ദിലീപ് അനാഥമാക്കിയ കഥാപാത്രങ്ങളെ ആര് ഏറ്റെടുക്കും? രക്ഷകനെ കണ്ടെത്തി മലയാള സിനിമ

കോടിക്കണക്കിന് രൂപയും കുറേ കഥാപാത്രങ്ങളും ഏറെ കലാകാരന്മാരുടെ ജീവിതവുമാണ് ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായത്. ഈ പ്രതിസന്ധിയില്‍ നിന്ന് സിനിമയെ രക്ഷിക്കാന്‍ ഒരാള്‍ വേണം. ദിലീപിനു നീക്കിവച്ച വേഷങ്ങളായ സദ്ദാം ശിവനും പ്രൊഫസര്‍ ഡിങ്കനും വാളയാര്‍ പരമശിവനുമാകാന്‍ ഒരാള്‍ വരണം. അയാള്‍ ആ കഥാപാത്രങ്ങളെ ഏറ്റെടുക്കണം- വില്ലനായി തുടങ്ങി നായകനായി ചിരിപ്പിക്കുന്ന ആ നടന്‍....

ദിലീപ് അനാഥമാക്കിയ കഥാപാത്രങ്ങളെ ആര് ഏറ്റെടുക്കും? രക്ഷകനെ കണ്ടെത്തി മലയാള സിനിമ

ദിലീപ് ജയിലിലായതോടെ പ്രതസന്ധിയിലായ അനേകം കഥാപാത്രങ്ങളുണ്ട്. പല സംവിധായകരും രചയിതാക്കളും ജിവന്‍ കൊടുത്ത ആ കാഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ ഒരാള്‍ മാത്രം- ബിജു മേനോന്‍!

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഷൂട്ടിങ്ങ് തുടങ്ങിയ സിനിമകള്‍ പോലും ബിജുമേനോനെ റീകാസ്റ്റ് ചെയ്ത് ഷൂട്ടു ചെയ്‌തേക്കും. വെള്ളിമൂങ്ങ മുതല്‍ നായകസ്ഥാനത്തേയ്ക്കുയര്‍ന്ന ബിജുമേനോന്‍ പോസ്റ്ററില്‍ അച്ചടിച്ചില്ലെങ്കിലും ജനപ്രിയനാണ്. രക്ഷാധികാരി ബൈജുവിലൂടെ ബിജു മേനോന്‍ തനിക്കു വഴങ്ങുന്ന നായകത്വം ഏതാണെന്നു വ്യക്തമാക്കി. ചിരിപ്പിക്കുന്ന നായകന്‍. കുടുംബം എന്ന കൂട്ടടിക്കറ്റ് ലക്ഷ്യമിടുന്ന സിനിമകളിലെ പുരുഷ രൂപത്തെ തേടുമ്പോള്‍ അതിന് ബിജുമേനോനിലും മികച്ച നായകനെ കണ്ടെത്താനാവില്ല.


Image Title


ചിരിപ്പിക്കുന്ന ബിജുമേനോനെ മലയാള സിനിമയ്ക്ക് ഇപ്പോള്‍ തള്ളിക്കളയാനാവുന്നില്ല. അഭിനയത്തിലും ജനപ്രീതിയിലും ബിജുമേനോന്‍ പുലര്‍ത്തുന്ന താരമൂല്യം പ്രതിസന്ധിയിലായ നിര്‍മ്മാതാക്കളെ കരകയറ്റാന്‍ ഉപകരിക്കും.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള ചലച്ചിത്ര മേഖലയിലുണ്ടാകുന്നത് ചെറുതല്ലാത്ത പ്രതിസന്ധിയെ മറികടന്നേ മതിയാകൂ. ക്രിമിനല്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയുള്‍പ്പെടെയുള്ള സിനിമാ സംഘടനകളില്‍ നിന്നും പുറത്താക്കുകകൂടി ചെയ്തതോടെ ദിലീപ് ഭാഗമായുള്ള ആറോളം ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍ പ്രസ്തുത പ്രസതിസന്ധി ദിലീപില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇന്ന് സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുന്നവരും ഈ കേസുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടവരുമായ കുറച്ചു പേരുടെ താത്കാലിക പിന്‍മാറ്റത്തിനെങ്കിലും ഈ റേപ്പ് കേസ് കാരണമാകും.Image Title

