ബ്രാഹ്മണന്റെ മലം കോരാന്‍ ബ്രഹ്മമുഹൂര്‍ത്തതിനു മുന്നേ എത്തിയ ദൈവാന!

ചെറുചാല്‍ കീറി അതില്‍ നിരത്തി വെച്ച മണ്‍പാത്രങ്ങളോ, പാളയോ ഉണ്ടാകും. ഇതാണ് അന്നത്തെ കക്കൂസ്. ഇതിലുള്ള വിസര്‍ജ്ജ്യം കൈ കൊണ്ട് കോരിയെടുത്ത് കയ്യിലെ ബക്കറ്റില്‍ ദൈവാന ഇടും. ഉണങ്ങിയതോ ഒട്ടിപ്പിടിച്ചതോ ആയ വിസര്‍ജ്ജ്യമാണെങ്കില്‍ കൈ കൊണ്ട് ഇളക്കി കോരി തന്നെ എടുക്കണം- അവസാനത്തെ തോട്ടിപ്പണിക്കാരി ദൈവാന 98 വയസില്‍ ജീവിതം പറയുന്നു

ബ്രാഹ്മണന്റെ മലം കോരാന്‍ ബ്രഹ്മമുഹൂര്‍ത്തതിനു മുന്നേ എത്തിയ ദൈവാന!

കുഞ്ഞിന് വയറുവേദനയാണ്, അമ്മ ഡോക്ടറെ കാണിച്ചതും ഡോക്ടര്‍ പറഞ്ഞത് സോപ്പ് മാറ്റാനാണ്. അണുക്കളെ നശിപ്പിക്കാന്‍ കഴിയാത്ത സോപ്പ് ഉപയോഗിച്ചത് കൊണ്ട് കീടാണുക്കള്‍ കയ്യിലൂടെ വയറില്‍ എത്തി അതിക്രമം കാണിക്കുന്നതാണ്. വയറുവേദനയ്ക്കുള്ള കാരണം ഡോക്ടര്‍ കണ്ടെത്തി. അണുക്കളെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു സോപ്പാണ് മരുന്നായി നിര്‍ദ്ദേശിക്കുന്നത്. കീടാണുവിന്റെ അതിഭീകരത കാണിക്കുന്നത് ഒരു സോപ്പിന്റെ പരസ്യ ചിത്രത്തിലാണ്. പക്ഷെ ഈ പരസ്യം കണ്ടാല്‍ 98 കഴിഞ്ഞ ദൈവാന ഇരുന്ന് ചിരിക്കും.

സോപ്പ് എന്ന് കേട്ടുകേള്‍വി കൂടി ഇല്ലാതിരുന്ന കാലത്താണ് ദൈവാന ജനിച്ചത്. കോളറ കാലത്ത് അടക്കം അവര്‍ വെറും കൈ കൊണ്ട് മലം കോരിയതാണ്. ഒന്നും രണ്ടും വര്‍ഷമല്ല, എഴുപതോളം വര്‍ഷം. അന്നു മുതല്‍ ഇന്നു വരെ വയറുവേദന പോയിട്ട് ഒരു ജലദോഷം പോലും ദൈവാനയ്ക്കു പിടിപെട്ടിട്ടില്ല. അല്‍പം കേള്‍വിക്കുറവ് ഉണ്ടെന്നതൊഴിച്ചാല്‍ മറ്റെല്ലാം ഭദ്രം. പിന്നെങ്ങനെ സോപ്പില്ലാത്തതു കൊണ്ടു വരുന്ന വയറുവേദനയുടെ കഥ കേള്‍ക്കുമ്പോള്‍ അവര്‍ക്കു ചിരി വരാതിരിക്കും?

തോട്ടിപ്പണി ചെയ്ത അവസാന തലമുറയിലെ ഇന്നു ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും അവസാന കണ്ണിയാണ് 98 വയസ്സിലെത്തിയ ദൈവാന. പാലക്കാട് കല്‍മണ്ഡപത്തിലെ വീട്ടിലിരുന്ന് അവര്‍ ബ്രാഹ്മണന്റെ മലം ചുമന്നും കോരിയും ജീവിച്ച നാളുകളെ കുറിച്ച് ഓര്‍ത്തെടുക്കും.

