പ്രണയം ഉറപ്പിക്കാനായി നാല് തവണ വിവാഹം ചെയ്ത ഫൈസിയും അങ്കിതയും

പ്രണയം ഒരുമിച്ചുള്ള ജീവിതം മാത്രമല്ല ഈ ദമ്പതികള്‍ക്ക്, ഒരു സന്ദേശം കൂടിയാണ്...

പ്രണയം ഉറപ്പിക്കാനായി നാല് തവണ വിവാഹം ചെയ്ത ഫൈസിയും അങ്കിതയും

പ്രണയത്തില്‍ ചിലര്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു ഒന്നിക്കുന്നു. തടസ്സം സൃഷ്ടിക്കുന്നവയെ എതിര്‍ത്തു തോല്‍പ്പിക്കുന്നതിലും ഇവര്‍ ചിലപ്പോള്‍ സന്തോഷം കണ്ടെത്തിയെന്നും വരാം.

അങ്ങനെയൊരു പ്രണയക്കഥയാണ് ഫൈസിനും അങ്കിതയ്ക്കും പറയാനുള്ളത്. ഒന്നിക്കാന്‍ വേണ്ടി ഇവര്‍ക്ക് 4 പ്രാവശ്യം വിവിധങ്ങളായ രീതിയില്‍ പരസ്പരം വിവാഹം കഴിക്കേണ്ടിവന്നു എന്നുള്ളതാണ് രസകരം. ക്ഷേത്രത്തില്‍,കോടതിയില്‍,ബീച്ചില്‍ പിന്നെ മുസ്ലീം ആചാരപ്രകാരമുള്ള നിക്കാഹും കഴിഞ്ഞാണ് ഫൈസ്-അങ്കിത ദമ്പതികള്‍ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്.

ഫൈസ് ലക്നോ സ്വദേശിയായ ഒരു മുസല്‍മാനാണ്, അങ്കിത ഡല്‍ഹിയിലെ ഒരു ഹൈന്ദവകുടുംബാംഗവും. ഐഐഎമ്മില്‍ എംബിഎ പഠിക്കുമ്പോഴാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നതും. മുസ്ലീമായ പുരുഷന്മാര്‍ക്ക് 4 പ്രാവശ്യം വരെ വിവാഹം ചെയ്യാനുള്ള അനുവാദമുണ്ടെന്ന ആശങ്കയായിരുന്നു എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായിരുന്നത്. ഒരു പക്ഷെ നിയോഗമായിരിക്കാം,ഞങ്ങളുടെ ജീവിതത്തില്‍ അത് പൂര്‍ണ്ണമായും അന്വര്‍ത്ഥമായി- ഞങ്ങള്‍ നാല് പ്രാവശ്യം വിവാഹം ചെയ്തു. അങ്കിത തന്റെ ബ്ലോഗില്‍ എഴുതി.

രണ്ട് വര്‍ഷത്തെ എംബിഎ പഠനത്തിന് ശേഷം ഇരുവര്‍ക്കും ജോലി ശരിയായി. അപ്പോള്‍ പ്രണയം വീട്ടില്‍ അറിയിക്കാനും തീരുമാനിച്ചു.പപ്പയെ ഞങ്ങളുടെ പ്രണയത്തിന്റെ ആഴം പറഞ്ഞുമനസിലാക്കാന്‍ രണ്ടു വര്ഷം കാത്തിരുന്നതാണ്. ഫലമൊന്നും ഇല്ലായെന്ന് തോന്നിയപ്പോള്‍ ഒടുവില്‍ ഫൈസ് എന്റെ വീട്ടിലെത്തി. എന്നെ വിവാഹം ചെയ്തു നല്‍കണം എന്ന ആവശ്യമുന്നയിക്കനാണ് ഫൈസ് എത്തിയത്.

എന്റെ പേര് മാറ്റാനും, നോണ്‍-വെജ് കഴിക്കാനും, ബുര്‍ഖ ധരിക്കാനും ഇസ്ലാമിക ജീവിതശൈലി പിന്തുടരാനും താന്‍ നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല എന്ന് ഫൈസ് എന്റെ മാതാപിതാക്കന്മാരോട് വിശദീകരിക്കാന്‍ ശ്രമിച്ചു. സിനിമയില്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്രയും ഡയലോഗ് കഴിയുമ്പോള്‍ പെണ്ണിന്‍റെ പിതാവ് എഴുന്നേറ്റു ഭാവിമരുമകനെ കെട്ടിപിടിക്കുമായിരുന്നു.

