സൈബര്‍ സഖാക്കള്‍ക്ക് പാര്‍ട്ടിപ്പൂട്ട്; ആകാശ് സംഭവം പാര്‍ട്ടിയുടെ താക്കീത്

സിപിഎമ്മിന്‍റെ തീരുമാനങ്ങള്‍ക്കെതിരയും അവമതിപ്പുണ്ടാക്കുന്ന വിധത്തിലും പെരുമാറുന്ന സൈബര്‍ സഖാക്കളെ നിലയ്ക്കു നിര്‍ത്തുമെന്നതിന്‍റെ സൂചനയാണ് കണ്ണൂരില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കുന്നത്.

സൈബര്‍ സഖാക്കള്‍ക്ക് പാര്‍ട്ടിപ്പൂട്ട്; ആകാശ് സംഭവം പാര്‍ട്ടിയുടെ താക്കീത്

ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലെ പല അനുഭാവികളും സിപിഐഎമ്മിന് തലവേദനയാകുന്നു. സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാടുകളും തീരുമാനങ്ങളും വരും മുൻപേ ഇത്തരക്കാർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന തരത്തിൽ പ്രചരിക്കുന്നതിനെ പാർട്ടി തികച്ചും ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടിക്കു മുകളില്‍ പറക്കുന്ന സൈബര്‍ സഖാക്കള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുകയാണ്.

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിന് മുന്നിൽ നടന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടു ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളെ പാർട്ടി തുറന്നെതിർക്കാൻ കാരണമായതും ഇതുകൊണ്ടു കൂടിയാണ്.നേരത്തെ വിവിധ പാർട്ടി ഘടകങ്ങൾക്ക് കീഴിൽ നവമാധ്യമ സമിതികൾ ഉണ്ടാക്കാൻ പാർട്ടി തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി നേതാക്കളും വിവിധ കമ്മിറ്റികളും ഔദ്യോഗിക ഫേസ്ബുക് പേജുകളും ആരംഭിച്ചിരുന്നു. കൂടാതെ വിവിധ കമ്മിറ്റികൾ ഉൾക്കൊള്ളുന്ന തരത്തിൽ ഫേസ്ബുക്, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും സംഘടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെയും എൽഡിഎഫ് കമ്മിറ്റികളുടെയും പേരിൽ ഔദ്യോഗികമായി നടത്തിയ നവമാധ്യമപ്രചാരണം പാർട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്നും സിപിഐഎം വിലയിരുത്തിയിരുന്നു.

എന്നാൽ സൈബർ ലോകത്തെ ഇടപെടലുകളെക്കുറിച്ച് ബോധവാന്മാരല്ലാത്ത പാർട്ടി പ്രാദേശിക നേതാക്കളും കമ്മിറ്റികളും നവമാധ്യമ സമിതികളെ കൃത്യമായി സംഘടിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. നവമാധ്യമസമിതി എന്ന പേരിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റികൾ കടലാസ് കമ്മിറ്റികളായി. അതിനാൽ തന്നെ സിപിഐഎമ്മിന് നേരിട്ട് നിയന്ത്രണമില്ലാത്ത സൈബർ പോരാളികൾ ഈ രംഗം കയ്യടക്കി. തോമസ് ഐസക്ക്, എം ബി രാജേഷ്, സ്വരാജ് തുടങ്ങി ഫേസ്ബുക്കിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്ന നേതാക്കൾ ഉണ്ടായിട്ടും അതിവൈകാരികമായും അസഭ്യ ഭാഷയിലും പോസ്റ്റിടുന്ന പലരും സൈബർ ലോകത്തെ താരങ്ങളായി. അസഹനീയമായ അക്ഷരത്തെറ്റു മുതല്‍ വധഭീഷണി വരെ ഈ അനുഭാവി സംഘം മുഴക്കുന്നു. ഫലത്തിലിത് പാര്‍ട്ടിയുടെ ഔദ്യോഗിക ശബ്ദമായി പ്രചരിക്കപ്പെടുന്നു.

കണ്ണൂർ, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സഖാക്കളാണ് സൈബർ ലോകത്ത് സജീവമായി നിലനിൽക്കുന്നത്. ഇവരെക്കൂടാതെ പ്രവാസികളായ പാർട്ടി അനുയായികളും ഈ രംഗത്ത് സജീവമാണ്. വിവിധവിഷയങ്ങളിൽ പാർട്ടിയുടെ നിലപാടുകൾ വരും മുൻപേ സിപിഐഎമ്മിന്റെ ഔദ്യോഗിക ചിഹ്നവും പതാകയും ഉൾപ്പെടെ ഫോട്ടോഷോപ് ചെയ്ത് പോസ്റ്റർ അടിച്ച് പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള പലരുടെയും പ്രവൃത്തികൾ പാർട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായാണ് വിലയിരുത്തൽ.

ട്രാൻസ്‌ജെൻഡർ സൗഹൃദരാഷ്ട്രീയവും നിലപാടുകളുമായി സിപിഐഎമ്മും എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും മുന്നോട്ടു പോകവേ വി ടി ബൽറാം എംഎൽഎയും പ്രമുഖ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഒരുമിച്ചു നിൽക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചത് പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്ന ആരോപണം പാർട്ടിക്കകത്ത് തന്നെ ശക്തമായിരുന്നു.