കോളറ പിടിപെട്ടു ജനങ്ങള്‍ മരിച്ചു വീഴും കാലം, പതിറ്റാണ്ടുകള്‍ക്കു മുമ്പ് പാലക്കാടിനെ പിടിച്ചു കുലുക്കിയ ആ മഹാമാരിക്കാലത്തും പുലര്‍ച്ചെ മൂന്നു മണിക്കു മുമ്പായി ദൈവാന എഴുന്നേല്‍ക്കും. പ്രായം പതിനെട്ടു പോലും തികഞ്ഞിട്ടില്ല. കിലോമീറ്ററുകള്‍ നടന്ന് ഒലവക്കോട്ടെ ബ്രാഹ്മണരുടെ അഗ്രഹാരങ്ങളില്‍ എത്തും. അവിടത്തെ വീടുകള്‍ക്കു പുറകിലൂടെ തോട്ടികള്‍ക്കായി പ്രത്യേക വഴിയുണ്ട്. അതുവഴി ചെന്നാല്‍ ബ്രാഹ്മണരുടെ കക്കൂസിനടുത്ത് എത്താം. കക്കൂസ് എന്നു പറയാന്‍ വയ്യ.

കക്കൂസെല്ലാം വളരെ ആഡംബരമായ അക്കാലത്ത് സമ്പന്നരുടെ വീടുകളില്‍ പോലും അതില്ലായിരുന്നു. പകരം ചെറുചാല്‍ കീറി അതില്‍ നിരത്തി വെച്ച മണ്‍പാത്രങ്ങളോ, പാള പാത്രങ്ങളോ ഉണ്ടാകും. ഇതാണ് അന്നത്തെ കക്കൂസ്. ഇതിലുള്ള വിസര്‍ജ്ജ്യം കൈ കൊണ്ട് കോരിയെടുത്ത് കയ്യിലെ ബക്കറ്റില്‍ ദൈവാന ഇടും. ഉണങ്ങിയോ ഒട്ടിപ്പിടിച്ചതോ ആയ വിസര്‍ജ്ജ്യമാണെങ്കില്‍ കൈ കൊണ്ട് ഇളക്കി കോരി തന്നെ എടുക്കണം. ഇന്നത്തെ പോലെ ഗ്ലൗസോ മറ്റു ചട്ടുകങ്ങളോ ഒന്നും ഇല്ല. ഇങ്ങിനെ നാല്‍പ്പതിലേറെ വീടുകളിലെ 300 ലേറെ പേരുടെ മലം നിറച്ച ബക്കറ്റ് തോളില്‍ വച്ച് കിലോമീറ്ററുകള്‍ നടന്ന് ദൂരെയുള്ള കുഴിയില്‍ കൊണ്ടു പോയി തട്ടും. ചില ദിവസങ്ങളില്‍ വൈകുന്നേരത്തും സമാനമായ ഒരു യാത്ര ഉണ്ടാകും.

ഈ തോട്ടിപ്പണിക്കും ഒരു സമയനിഷ്ഠയുണ്ട്

പുലര്‍ച്ചെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ തോട്ടി വീട്ടില്‍ വന്നു മലം എടുത്തു കൊണ്ടു പോകണമെന്ന് അവിടത്തെ ബ്രാഹ്മണര്‍ക്കു നിര്‍ബന്ധമാണ്. അഞ്ചു മണിക്കു മുമ്പായി കുളി കഴിഞ്ഞ് അമ്പലങ്ങളില്‍ പൂജയ്ക്കും മറ്റും പോകേണ്ടതാണ്. അതിനു മുമ്പായി വീടിനു പുറകിലെ മലം തോട്ടി വന്ന് എടുത്തുകൊണ്ടു പോയില്ലെങ്കില്‍ അശുദ്ധമാകുമെന്നും പൂജ ചെയ്താല്‍ ശരിയാകില്ലെന്നും വിശ്വാസമുള്ളതിനാല്‍ എത്ര വയ്യെങ്കിലും മൂന്നുമണിക്കു തന്നെ ജോലിക്കു ചെല്ലണം. ഇതിന് ഓണമെന്നോ, വിഷുവെന്നോ പ്രത്യേകതയില്ല. ഓണം, കല്യാണം തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ജോലിഭാരം കൂടുമെന്നല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പണിക്കില്ല.

പതിനഞ്ചു വയസില്‍ കല്യാണം കഴിഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മുത്തുസ്വാമിക്കൊപ്പം ഈ ജോലിക്ക് ഇറങ്ങി. തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ സര്‍വ്വീസില്‍ റെയില്‍വേയില്‍ ആയിരുന്നു. ബ്രാഹ്മണരുടെ മലം വാരേണ്ട ജോലി ഭര്‍ത്താവിന് ഇല്ലാത്തതിനാല്‍ പകല്‍ പുലര്‍ന്നിട്ടു പോയാലും മതി. തോട്ടിപ്പണി കുലത്തൊഴിലായിരുന്നു.

പാലക്കാടു നഗരസഭയില്‍ തോട്ടിപ്പണിയുടെ കരാര്‍ എടുത്തു ചെയ്യുന്ന ഒരാളാണ് അഗ്രഹാരത്തിലേക്കു ദൈവാനയെ മലം കോരാനായി വിട്ടത്. നഗരസഭ ദൈവാനക്കു നല്‍കുന്ന ശമ്പളം ഇയാള്‍ തന്നെ ഒപ്പിട്ടു വാങ്ങി അതില്‍ ഒരു തുക ദൈവാനയെ ഏല്‍പ്പിക്കലായിരുന്നു പതിവ്.

