നിങ്ങൾക്കൊരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നുണ്ടോ?

സ്വതന്ത്രമായി വിതരണം ചെയ്യുന്ന മലയാളം ലിപികളാണ് ഇതിൽ ഉപയോഗിക്കുന്നത്. രചന ലിപിയാണ് ഈ പുസ്തകത്തിൽ രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. കോപ്പി റൈറ്റുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും ഇതിനുണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

നിങ്ങൾക്കൊരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നുണ്ടോ?

ഒരു പുസ്തകം പ്രകാശനം ചെയ്ത് വായനക്കാരിലേക്ക് എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഒരുപക്ഷെ വായനക്കാർ ആ പുസ്തകത്തെ ഏറ്റെടുത്തില്ലെങ്കിൽ പിന്നെ പ്രസാധകർ നഷ്ടത്തിലാവും. പ്രസിദ്ധീകരണത്തിനായി മുടക്കിയ തുകയെങ്കിലും തിരിച്ചുകിട്ടാന്‍ ഏറെ പ്രയാസമായിരിക്കും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ പലരുടെയും പുസ്കത പ്രസിദ്ധീകരണം എന്ന സ്വപ്നം പാതിവഴിയില്‍ നിലയ്ക്കുക പതിവാണ്. അങ്ങനെ സ്വപ്‌നങ്ങൾ നഷ്ടപെട്ട ഒരുപാട് എഴുത്തുകാർക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ലിറ്റ്മോസ്ഫിയർ എന്ന പുതിയ സംരംഭവും അവരുടെ ലക്ഷ്യവുമെല്ലാം ഇത്തരം സ്വപ്നങ്ങളുടെ സഫലീകരണത്തിനാണ്.

2018 ജനുവരി 5നാണ് ലിറ്റ്മോസ്ഫിയർ പബ്ലിക്കേഷൻസി​ന്റെ രണ്ടാമത്തെ പുസ്തകമായ 'എ​ന്റെ കോൺക്രീറ്റ് ചിന്തകള്‍' എന്ന ഇ-പുസ്തകം പ്രകാശനം ചെയ്തത്. ബുക് റിപ്പബ്ലിക്കിലൂടെ പുറത്തിറങ്ങിയ ടി പി വിനോദിന്റെ നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ (കവിതാസമാഹാരം), ദേവദാസ് വി എംന്റെ ഡിൽഡോ, നവീൻ ജോർജ്ജിന്റെ പൊട്ടക്കലം തുടങ്ങിയ ഒട്ടേറെ പുസ്തകങ്ങൾ മലയാളത്തിൽ ​ഇതിന് മു​ൻപും ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നുമെല്ലാം വേറിട്ട് നില്കുന്നു ഈ പുസ്തകവും ഇതിന്റെ പ്രസാധകരും. സിവിൽ എഞ്ചിനീറിംഗുമായി ബന്ധപ്പെട്ട, ടെക്നിക്കൽ വാക്കുകളൊന്നും ഉപയോഗിക്കാതെ ലളിതമായ രീതിയിൽ ലേഖനങ്ങൾ സാധാരണകാരനിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്‌ഷ്യം. സിവിൽ മേഖലയിൽ അല്ലാത്തവർ പോലും വായിക്കാൻ മുന്നോട്ടു വരുന്നുണ്ട് എന്നതും വലിയൊരു പ്രോത്സാഹനമാണ്. പുസ്‌തകത്തെകുറിച്ചുള്ള രഞ്ജിത്തിന്റെ വാക്കുകളാണിത്.

സിവിൽ എഞ്ചിനീറിംഗുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകം എഴുതിയിരിക്കുന്നത് തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ എൽ ആൻഡ് ടി കൺസ്ട്രക്ഷനിലെ അസിസ്റ്റന്റ് കൺസ്ട്രക്ഷൻ മാനേജറുമായ രഞ്ജിത്ത് കണ്ണങ്കാട്ടിലാണ്. ഇവരുടെ പ്രൊജക്ട് മാനേജരായ ശ്രീ മുത്തുപാണ്ഡ്യൻ, പ്രൊജക്ടിൽ ജോലി ചെയ്യുന്ന ബിനുവിന് നൽകിയാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതിന്റെ ഓൺലൈൻ പ്രകാശനം നിർവ്വഹിച്ചത്. 234 സുഹൃത്തുക്കളിൽ നിന്നുമായി 30,000 രൂപയാണ് പുസ്തകത്തിനായി സമാഹരിച്ചത്. പുസ്തകത്തിനായി ക്രൗഡ് ഫണ്ടിംഗിൽ പങ്കെടുത്തവർക്കും ഇ-ബുക്ക് പ്രീ ഓർഡർ ചെയ്തവർക്കുമായുള്ള പുസ്തകങ്ങൾ അന്ന് രാത്രി 10 മണി മുതൽ ലഭ്യമായിത്തുടങ്ങി.176 പേജുകളാണ് ഈ പുസ്തകത്തിനുള്ളത്.

