നാടു കണ്ട് മതിയായില്ല; ആനക്കൂട്ടം എട്ടാം ദിനത്തിലും പര്യടനം തുടരുന്നു...

ഇപ്പോള്‍ കല്ലടിക്കോട് പ്രദേശത്തേക്ക് എത്തിയ മൂവര്‍ സംഘം ഇന്നോ നാളെയോ ആയി കാട്ടിലേക്ക് മടങ്ങാനുള്ള ഒരു സാധ്യത വനംവകുപ്പ് കാണുന്നുണ്ട്.

നാടു കണ്ട് മതിയായില്ല; ആനക്കൂട്ടം എട്ടാം ദിനത്തിലും പര്യടനം തുടരുന്നു...

നാട് കാണാനിറങ്ങിയ കൊമ്പന്‍മാരുടെ ബാച്ചിലര്‍ സംഘം എട്ടാം ദിനത്തിലും പാലക്കാട്ടു ചുറ്റിക്കറങ്ങുകയാണ്. ഇടക്ക് രണ്ട് ദിവസം പാലക്കാടിനു സമീപമുള്ള തിരുവില്ല്വാമലയും കുത്താമ്പുള്ളിയും ഒക്കെ ചെന്നെങ്കിലും തിരികെ പാലക്കാട്ടേക്ക് തന്നെ അവര്‍ മടങ്ങി. കാട്ടാനകളെ അടുത്ത് കണ്ട മനുഷ്യന്റെ പരിഭ്രാന്തി ആസ്വദിച്ചിട്ടെന്ന വണ്ണം കുറച്ച് ദിവസം നാട്ടില്‍ കഴിയാനാണ് സംഘം വന്നതെന്ന് തോന്നും. ഇപ്പോള്‍ കല്ലടിക്കോട് പ്രദേശത്തേക്ക് എത്തിയ മൂവര്‍ സംഘം ഇന്നോ നാളെയോ ആയി കാട്ടിലേക്ക് മടങ്ങാനുള്ള ഒരു സാധ്യത വനംവകുപ്പ് കാണുന്നുണ്ട്. മനം മാറി വീണ്ടും നാട്ടില്‍ തുടരാനാണ് ആന സംഘത്തിന്റെ തീരുമാനമെങ്കില്‍ വനംവകുപ്പ് അധികൃതര്‍ നക്ഷത്രമെണ്ണി തുടങ്ങും.


Image Titleകാരണം 120 ലേറെ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്‍ പൊലീസ് സംഘവും എട്ട് ദിവസത്തോളമായി ചെയ്യുന്ന ജോലി, കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ചു കൊണ്ട് അവയെ പിന്തുടരലാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ അത് മറ്റ് ജോലികളെ കൂടി ബാധിക്കുമെന്ന നിലയിലെത്തിയിട്ടുണ്ട് കാര്യങ്ങള്‍. മൂന്ന് ആനകളടങ്ങുന്ന സംഘം നാട്ടിലെത്തിയത് മുതല്‍ തുടങ്ങിയതാണ് ഇവരെ തുരത്താനുള്ള വനപാലകരുടേയും പൊലീസിന്റേയും ജനക്കൂട്ടത്തിന്റേയും ശ്രമങ്ങള്‍. പക്ഷെ ഓരോ ദിവസം കഴിയുന്തോറും ആനകള്‍ നാട്ടിലേക്ക് കൂടുതല്‍ ഇറങ്ങി വരികയാണ് ചെയ്തത്. വനപാലകരും വന്‍ പൊലിസ് സന്നാഹവും വന്‍ ജനക്കൂട്ടമൊക്കെ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും ബാച്ചിലര്‍ സംഘത്തിന് കുലുക്കമില്ല. കാണാനുള്ളത് എല്ലാം കണ്ട് മതിയാകുന്നത് വരെ ആരെന്തു ചെയ്താലും നാട്ടില്‍ തന്നെ തുടരും എന്ന നിശ്ചയത്തിലാണ് കാട്ടാനകളുടെ ബാച്ചിലര്‍ സംഘം. മിക്കയിടത്തും വീടുകളുടെ ഗേറ്റ് തള്ളി തുറന്ന് മുറ്റത്ത് ഇവര്‍ അലസമായി നടന്നിട്ടുണ്ട്; ചിന്നം വിളിച്ചിട്ടുണ്ട്.


