ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി രചന നിര്‍വഹിക്കുന്ന രാമലീല നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്

ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി

നടന്‍ ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ ഈ മാസം ഏഴിനു നിശ്ചയിച്ചിരുന്ന റിലീസിംഗ് മാറ്റി. ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ റോളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ അരുണ്‍ ഗോപിയാണ്.

റീലീസിംഗ് മാറ്റിയതിന്റെ കാരണം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റമെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദിലീപിനെ അന്വേഷണ സംഘം തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ദിലീപിനെ ചോദ്യം ചെയ്യലിനു വിധേയനാക്കിയതിനു പിന്നാലെ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ വില്ലയിലും വസ്ത്ര വ്യാപാര കേന്ദ്രത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുനില്‍ കുമാറിന്റെ കത്തും മൊഴിയും പുറത്തു വന്നതിനു പിറകേയാണ് പൊലീസ് നടപടിയുണ്ടായത്.

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി രചന നിര്‍വഹിക്കുന്ന രാമലീല നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. രണ്‍ജിപണിക്കര്‍, ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read More >>