പാചകക്കാരനായി അല്ലു അര്‍ജ്ജുന്‍: ഡിജെയുടെ ട്രെയിലർ പുറത്തിറങ്ങി

ബ്രാഹ്മണരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ദുവ്വാഡ ജഗനാഥത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു

പാചകക്കാരനായി അല്ലു അര്‍ജ്ജുന്‍: ഡിജെയുടെ ട്രെയിലർ പുറത്തിറങ്ങി

മലയാളത്തില്‍ മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അല്ലു അര്‍ജ്ജുന്റെ പുതിയ ചിത്രമായ ഡി ജെ (ദുവ്വാഡ ജഗനാഥം) ട്രെയിലര്‍ പുറത്തിറങ്ങി.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അല്ലു അര്‍ജ്ജുന്‍ ചിത്രം ഡി ജെ ഈദ് റിലിസിനായി തയ്യാറെടുക്കുന്നത്. മികച്ച പ്രതികരണമാണ് ഡി ജെ ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. പതിവ് ശൈലിയില്‍ നിന്നും മാറാതെയാണ് അല്ലു അര്‍ജ്ജുന്‍ ഡിജെ ദുവ്വാഡ ജഗനാഥയിലും പാട്ടിലും ആക്ഷനിലും കാഴ്ച്ചവെയ്ക്കുന്നത്.


ബ്രാഹ്മണനായ പാചകക്കാന്റെ വേഷത്തിലാണ് ഇക്കുറി അല്ലു അര്‍ജ്ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ദുവ്വാഡ ജഗനാഥം വിവാദമായിരുന്നു. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയതാണ് പ്രതിഷേധത്തിനു വഴിയൊരുക്കിയത്.

സിനിമാക്കാര്‍ ബ്രാഹ്മണ സമുദായത്തെ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചതെന്നും ഈ ഗാനം ഹൈന്ദവ വിശ്വസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഓള്‍ ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീനിവാസ്തവ റാവു പറഞ്ഞിരുന്നു. എന്നാല്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരുടെയും വിശ്വസങ്ങളെയും മുറിവേല്‍പ്പിച്ചിട്ടില്ലെന്നും സംവിധായകന്‍ ഹരീഷ് ശങ്കര്‍ പിന്നീട് വ്യക്തമാക്കി.


Image Title

മോഹന്‍ജോദാരോ ഫെയിം പൂജ ഹെഗ്ഡെയാണ് അല്ലുവിന്റെ പുതിയ നായിക. 2012ലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗബ്ബാര്‍ സിംഗിന്റെ വിജയത്തിനുശേഷം ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിജെ. ആദ്യമായിട്ടാണ് അല്ലു അര്‍ജുനും ഹരീഷ് ശങ്കറും ഒന്നിക്കുന്നത്. വെങ്കിടേശ്വര ക്രിയേഷന്റെ ബാനറിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദാണ് ഡിജെയുടെയും സംഗീതം ചെയ്യുന്നത്.