കോമ്രേഡില്‍ ദുല്‍ഖര്‍ പാടുന്നു: സി ഐ എയുടെ ഓഡിയോ ടീസറിനും വമ്പന്‍ വരവേല്‍പ്പ്

സി ഐ എ യുടെ ഓഡിയോ ടീസര്‍ ആഘോഷമാക്കിയ ആരാധകര്‍ക്ക് -കോമ്രേഡില്‍ ദുല്‍ഖറിന്റെ പാട്ടുണ്ട്. രണ്ട് അടിപൊളി പാട്ടുകള്‍.

കോമ്രേഡില്‍ ദുല്‍ഖര്‍ പാടുന്നു: സി ഐ എയുടെ ഓഡിയോ ടീസറിനും വമ്പന്‍ വരവേല്‍പ്പ്

സിനിമാനടന്‍മാരിലെ അറിയപ്പെടുന്ന ഗായകനാണ് ദുല്‍ഖര്‍ സല്‍മാന്‍- ചാര്‍ലിയിലെ സുന്ദരിപ്പെണ്ണും, എ ബി സി ഡിയിലെ ജോണിമോനെ ജോണിയും ദുല്‍ഖറിന്റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ്. അമല്‍ നീരദിന്റെ പുതിയ ചിത്രത്തിലും ദുല്‍ഖറിന്റെ പാട്ടുണ്ട്. സി ഐ എ( കോമ്രേഡ് ഇന്‍ അമേരിക്ക) എന്നു പേരിട്ട ചിത്രത്തിലാണ് ദുല്‍ഖറിന്റെ പാട്ട് ഉള്ളത്.

അമേരിക്കയില്‍ എത്തുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് ചിത്രം. ഛായാഗ്രാഹകന്‍ സി കെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. സൗബിന്‍, ജിനു ജോസഫ് , തമിഴ് നടന്‍ ജോണ്‍ വിജയ് തുടങ്ങിയവരുംചിത്രത്തില്‍ ഉണ്ട്. റഫീക്ക് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികളില്‍ ഗോപിസുന്ദര്‍ സംഗീതം നല്‍കിയ രണ്ട് ഗാനങ്ങളാണ് ദുല്‍ഖര്‍ ആലപിക്കുന്നത്. കരോളിന, മുഹമ്മദ് മക്ബുല്‍ മന്‍സൂര്‍ എന്നിവരോടോപ്പമാണ് ദുല്‍ഖറിന്റെ പാട്ട്.
ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ കേരള മണ്ണിനായി എന്ന് തുടങ്ങുന്ന ഗാനം പിന്നണി ഗായിക വൈക്കം വിജയലക്ഷമി ജി ശ്രീരാം എന്നിവരോടപ്പമാകും ദുല്‍ഖര്‍ ആലപിക്കുക. മംഗ്ലീഷ് എന്ന ചിത്രത്തിലും ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഇംഗ്ലീഷ് മംഗ്ലീഷ് എന്ന് തുടങ്ങുന്ന ഗാനവും ദുല്‍ഖര്‍ ആലപിച്ചിട്ടുണ്ട്.


ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് . പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്റേതായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സി ഐ എ ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തും. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാമത് ചിത്രമാണിത്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഓഡിയോ ടീസറിനും ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതി ഗോപി സുന്ദര്‍ ഈണമിട്ട കണ്ണില്‍ കണ്ണില്‍ നോക്കും നേരം ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ എന്ന ഗാനമാണ് ടീസറിലുള്ളത്. ഹരിചരണ്‍ ശേഷാദ്രിയും സയനോര ഫിലിപ്പും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.