ടി ബല്‍റാമിന്റെ വിവാദ പ്രസംഗകാലത്ത് ഏകെജിയെ എന്നല്ല ഏതു രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്ന നിലപാടണ് ജിതിന്‍ എടുത്തത്. അതറിയാവുന്നതിനാലാണ് പ്രൊഫൈല്‍ ഏകെജി ആക്കേണ്ടി വന്നത്.

ചെങ്ങന്നൂരിലെ വോട്ടറായ ജിതിന്‍ ബെറ്റില്‍ തോറ്റ് പിണറായിയെ സ്വന്തം പ്രൊഫൈലില്‍ ഒരുമാസം കൊണ്ടു നടക്കും. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എങ്ങനെ ജയിച്ചു എന്നു ചോദിച്ചാല്‍ അതിനും ജിതിന് ഉത്തരമുണ്ട്- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം. ഇനി, കോണ്‍ഗ്രസ് വിട്ടത് എന്തിനാണെന്നു ചോദിച്ചാല്‍- ജാതി രാഷ്ട്രീയം കൊണ്ടു തന്നെ. പിണറായിയെ ഇതേവരെ ജിതിന് ഇഷ്ടമല്ല എന്നാണ് സത്യം; എന്നുവച്ച് ഇനിയൊരിക്കല്‍ ഇഷ്ടപ്പെടാനുള്ള സാധ്യത തള്ളുന്നുമില്ല. ഒരുമാസം പിണറായിയെ പ്രൊഫൈലില്‍ കൊണ്ടു നടക്കുന്നതിന് എടയില്‍ തന്നെ ആ ഇഷ്ടമെങ്ങാനും ഉണ്ടായാലോ..? അതാകും ബെറ്റിന്റെ ട്വിസ്റ്റ്.

ബെറ്റില്‍ ജിതിനാണ് ജയിച്ചിരുന്നതെങ്കില്‍, എന്തായിരുന്നു ഉപാധിയെന്ന് ജിതിന്‍ പറയുന്നില്ല. അത് മറ്റെന്തോ കുസൃതിയാണ്


Read More >>