എന്റെ പപ്പയും സോഫയില്‍ നിന്നും എഴുന്നേറ്റു, പക്ഷെ ഫൈസിനെ കെട്ടിപ്പുണരാന്‍ ആയിരുന്നില്ല എന്ന് മാത്രം. തന്റെ വീട്ടില്‍ നിന്നിറങ്ങാന്‍ പപ്പാ ഏറ്റവും മാന്യമായ രീതിയില്‍ ഫൈസിനോട് ആവശ്യപ്പെട്ടു. പ്രണയത്തിന്റെ ആവേശം കെട്ടടങ്ങുമ്പോള്‍ ഒരു മുസല്‍മാന് ഒരേ സമയം നാല് വിവാഹം വരെ ചെയ്യാനുള്ള നിയമപരമായ അനുവാദത്തെ ഫൈസ് ഉപയോഗിക്കും എന്നായിരുന്നു പപ്പയുടെ പ്രാധാന ആശങ്ക. അതിനാല്‍ തന്നെ ഞങ്ങളുടെ ദാമ്പത്യം ശരിയായ ഒരു തീരുമാനമായി പപ്പയ്ക്ക് തോന്നിയില്ല.

ഞാന്‍ കരയുകയായിരുന്നു...രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ എന്റെ പ്രണയത്തെക്കുറിച്ചും ദാമ്പത്യത്തെകുറിച്ചും ഞാന്‍ തീരുമാനമെടുത്തിരുന്നു. അതിനു മാറ്റമുണ്ടായിരുന്നില്ല. 50 വര്‍ഷത്തെ ചിന്താഗതികള്‍ നിയന്ത്രിക്കുന്ന എന്‍റെ പപ്പയുടെ മനോഭാവത്തില്‍ മാറ്റമുണ്ടായെങ്കില്‍ എന്നു ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. ഇനിയും അവരെ പറഞ്ഞു മനസിലാക്കാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഫൈസിനൊപ്പം ഇറങ്ങിത്തിരിച്ചു.

ഒരേ സമയം 4 വിവാഹം ചെയ്യാമെന്ന അനുവാദത്തെ എല്ലാ മുസ്ലീം യുവാക്കളും ചൂഷണം ചെയ്യുമെന്ന സംശയം ദൂരീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ആദ്യം ക്ഷേത്രത്തില്‍ പോയി ഹിന്ദു ആചാരപ്രകാരം താലി ചാര്‍ത്തി വിവാഹിതരായി, പിന്നീടു കോടതിയില്‍ 2015 ഫെബ്രുവരി 18ന് നിയമപരമായി വിവാഹം റെജിസ്റ്റര്‍ ചെയ്തു. പിന്നീട് സുഹൃത്തുക്കളും ബന്ധുക്കളുമായി തങ്ങളുടെ പ്രണയത്തെ അംഗീകരിച്ചവര്‍ക്ക് മുന്‍പില്‍ ആഡംബര വിവാഹം. ഇത് നടന്നത് ഗോവയിലെ ബീച്ചില്‍ വച്ചായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചപ്പോള്‍ ഇരുവീട്ടുകാരുടെയും എതിര്‍പ്പ് മെല്ലെ കുറയാന്‍ തുടങ്ങി. അങ്ങനെ അവരുടെ ആശിര്‍വാദം നേടി പിന്നീടു മുസ്ലിം ആചാരപ്രകാരം നിക്കാഹും നടന്നു.

ഫൈസിനു ഞാന്‍ അങ്ങനെ നാല് വട്ടം മണവാട്ടിയായി. ഇനിയും ഞങ്ങളുടെ ദാമ്പത്യത്തെ ആരും 4വിവാഹത്തിന്റെ സംശയത്തോടെ നോക്കിക്കാണില്ല എന്ന് പ്രതീക്ഷിക്കാം. അങ്കിത പറയുന്നു.ഇപ്പോള്‍ കാര്യങ്ങള്‍ സന്തോഷമായി പോകുന്നു. ഇരുകൂട്ടരുടെയും കുടുംബങ്ങളും സഹകരണത്തോടെ ചേര്‍ന്നു പോകുന്നു. നാല് വിവാഹം ഞങ്ങളുടെ കാര്യത്തില്‍ ബന്ധങ്ങളെ കൂടുതല്‍ ദൃഡപ്പെടുത്തി എന്ന് സംശയമില്ലാതെ തന്നെ പറയാം!