ദിലീപ് നായകനായ ഏഴോളം ചിത്രങ്ങളുടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായിട്ടുണ്ട്. അതില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ രണ്ടുചിത്രങ്ങളും ചിത്രീകരണം ആരംഭിച്ച ഒരു ചിത്രവും ഉള്‍പ്പെടുന്നു. മറ്റു ചിത്രങ്ങളുടെ കാര്യത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും അവയില്‍ പലതും ദിലീപ് നിര്‍മ്മാണ- വിതരണ പാങ്കാളിത്തം വഹിക്കുന്നവയാണ്.

പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം മുളകുപാടം നിര്‍മ്മിച്ച് കഴിഞ്ഞ മാസം റിലീസാകേണ്ട സബിഗ് ബജറ്റ് ചിത്രമായ രാമലീലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ചിത്രം. ഏകദേശം 20 കോടിയോളം ചെലവഴിച്ചു നിര്‍മ്മിച്ച ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ മാസം നടക്കേണ്ടതായിരുന്നുവെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. മാറ്റിവയ്ക്കുന്നതിനു പ്രത്യേകിച്ചു കാരണമൊന്നും സംവിധായകന്‍ വെളിപ്പെടുത്തിയില്ലെങ്കിലും കേസ് സംബന്ധിച്ചു ദിലീപിന്റെ ജനപ്രീതിയിടിഞ്ഞതുതന്നെയാണ് കാരണമെന്നുള്ള കാര്യം വ്യക്തമാണ്. സിനിമ ഇപ്പോള്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവും സംവിധായകനും സന്നദ്ധരാണെങ്കിലും ദിലീപിനെതിരെയുള്ള ജനരോഷം ഏറ്റുവാങ്ങാന്‍ സ്വന്തം തിയേറ്ററുകള്‍ വിട്ടുനല്‍കുവാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'കമ്മാരസംഭവ'മാണ് ഈ പ്രതിസന്ധി നേരിടുന്ന മറ്റൊരു പ്രധാന ചിത്രം. തിരക്കഥാകൃത്തും നടനുമായ മുരളീഗോപിയാണ് ചിത്രം രചിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചുവെങ്കിലും ഡബ്ബിംഗും മറ്റു പണികളും പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിന്റെ മറ്റു പണികള്‍ എന്നു തുടങ്ങുമെന്നോ അതില്‍ ദിലീപ് പങ്കെടുക്കുമെന്നോ അറിയില്ലെന്നുള്ളതാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നതും. അതുപോലെ 3ഡിയില്‍ ചിത്രീകരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും മുടങ്ങിയ അവസ്ഥയിലാണ്. ചിത്രീകരണം തുടങ്ങിവച്ചുവെങ്കിലും 'പ്രശ്‌നങ്ങള്‍' വന്നു ഭവിച്ചതോടെ ദിലീപിന് ഷുട്ടിംഗില്‍ പങ്കെടുക്കാന്‍ പറ്റിയിട്ടില്ല.

ഇതു കൂടാതെ ജോഷിയുടെ ദിലീപ് ചിത്രമായ റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരിമശിവം, തഹായുടെ ഈ പറക്കുംതളികയുടെ രണ്ടാംഭാഗം, ഞാനാരാ മോന്‍, സദാം ശിവന്‍, ഇതോ വലിയ കാര്യം എന്നീചിത്രങ്ങളും ദിലീപിന്റെതായി അനൗണ്‍സ് ചെയ്തിരുന്നു. ഇതില്‍ പല ചിത്രങ്ങളിലും നിര്‍മ്മാണ പങ്കാളിയോ വിതരണക്കാരനോ ആണ് ദിലീപ്. റേപ്പ് കേസിന്റെ ഫലമായി അപ്രതീക്ഷിതമായ ജയില്‍ വാസം കടന്നുവന്നതോടെ ഈ ചിത്രങ്ങളെല്ലാം ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. ഇനി നടന്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാല്‍ത്തന്നെ അമ്മയുള്‍പ്പെടെയുള്ള സിനിമാ സംഘടനകളില്‍ നിന്നും പുറത്തായ ദിലീപിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാകുമോ എന്നുള്ള കാര്യവും കണ്ടറിയണം.

