സമ്മേളന പ്രചാരണത്തിന് 'ഹ്രസ്വ ശ്രമം': സി പി ഐ എം വൈക്കം ഏരിയ സമ്മേളനം വ്യത്യസ്തം

സിപിഐഎം സംഘടനാ സമ്മേളനങ്ങള്‍ ഏരിയ സമ്മേളനങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ വൈക്കത്ത് വ്യത്യസ്തമായ ഒരു ശ്രമം. അച്ഛന്‍ മകന്റെ ചോദ്യത്തെ നേരിടുകയാണിവിടെ

സമ്മേളന പ്രചാരണത്തിന് ഹ്രസ്വ ശ്രമം: സി പി ഐ എം വൈക്കം ഏരിയ സമ്മേളനം വ്യത്യസ്തം

മോസ്‌കോ കഴിഞ്ഞാല്‍ വിയറ്റ്‌നാമുള്ള കേരളത്തിലെ നാടാണ് തലയാഴം. കമ്യൂണിസത്തോടുള്ള ആവേശത്തില്‍ നാടിന് പേരുമാറ്റിയ ഇടം. കമ്യൂണിസ്റ്റ് ഗ്രാമങ്ങള്‍ ഇപ്പോഴുമുള്ള മണ്ണ്. കമ്യൂണിസ്റ്റ് ആചാര്യന്‍ പി.കൃഷ്ണപിള്ള ജനിച്ചതും ഇവിടെ. രണ്ട് പതിറ്റാണ്ടിനു ശേഷം സിപിഐഎം ഏരിയ സമ്മേളനം ഇവിടേയ്ക്ക് വരുമ്പോള്‍ പഴയ ബാലസംഘം പ്രവര്‍ത്തകരാണ് സംഘാടകര്‍. സമ്മേളനത്തെ വ്യത്യസ്തമാക്കാനുള്ള കൂടിയാലോചനകളില്‍ അവര്‍ ബാല്യത്തില്‍ ചോദിച്ച ആ ചോദ്യം പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു- ''അച്ഛാ ഈ കമ്മ്യൂണിസ്റ്റെന്ന് വെച്ചാ എന്താ?''

അതൊരു ഹ്രസ്വസിനിമയായി മാറുകയായിരുന്നു. എത്രയോ വട്ടം ചോദിക്കുന്ന ചോദ്യത്തിന്റെ ദൃശ്യഭാഷ വൈകിയില്ല. പാര്‍ട്ടി ഉല്ലല സെന്‍ട്രല്‍ ബ്രാഞ്ച് അംഗമായ അജയ് പി. പോളാണ് സംവിധാനവും ക്യാമറയും. അഭിനേതാക്കളായി രണ്ടു പേര്‍ അച്ഛനും മകനും. കൂവം സൗത്ത് ബ്രാഞ്ച് അംഗം ബേബി അച്ഛനായപ്പോള്‍ എസ്എഫ്‌ഐ മുന്‍ കോട്ടയം ജില്ലാക്കമ്മറ്റി അംഗവും എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകനുമായ സജിത് സോമന്റെ മകന്‍ മൂന്നാം ക്ലാസുകാരന്‍ തേജസ് മാധവ് മകനുമായി.

രാത്രി ഉമ്മറത്തിരുന്ന് പോസ്റ്ററൊട്ടിക്കാനുള്ള മൈദ കലക്കുന്ന അച്ഛനോട് എട്ടു വയസുള്ള മകന്റെ ചോദ്യത്തോടെയാണ് ടീസര്‍ തുടങ്ങുന്നത്. അച്ഛന്റെ മറുപടി കമ്മ്യൂണിസം എന്താണെന്നതിന്റെ വ്യക്തമായ ധാരണ കാഴ്ച്ചക്കാരില്‍ എത്തിക്കുന്നു. അച്ഛന്‍ പറയുന്നു: ''വിഷമിക്കുന്നവരുടെ കൂടെ നില്‍ക്കുന്നയാള്‍. ഈ ഭൂമീല്‍ ജീവിക്കാന്‍ എല്ലാര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുന്നയാള്‍. ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ തമ്മില്‍ കൊലവിളി നടത്തുമ്പോള്‍ അതിനെതിരെ പോരാടുന്ന ആള്‍. വേദനിക്കുന്നവര്‍ക്ക് വേണ്ടി പോരാടി മരിക്കുന്ന ആള്‍. ദരിദ്രരും പീഡിതരുമായിരുന്ന പാവങ്ങള്‍ക്ക് വേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികളുടെ ചോരകൊണ്ട് ചുവന്നതാണ് നമ്മുടെ ഈ കൊടി''

അച്ഛന്‍ മതിലില്‍ പതിക്കാന്‍ പശ തേച്ചത് വൈക്കം സമ്മേളനത്തിന്റെ പോസ്റ്ററാണ്. ആ പോസ്റ്റര്‍ ഏറ്റുവാങ്ങി പതിച്ച് മകനും പറയുന്നു '' അച്ഛാ ഞാനും ഒരു കമ്യൂണിസ്റ്റാ''

''ചേന്തുരുത്ത്, കൂവം, പള്ളിയാട് തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങളിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഇവിടേയ്ക്ക് സമ്മേളനം വരുമ്പോള്‍ വ്യത്യസ്തമായ പ്രചാരണം ആലോചിച്ചു. തലയാഴത്ത് ഇതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയേ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളു. കര്‍ഷക തൊഴിലാളികളുടെ നാടാണിത്. കൃഷ്ണപിള്ളയുടേയും. ആ ഒരാവേശം പ്രചാരണത്തിലൊട്ടാകെ വേണമെന്ന ആലോചനയാണ് ഹ്രസ്വസിനിമയെന്ന ആശയത്തിലെത്തിച്ചത്''- സമ്മേളനത്തിന്റെ സംഘാടക സമിതി സെക്രട്ടറി രഞ്ജിത് പറയുന്നു. പാര്‍ട്ടി ഏരിയ സെക്രട്ടറി കെ. അരുണന്റെ ജന്മനാട് കൂടിയാണ് തലയാഴം.

ഹ്രസ്വ സിനിമ കൂടാതെ വനിതാ സംഗമം, കാര്‍ഷിക സെമിനാര്‍, വര്‍ഗ്ഗീയ വിരുദ്ധ യുവജന സംഗമം, വടംവലി- കലാ മത്സരങ്ങള്‍, ഫ്‌ളാഷ് മോബ് തുടങ്ങി നിരവധി പരിപാടികളുണ്ട്. നവംബര്‍ 24 മുതല്‍ 27 വരെയാണ് സമ്മേളനം. വി.എസ് അച്യുതാനന്ദനാണ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. തലയാഴത്തെ കമ്യൂണിസ്റ്റ് ചരിത്രം പാട്ടിലാക്കിയും സമ്മേളനം അവതരിപ്പിക്കുന്നുണ്ട്. വാട്ട്‌സപ്പുകളിലൂടെ ഹ്രസ്വചിത്രം പ്രചരിപ്പിച്ചു തുടങ്ങി.

Read More >>