കോപ്പിഹാർട്ട് ലൈസന്‍സിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാം പുറത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. 'കോപ്പിയിങ് ഈസ് ആൻ ആക്ട് ഓഫ് ലവ്. പ്ളീസ് കോപ്പി ആൻഡ് ഷെയർ. ഡോണെറ്റ് ഇഫ് യു വിഷ് ടു സപ്പോർട്ട് ദി പ്രൊജക്റ്റ്'. എന്നുവെച്ചാൽ പുസ്തകം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും ഷെയർ ചെയ്യാം. ഒപ്പം ഇഷ്ടപ്പെട്ടാൽ, പുസ്തകത്തിൽ നൽകിയ പേയ്‌ടിഎം നമ്പരിലൂടെ സംഭാവനകൾ നൽകുകയുമാവാം. അതും വായിച്ചു നമുക്ക് ഇഷ്ടപ്പെട്ടാൽ മാത്രം! ഇതുകൂടാതെ പുസ്തകത്തിന്റെ ഇ-ബുക്ക് കോപ്പി 20 രൂപ (ടാക്സടക്കം 24.02 രൂപ) നൽകി ആർക്കും വാങ്ങാവുന്നതാണ്. 'സോഴ്സ് ചെയ്യാൻ ഏറ്റവും കുറഞ്ഞ തുകയായി ഉപയോഗിച്ചത് 20 രൂപയാണ്. അതിൽ നിന്നും മുകളിലേയ്ക്ക് ആർക്കും എത്ര വേണമെങ്കിലും സംഭാവന ചെയ്യാം. 20 മുതൽ 1000 രൂപ വരെയാണ് രഞ്ജിത്തിന് സംഭാവനയായി ലഭിച്ചത്. 20 ദിവസത്തിൽ 30,000 രൂപയാണ് ലഭിച്ചത്. പുസ്‌തകത്തിന്റെ ചിലവിലേക്ക് വളരെ നല്ല രീതിൽ അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു'. രഞ്ജിത് നാരദ ന്യൂസിനോട് പറഞ്ഞു.

രഞ്ജിത്ത്, അയ്യപ്പൻ മൂലശ്ശേരി, കെവിൻ സിജി തുടങ്ങിയ മൂന്നു സുഹൃത്തുക്കൾ ചേർന്നാണ് ലിറ്റ്മോസ്ഫിയർ എന്ന ഈ സംരംഭം ആരംഭിച്ചത്. ഇവർ ആദ്യം പ്രകാശനം ചെയ്തത് കവി കൂടിയായ അയ്യപ്പന്റെ 'ശൂന്യതയുണ്ട് സൂക്ഷിക്കുക' എന്ന കവിതാസമാഹാരമാണ്. ചെന്നൈയില്‍ 'അഞ്ജലി' എന്ന ഓൺലൈൻ ലൈബ്രറി നടത്തുകയാണ് കെവിൻ. അവിടെ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് അവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ എത്തിക്കുന്ന ലൈബ്രറിയാണിത്. ഓൺലൈൻ വഴി ഓർഡർ എടുത്താണ് ഇത് പ്രവർത്തിച്ചു വരുന്നത്. അഞ്ജലി, കറുമ്പി തുടങ്ങിയ മലയാളം യൂണികോഡ് ലിപികൾ ഉണ്ടാക്കിയതും കെവിനാണ്.

പുസ്തകം വായിച്ച ശേഷം വായനക്കാരന് അവരുടെ ഇഷ്ടത്തിന് പുസ്തകത്തിന് മൂല്യം നിശ്ചയിക്കാം. ആ വില പുസ്തകത്തിന്റെ എഴുത്തുകാരന് അല്ലെങ്കിൽ പ്രസാധകന് സംഭാവന ചെയ്യാം. ഒരു പൊതു ഫണ്ടിലേക്കാണ് ഈ തുക നിക്ഷേപിക്കുന്നത്. ഇനി വരുന്ന പുസ്തകങ്ങൾ ചെയ്യാനായിട്ട് ആ തുക ഉപയോഗിക്കാമെന്നതാണ് അതിന്റെ ഉദ്ദേശം. പൈസ ഇല്ലാത്തതു കൊണ്ടുമാത്രം പുസ്തകം പ്രസിദ്ധീകരിക്കാത്ത ഒരുപാടു പേരുണ്ട്. അതിനാൽ അത്തരക്കാർക്കു വേണ്ടി പുസ്‌തകം മുൻകൂട്ടി വിറ്റുകിട്ടുന്ന പൈസ ഉപയോഗിച്ച് പുസ്തകം പ്രസിദ്ധീകരിക്കാനാകും.

ലാറ്റെക്‌ എന്ന കോഡിങ് രീതിയാണ് ടൈപ്പ് സെറ്റിങ്ങിനു ഉപയോഗിക്കുന്നത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വതന്ത്രമായ ലൈസെൻസോടു കൂടിയ ഈ സോഫ്റ്റ്‌വെയർ ആർക്കും ഉപയോഗിക്കാം. സ്വതന്ത്രമായി വിതരണം ചെയ്യുന്ന മലയാളം ലിപികളാണ് ഇതിൽ ഉപയോഗിക്കുന്നത്. രചന ലിപിയാണ് ഈ പുസ്തകത്തിൽ രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. കോപ്പി റൈറ്റുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും ഇതിനുണ്ടാകുന്നില്ല എന്നതാണ്ന്റെ ഏറ്റവും വലിയ സവിശേഷത.

ലിറ്റ്മോസ്ഫിയർ പ്രസിദ്ധീകരിച്ച 'എന്റെ കോൺക്രീറ്റ് ചിന്തക'ളുടെ പുസ്‌തകപ്രകാശനം ഇന്ന് വൈകുന്നേരം കൊടുങ്ങല്ലൂരുള്ള എംഇഎസ്‌ അസ്മാബി കോളേജിൽ വെച്ച് നടന്നു.

Story by
Read More >>