വീലില്‍ നിന്ന് റീലിലേയ്ക്ക് ഡോ.സിജു

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മേഖല തന്നെയാണ് എന്നെക്കുറിച്ച് പറയാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് - വീല്‍ റ്റൂ റീല്‍ - എ ഡ്രീം ജേര്‍ണി എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായകന്‍ ഡോ. സിജു വിജയന്‍...

വീലില്‍ നിന്ന് റീലിലേയ്ക്ക് ഡോ.സിജു

വീല്‍ റ്റു റീല്‍ - എ ഡ്രീം ജേര്‍ണി എന്ന പേര് ഒരു ഡോക്യുമെന്ററിയുടെ പേര് മാത്രമല്ല. പ്രതിസന്ധികളോട് പൊരുതി ജയിച്ചൊരാളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണത്. കയ്യടികളോടും അഭിനന്ദനങ്ങളോടും കൂടി തന്റെ ഡോക്യുമെന്ററി വെള്ളിത്തിരയില്‍ നിറയുമ്പോള്‍ ഡോ. സിജു വിജയന്‍ എന്ന ചെറുപ്പക്കാരന്‍ തനിക്ക് ലഭിച്ച രണ്ടാമത്തെ അംഗീകാരത്തിന്റെ സന്തോഷത്തിലാണ്. ഡോ. സിജു സംവിധാനം ചെയ്യുന്ന പത്താമത്തെ ഡോക്യുമെന്ററിയാണ് വീല്‍ റ്റു റീല്‍ - എ ഡ്രീം ജേര്‍ണി.

കുട്ടിക്കാലം മുതല്‍ കൂടെയുള്ള സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗാവസ്ഥയോട് പൊരുതിയാണ് സിജു തന്റെ സര്‍ഗ്ഗാത്മകതയുടെ പടവുകള്‍ ഓടിക്കയറുന്നത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന ഈ അസുഖത്തിന് വൈദ്യശാസ്ത്രം മരുന്ന് കണ്ടുപിടിച്ചിട്ടില്ല. സ്‌കൂള്‍ കാലം മുതല്‍ കലയോട് അഭിരുചി പ്രകടിപ്പിച്ചിരുന്ന സിജു ചിത്രരചനയിലൂടെയാണ് കലയെ സ്നേഹിച്ചു തുടങ്ങിയത്.

മഹാരാജാസില്‍ നിന്ന് ബിരുദം കഴിഞ്ഞിറങ്ങുമ്പോള്‍ സിജുവിന്റെ മനസ്സില്‍ സിനിമയോടുള്ള ഇഷ്ടം വേരൂന്നിക്കഴിഞ്ഞിരുന്നു. കോളേജ് പഠനകാലത്ത് കലാപ്രതിഭപ്പട്ടവും സിജു നേടി. തിരുവനന്തപുരത്തെ ഹോമിയോപ്പതി പഠനത്തിനിടയിലാണ് ധാരാളം സിനിമകള്‍ കാണുന്നതും ഡോക്യുമെന്റ്റിയിലേക്ക് ശ്രദ്ധ തിരിഞ്ഞതും. ദിനം പ്രതി ശാരീരിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നെങ്കിലും അതിനിടയില്‍ തന്നെ നാല് ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യാനും ശ്രദ്ധിക്കപ്പെടാനും സിജുവിനായി. ഹോമിയോപ്പതി പഠനം പൂര്‍ത്തിയാക്കി ആയുഷ്മിത്ര എന്ന പേരില്‍ അരൂക്കുറ്റിയില്‍ ഒരു ക്ലിനിക് ആരംഭിക്കുകയും ചെയ്തു.

2015 ല്‍ സിജു സംവിധാനം ചെയ്ത നോവ് എന്ന ഷോര്‍ട്ട്ഫിലിമിന് അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളയില്‍ അംഗീകാരം ലഭിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് ഡോ. സിജു വിജയന്‍ എന്ന വ്യക്തിയുടെ ജീവിതം. ഇതു തന്നെയാണ് വീല്‍ റ്റൂ റീല്‍ എ ഡ്രീം ജേര്‍ണി എന്ന ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കവും. ജൂണ്‍ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വിഷയത്തിന്റെ വ്യത്യസ്ത കൊണ്ടാണ് വീല്‍ റ്റു റീല്‍ - എ ഡ്രീം ജേര്‍ണി എന്ന ഡോക്യുമെന്ററി വ്യത്യസ്തമാകുന്നത്.

ഇത്തവണത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോള്‍ സന്തോഷമുള്ള ഒരു മാറ്റത്തെക്കുറിച്ച് ഡോ. സിജു പറയുന്നു, ''അന്ന് വന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് എടുത്താണ് എന്നെ തിയേറ്ററിനുളളില്‍ എത്തിച്ചത്. എന്നാല്‍ ഇത്തവണ അകത്തേക്ക് കയറാന്‍ വേണ്ടി ഒരു റാമ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്ക് ഇത് വലിയ സന്തോഷം നല്‍കുന്ന മാറ്റമാണ്.'' സിജു തന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. സ്വന്തം ജീവിതം ആസ്പദമാക്കി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം കാണുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നെങ്കില്‍ അതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്നും സിജു കൂട്ടിച്ചേര്‍ക്കുന്നു.

രണ്ടാം തവണയും തന്റെ സംവിധാന സംരംഭത്തിന് അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സിജു നാരദാ ന്യൂസിനോട് പറഞ്ഞു. ബിജുവിന്റെ അടുത്ത സ്വപ്‌നം ബിഗ് സ്‌ക്രീനില്‍ ഒരു സിനിമയാണ്‌

Read More >>