ദിലീപിനൊപ്പം സുഹൃത്ത് നാദിര്‍ഷയുടെ മലയാള സിനിമയിലെ നിലനില്‍പ്പും ഭീഷണിയിലാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനുശേഷം പുതിയ പ്രോജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണിയറയില്‍ പുതിയ ചിത്രം സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംഘടനകളില്‍ നിന്നും പുറത്തായില്ലെങ്കിലും താരങ്ങള്‍ നാദിര്‍ഷയ്‌ക്കൊപ്പം സഹകരിക്കാതിരുന്നാല്‍ പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാനാകില്ല. ചിത്രങ്ങള്‍ക്കു വേണ്ടി പണം മുടക്കാന്‍ ഈ അവസരത്തില്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുകയുമില്ല. കേസില്‍ അറസ്റ്റുണ്ടായിട്ടില്ല എന്നുള്ളത് മാത്രമാണ് നാദിര്‍ഷയെ സംബന്ധിച്ചു ആശ്വാസകരം.

അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും നടന്‍ മുകേഷും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇവരുടെ തിരശ്ശീലയിലെ സാന്നിദ്ധ്യം ഇനിയെങ്ങനെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നതെന്നുള്ള ആശങ്ക സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ആരംഭിച്ചു കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രത്യക്ഷമായല്ലെങ്കിലും മുകേഷിനും ബന്ധമുണ്ടെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പ്രസ്തുത സംഭവം നടന്ന ദിവസം ദിലീപും മുകേഷും നിരവധി ഫോണ്‍ കോളുകള്‍ നടത്തിയിട്ടുണ്ടെന്ന കാര്യവും പൊലീസ് പുറത്തുവിട്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മുകേഷിനെ ചോദ്യം ചെയ്യാനുള്ള കത്ത് നല്‍കിക്കഴിഞ്ഞുവെന്നും സൂചനകളുണ്ട്.Image Title

ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശവും ദിലീപിനെ സംരക്ഷിക്കുന്ന നിലപാടും വലിയ വിവാദമാണ് വിളിച്ചുവരുത്തിയത്. കഴിഞ്ഞ അമ്മയുടെ ജനറല്‍ മീറ്റിംഗിനു ശേഷമുള്ള ഇന്നസെന്റിന്റെ പത്രസമ്മേളനത്തിനെതിരെ മലയാള സിനിമാ നടിമാരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ദിലീപ് പിടിയിലായതിനെ തുടര്‍ന്ന് നടനെ കൈയൊഴിയുന്ന നിലപാടുമായി ഇന്നസെന്റ് രംഗത്തെത്തിയെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നസെന്റ് രാജിവയ്ക്കണമെന്ന ആവശ്യത്തിലാണ്. മുകേഷിന്റെയും ഇന്നസെന്റിന്റെയും നിലപാടുകള്‍ ജനവിരുദ്ധമായിരുന്നുവെന്നുള്ള അഭിപ്രായം സിപിഐഎം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും എന്നത് ഉറപ്പായി കഴിഞ്ഞു.