Image Title


വയലുകളിലൂടെ നടക്കുമ്പോള്‍ ഉണ്ടാകുന്ന കൃഷി നാശമല്ലാതെ മനപൂര്‍വ്വം കൃഷി നാശമുണ്ടാക്കിയിട്ടില്ല. ഒരു വീടും തകര്‍ത്തില്ല, ആരേയും ആക്രമിച്ചില്ല. പാമ്പാടി പമ്പ് ഹൗസിന്റെ മതില്‍ ഉള്‍പ്പടെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതില്‍ മാത്രം തകര്‍ത്തിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. വീടിന്റെ അകത്തിരുന്നും ടെറസില്‍ കയറിയിരുന്നും ഫോട്ടോയും വീഡിയോവും എടുക്കുന്നവര്‍ക്ക് പോസ് ചെയ്ത പോലെയുള്ള ആനക്കൂട്ടത്തിന്റെ ചിത്രങ്ങളാണ് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ആനക്കൂട്ടം മുന്നോട്ടു നീങ്ങുന്നതിനൊപ്പം അതാത് പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി, നിരോധനജ്ഞ എന്നിവയും മാറി കൊണ്ടിരിക്കുകയാണ്. ആനകളുടെ 'ഇന്നത്തെ പരിപാടി' എവിടെയാണ് എന്ന് നോക്കിയാണ് ഒരാഴ്ചയായി പാലക്കാട്ടുകാര്‍ തങ്ങളുടെ നീക്കങ്ങള്‍ തന്നെ തീരുമാനിക്കുന്നത്. കാരണം ആനകള്‍ റോഡിലിറങ്ങി നിന്നാല്‍ ഗതാഗതം തിരിച്ചു വിടും. റെയില്‍വേയുടെ പരിസരത്ത് ആനകള്‍ എത്തിയതോടെ പാലക്കാട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ഇന്നലെ മുതല്‍ വേഗം കുറച്ചണ് ട്രെയിനുകള്‍ ഓടുന്നത്. 110- 120 കിലോമീറ്റര്‍ വേഗത 50-60 കിലോമീറ്ററാക്കി കുറച്ചു.


Image Title


പല ട്രെയിനുകളും 25 മിനിറ്റ് വരെ വൈകിയോടുന്ന അവസ്ഥയുണ്ട്. ആനകള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുകയല്ലാതെ അവയെ തിരികെ കാട്ടിലേക്ക് തുരത്താന്‍ ഒരു വഴിയും ഇല്ലെന്ന തിരിച്ചറിവ് വനംവകുപ്പിനും പൊലീസിനും ഇപ്പോള്‍ വന്നിട്ടുണ്ട്. മയക്കുവെടി, കുങ്കിയാന എന്നൊക്കെ കാട്ടാനകളുടെ പിന്നില്‍ നിന്ന് മാധ്യമങ്ങളോട് പറയാനല്ലാതെ ഒന്നും ചെയ്യാന്‍ പക്ഷെ വനംവകുപ്പിനും പൊലീസിനും കഴിഞ്ഞിട്ടില്ല. ആനക്കൂട്ടത്തോട് 'അയ്യോ അങ്ങോട്ട് പോകല്ലെ ആനക്കൂട്ടമെ' എന്ന് പിന്നില്‍ ചെന്ന് ഉപദേശിക്കലാണ് വനപാലാക്കാരുടെ പ്രധാന ജോലി. ആനകളെ തുരത്താന്‍ വനംവകുപ്പിന്റെ കയ്യില്‍ ആകെയുള്ളത് ചെറിയ ഓലപ്പടക്കം ആണ്. തീപ്പെട്ടി കയ്യില്‍ കിട്ടിയാല്‍ ഇത് കത്തിച്ച് ആനകളുടെ മുന്നിലേക്കും പിന്നിലേക്കും എല്ലാം എറിയും. ശബ്ദം കേട്ട് ആനകള്‍ കണ്ട വഴിയെ ഓടും. കുറ്റിക്കാട്ടിലോ മറ്റോ വെറുതെ നില്‍ക്കുന്ന ആനയുടെ അടുത്തേക്ക് പടക്കം എറിഞ്ഞ് തുരത്താന്‍ ശ്രമം നടന്നിരുന്നു.