ഏകദേശം നാല്‍പ്പത് വര്‍ഷത്തോളം പലരുടേയും കീഴില്‍ കരാര്‍ പണിക്ക് പോയി. പിന്നീട് നഗരസഭ തോട്ടിപ്പണിക്കാരിയായി നേരിട്ടു നിയമിച്ചു. 32 വര്‍ഷത്തോളം നഗരസഭയിലും ജോലി ചെയ്തു. തുടക്കത്തില്‍ 20 രൂപ ശമ്പളക്കാരിയായിരുന്ന ദൈവാനക്ക് ഇന്ന് 12000 രൂപ പെന്‍ഷനുണ്ട്.

അന്ന് ഒലവക്കോട് അഗ്രഹാരത്തില്‍ 120 വീടുകളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് 40 വീടെന്ന കണക്കില്‍ മൂന്നുപേരാണു ജോലി ചെയ്തിരുന്നത്. ഓണത്തിനും വിഷുവിനും മറ്റും അഗ്രഹാരത്തിനു പുറത്തായി വീട്ടില്‍ നിന്ന് പാത്രം കൊണ്ടു വച്ച് ദൂരെ മാറി നില്‍ക്കണം. സദ്യ കഴിയുന്ന വീടുകളില്‍ നിന്ന് എന്തേലും പാത്രത്തില്‍ കൊണ്ടു വന്നിട്ടു കൊടുക്കും. അപൂര്‍വ്വമായി ആരേലും മുണ്ടോ മറ്റോ കൊടുക്കുകയാണെങ്കില്‍ അത് കറികളും മറ്റുമുള്ള പാത്രത്തിലേക്കു തന്നെയാണ് ഇട്ടുകൊടുക്കുക. മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങള്‍ മാത്രം തോട്ടിപ്പണിക്കാര്‍ ധരിച്ചാൽ മതിയെന്ന് ഉള്ളതു കൊണ്ട് ആര്‍ക്കും ഇക്കാര്യത്തില്‍ പരാതി ഉണ്ടായിരുന്നില്ല.

തോട്ടികള്‍ സംഘടിച്ചത് പി. കെ ഇമ്പിച്ചിക്കോയയും മറ്റും വന്നു നടത്തിയ സമരങ്ങളുടെ ഭാഗമായാണ് എന്നു ദൈവാനയ്ക്ക് ഓര്‍മ്മയുണ്ട്. ഇമ്പിച്ചിക്കോയയുടെ സമരത്തിനു ശേഷം കരാറുകാരുടെ ചൂഷണം നിന്നു. തോട്ടികള്‍ക്കു താമസിക്കാന്‍ മാത്രമായി അന്നു ബ്രീട്ടീഷുകാര്‍ നല്‍കിയ സ്ഥലം ഉണ്ടായിരുന്നു. ഇവിടെ തോട്ടിക്കോളനി രൂപപ്പെട്ടു. ഇന്ന് ആ സ്ഥലം പലരും വിറ്റും ചിലര്‍ കയ്യേറിയും സമ്പന്നരുടെ പ്രദേശം കൂടിയായി മാറി. ഇന്ന് തോട്ടികള്‍ ഇവിടെ താമസിച്ചിരുന്നുവെന്നു പറയാന്‍ അവര്‍ക്കും താല്‍പ്പര്യമില്ല.

കോളറ കാലത്ത് ഇപ്പോള്‍ കണ്ടവരെ പോലും മണിക്കൂറുകള്‍ക്കകം മരിച്ചു വീഴുന്നതു ദൈവാന കണ്ടിട്ടുണ്ട്. അവരുടെ വിസര്‍ജ്ജ്യമോ കാറ്റോ തട്ടിയാല്‍ പോലും രോഗം വരുന്ന കാലം, മരിച്ചു വീണവര്‍ക്കിടയിലൂടെ അവരുടെ അഴുകിയ മലം കോരാനും അതു തോളില്‍ വച്ചു നടക്കാനും എങ്ങിനെ കഴിഞ്ഞുവെന്ന ചോദ്യത്തിന് ചിരിയോടെ അവര്‍ പറഞ്ഞു:

"അന്ന് ഈ ജോലി ചെയ്യുന്നവരെല്ലാം കുറച്ച് നീര് (ചാരായം) അകത്താക്കും. പിന്നെ ഒന്നുമറിയില്ല. ജീവിതത്തില്‍ അന്ന് ആകെ കിട്ടിയിരുന്ന ഒരു സന്തോഷം"