സോഷ്യല്‍മീഡിയകളില്‍ കൂടി ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയവരില്‍ പ്രമുഖരായ സംവിധായകന്‍ ലാല്‍ ജോസും നടന്‍മാരായ സലീംകുമാറും അജുവര്‍ഗ്ഗീസും നടന്റെ അറസ്റ്റിനു ശേഷം പ്രതികരണം നടത്തിയിട്ടില്ല. ദിലീപിന് പുര്‍ണ്ണ പിന്തുണ നല്‍കിയ അവസ്ഥയില്‍ നിന്നും പെട്ടെന്നൊരു ചുവടുമാറ്റം ഇവര്‍ക്കു നടത്താനാകാത്തതാണ് അതിനു കാരണം. അനുകൂല പ്രസ്താവനയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നതും. ദിലീപിനെതിരെയുള്ള പൊലീസ് നടപടിയും തുടര്‍ന്നുണ്ടായ ജനങ്ങളുടെ പ്രതികരണങ്ങളും ദിലീപ് അനുകൂലികളെ ഭയപ്പെടുത്തുന്നുണ്ടെന്നുള്ളതാണ് സത്യം. സിനിമയുടെ വിജയ പരാജയങ്ങള്‍ നിശ്ചയിക്കുന്നതിന്റെ പ്രധാനഘടകം പ്രേക്ഷകരാണെന്നിരിക്കേ ഈ ഭയം നിര്‍മ്മാതാക്കളിലേകക്കും പടര്‍ന്നാല്‍ ഇന്നു തിരശ്ശീലയില്‍ കാണുന്ന പല മുഖങ്ങളും പിന്നിലേക്കു മറയും.

ദിലീപിനെ മുന്നില്‍ കണ്ട് പദ്ധതിയിട്ട അനേകം കഥാപാത്രങ്ങള്‍ക്ക് ബിജുമേനോന്‍ ജീവന്‍ നല്‍കുമ്പോള്‍ കയ്യടിക്കാവുന്ന വ്യക്തിത്വ വിശേഷം കൂടിയുണ്ട്; ബിജു സ്ത്രീ വിരുദ്ധനല്ല. അദ്ദേഹം സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല- പക്കാ മാന്യന്‍... സ്‌നേഹമുള്ളയാള്‍.


Image Title

1990ല്‍ ദൂരദര്‍ശനിലെ നിങ്ങളുടെ സ്വന്തം ചന്തു എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന ബിജുമേനോന്‍ ജൂഡ് അട്ടപ്പേറ്റിയുടെ മിഖായേലിന്റെ സന്തതികള്‍ എന്ന പരമ്പരയിലൂടെയാണ് പ്രശസ്തനാകുന്നത്. മിഖായേലിന്റെ സന്തതികളുടെ തുടര്‍ച്ച ജൂഡ് പുത്രന്‍ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതില്‍ നായക വേഷം അവതരിപ്പിച്ചാണ് ബിജുമേനോന്‍ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് മാന്നാര്‍ മത്തായി സ്പീക്കിംഗിലെ മഹേന്ദ്രവര്‍മ്മയെന്ന വില്ലനിലൂടെ അദ്ദേഹം സിനിമാ അഭിനയരംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്നു വ്യത്യസ്തമായ അനവധി വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിലേക്കും ബിജു മേനോന്‍ കയറിപ്പറ്റി. അല്ലെങ്കില്‍ത്തന്നെ ഒന്നാലോചിച്ചു നോക്കൂ, സ്ത്രീ-ദളിത് പരാമര്‍ശങ്ങളും ന്യൂനപക്ഷ- ഭിന്നലിംഗ വിരുദ്ധതയും വളിപ്പുകളും നിറഞ്ഞ കഥാപാത്രങ്ങള്‍ ഒഴിവാക്കിയാല്‍ ദിലീപ് അഭിനയിച്ച ഏതു വേഷമാണ് ബിജുമേനോന് ചേരാതിരിക്കുക. പഞ്ചാബി ഹൗസിലെ ഉണ്ണികൃഷ്ണനും മീശമാധവനിലെ കള്ളന മാധവനും പറക്കുംതളികയിലെ ഉണ്ണിയും സല്ലാപത്തിലെ രമേശനും ജോക്കറിലെ ബാബുവും സിഐഡി മുസയിലെ സഹദേവനുമൊക്കെ ബിജുമേനോന്‍ എന്ന അഭിനേതാവിന് നന്നായിണങ്ങുന്ന കുപ്പായങ്ങള്‍ തന്നെയാണ്. ഷാഫിയുടെ മേരിക്കുണ്ടൊരു കുഞ്ഞാടിലെ വില്ലന്‍ വേഷത്തിലൂടെ നായകനായ ദിലീപിനേക്കാള്‍ കൈയടി നേടിയ ഒരു ചരിത്രം കൂടി ബിജുമേനോനുണ്ട്.


Read More >>