Image Titleഎന്നാല്‍ അവ ഭയന്ന് അടുത്തുള്ള ആരുടെയെങ്കിലും വീട്ടുമുറ്റത്തോ വാഴതോട്ടത്തിലോ എത്തുകയാണ് ചെയ്യുക. പടക്കം എപ്പോള്‍ എങ്ങിനെ പൊട്ടിക്കണം എന്ന കാര്യത്തില്‍ നിരന്തര പിഴവുകളാണ് വനംവകുപ്പിന് പറ്റികൊണ്ടിരിക്കുന്നത്. ആനകള്‍ ഒരു മാസം കൂടി നാട്ടില്‍ തുടര്‍ന്നാലെ പടേേക്കമറില്‍ വനംവകുപ്പിന് പ്രായോഗിക പരിശീലനം കിട്ടു എന്നു പരിഹസിക്കുന്നവരുമുണ്ട്. പാലക്കാട് വനപ്രദേശത്തോട് ചേര്‍ന്ന് ജീവിക്കുന്നവര്‍ക്കെല്ലാം കാട്ടാനകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അട്ടപ്പാടി, മണ്ണാര്‍ക്കാട്, വാളയാര്‍, നെന്‍മാറ തുടങ്ങിയ എല്ലായിടത്തും കാട്ടാനകളെ കൊണ്ട് ശല്യം നേരിടുന്നവരാണ് പാലക്കാട്ടുകാര്‍. കൂട്ടമായി വന്ന് കൃഷി നശിപ്പിക്കും. മനുഷ്യരേയും ആക്രമിച്ച് കൊല്ലും. എന്നാല്‍ കാട്ടാനകള്‍ പൊതുവെ വരാത്ത ഒറ്റപ്പാലം, ലക്കിടി, മങ്കര, പാമ്പാടി, തിരുവില്വമാല തുടങ്ങിയ പ്രദേശത്തേക്ക് ആദ്യമായാണ് കാട്ടാനകള്‍ എത്തിയത്. പാലപ്പുറം, മങ്കര റെയില്‍വേ സ്റ്റേഷനുകളിലും ജിഷ്ണു കൊല്ലപ്പെട്ട പാമ്പാടി നെഹ്റു കോളേജ് വളപ്പിലും പിന്നീട് മങ്കരയിലെ അമ്മിണി എഞ്ചിനിയറിങ്ങ് കോളേജ് പരിസരത്തും ആനക്കൂട്ടമെത്തി. ഒറ്റപ്പാലം പ്രദേശത്തേക്ക് എത്തിയ കാട്ടാനകളെ എങ്ങിനെ തിരികെ കാട്ടിലെത്തിക്കും ആശങ്കയുയര്‍ന്നപ്പോഴാണ് അവ അതെ ദിവസം തന്നെ കുത്താമ്പുള്ളിയിലേക്കും പാമ്പാടിയിലേക്കും എത്തിയത്. പുഴയില്‍ കുളിച്ചും മദിച്ചും ജനങ്ങളെ കൂസാതെ വീട്ടുമുറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മൂവര്‍ സംഘം ദിവസം പതിനഞ്ച് കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കുന്നുണ്ട്. ഇപ്പോള്‍ ആരും പറയാതെ തന്നെ വന്ന വഴിയിലൂടെ തിരിച്ചു പൊയ്കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള കല്ലടിക്കോട് ഭാഗത്ത് നിന്ന് വേണമെങ്കില്‍ ഒറ്റദിവസം കൊണ്ടു തന്നെ കാടു കയറാം. അല്ലെങ്കില്‍ അടുത്ത ടൗണിലേക്കും എത്താം.

ആനകളുടെ സഞ്ചാരത്തെ നിയന്ത്രിക്കാനാവാത്ത വനംവകുപ്പിന് അവയുടെ പുറകെ പോകാനെ നിര്‍വ്വാഹമുള്ളു.12- 15 വയസുള്ള കൊമ്പനാനകളുടെ സംഘമാണ് ഇപ്പോള്‍ നാടുകാണാന്‍ ഇറങ്ങിയിട്ടുള്ളത്. കൗമാര പ്രായമാകുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്ന് മാറി ഇവര്‍ സഞ്ചരിക്കും. തനിച്ച് സഞ്ചരിക്കുന്ന ഇവര്‍ സമാനചിന്താഗതിയില്‍ കൂട്ടം വിട്ട മറ്റു ആണാനകളുമായി സംഘം ചേരും. പതിവിന് വ്യത്യസ്തമായി പുതിയ സ്ഥലങ്ങളും വഴികളും ഈ ബാച്ചിലര്‍ സംഘം കണ്ടെത്തും. പുതിയ ജീവിതാനുഭവങ്ങള്‍ കണ്ടെത്താന്‍ തന്നെയാണ് ഈ യാത്ര. ഇഷ്ടപ്പെട്ട വഴിത്താരകളാണെങ്കില്‍ അവര്‍ വീണ്ടും പഴയ വഴികളിലൂടെ വീണ്ടും വന്നുപോകും. ദിവസങ്ങള്‍ക്ക് മുമ്പ് ഒലവക്കോട് മുണ്ടൂര്‍ ഭാഗത്തു നിന്നാണ് കാട്ടാനകള്‍ കാട്ടിലെത്തിയത്. ഒറ്റ ദിവസം കൊണ്ടു തന്നെ തിരിച്ചു പോകുമെന്ന് കരുതിയ ആനക്കൂട്ടമാണ് എട്ടാംദിനത്തിലും പാലക്കാട് തുടരുന്നത്.

Read More >>