ട്രാൻസ്‌ജെൻഡർ നയവുമായി ബന്ധപ്പെട്ട് സിപിഐഎം, ശീതൾ ശ്യാം ഉൾപ്പെടെയുള്ള ആളുകളുമായി ചർച്ചകൾ നടത്തുന്ന കാലമായിരുന്നു അത്. ഇന്ത്യയിലാദ്യമായി ഒരു സംഘടന അതിന്റെ മെമ്പർഷിപ് ഫോമിൽ മൂന്നാം ലിംഗം എന്ന കോളം ചേർത്തതിന്റെ കീർത്തി എസ്എഫ്ഐക്ക് കൈവന്ന ഘട്ടവുമായിരുന്നു അത്. വി ടി ബൽറാമിന്റെയും ശീതളിനെയും ചേർത്ത് 'സൈബർ ചാവേറുകൾ' നടത്തിയ പ്രചാരണം പാർട്ടിക്ക് ഏറെ അപകീർത്തിയുണ്ടാക്കിയ സംഭവമായിരുന്നു.

പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഫേസ്ബുക് ഉപയോഗിക്കുന്നതിനെക്കുറിച്ചും നവമാധ്യമങ്ങളിൽ ഇടപെടലുകൾ നടത്തേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും കൃത്യമായി ക്ലാസ്സുകൾ നൽകണമെന്ന അഭിപ്രായവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. 'സൈബർ ചാവേറുകളെ' നിയന്ത്രിക്കാൻ പാർട്ടി കർശനമായി ഒരുങ്ങുന്നു എന്നതിന്റെ സൂചനയായാണ് ആകാശ് തില്ലങ്കേരി വിഷയത്തിൽ പി ജയരാജന്റെ ഇടപെടലിലൂടെ വ്യക്തമാവുന്നത്. പാർട്ടി തീരുമാനങ്ങൾക്കൊത്ത് പോകുന്നില്ലെങ്കിൽ കയ്യൊഴിയാൻ തന്നെയാണ് പാർട്ടി നേതൃത്വം ഒരുങ്ങുന്നത്.

ആകാശ് തില്ലങ്കേരിക്ക് പിന്തുണ പ്രഖ്യാപിച്ച് സൈബറിടത്തിലെ സഖാക്കളെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. തൊഴിലാളി സഖാക്കളും സൈബര്‍ സഖാക്കളും തമ്മിലുള്ള പോരില്‍ പി.ജയരാജന് പോസ്റ്റിട്ട് നിലപാട് അറിയിക്കേണ്ടി വന്ന സാഹചര്യം പാര്‍ട്ടിയെ സംബന്ധിച്ച് വിഷയത്തിലെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

പാര്‍ട്ടിയുടെ നിയന്ത്രണത്തിലല്ലാത്ത വാട്ട്സപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സംഘടനാ വിരുദ്ധമാകുന്നുണ്ടോയെന്നതും വരുന്നാളുകളില്‍ പരിശോധിക്കപ്പെടും. നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാപകമായ സൈബര്‍ ഇടപെടല്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലാണ്. കൃത്യമായി രാഷ്ട്രീയ പോസ്റ്റുകളിലൂടെ തിരഞ്ഞെടുപ്പിന് മുന്‍പ് തോമസ് ഐസക്ക് സജീവമായിരുന്നു. എന്നാല്‍ ഐസക്കിന്‍റെ ഇടപെടല്‍ ഇപ്പോഴില്ല. ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പി.എം മനോജാണ് നിത്യരാഷ്ട്രീയത്തില്‍ ഇടപെടുന്ന നെറ്റിസണ്‍.

ആദ്യഘട്ടത്തില്‍ ആര്‍എസ്എസ്- എസ് ഡി പി ഐ അനുഭാവികള്‍ നടത്തിയിരുന്ന അക്രമണകരമായ ഇടപെടലിനു തുല്യമാണ് സിപിഎം അനുകൂലികളുടേതായി പലപ്പോഴും വരുന്നത്. പലതും ഫേക്ക് ഐഡികളുമാണ്. എതിര്‍ ശബ്ദമുയര്‍ത്തുന്ന സ്ത്രീകളുടെ കമന്‍റ് ബോക്സുകളില്‍ വെര്‍ബല്‍ റേപ്പാണ് നടക്കുന്നതെന്ന പരാതിയും സജീവമാണ്. ആകാശ് തില്ലങ്കേരി സ്വന്തം പ്രശ്നം ഉന്നയിച്ചപ്പോള്‍, ആകാശ് മുന്‍പു നടത്തിയ സ്ത്രീവിരുദ്ധ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളിട്ട് പലരും വിചാരണ ചെയ്തു.

സൈബര്‍ ഇടത്തില്‍ ഇടപെടുന്നതു സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം സിപിഎം പുറപ്പെടുവിച്ചേക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങള്‍ വരുന്നതിനു മുന്‍പേ സൈബര്‍ സഖാക്കള്‍ അനൌദ്യോഗിക വക്താക്കളാകുന്നതും തടയപ്പെടും.

ആകാശ് തില്ലങ്കേരി പാര്‍ട്ടിയോട് മാപ്പു പറഞ്ഞ് പോസ്റ്റിട്ടു കഴിഞ്ഞു. അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളെക്കാളും വലുതല്ല സൈബര്‍ അനുഭാവികളെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ജയരാജന്‍റെ താക്കീതും ആകാശ് തില്ലങ്കേരിയുടെ മാപ്പപേക്ഷയും.