സഖാവ് പിള്ളയും ഒരു കുപ്പിയും...

എനിക്ക് ഏതായാലും ഇതിനുള്ള ഒരു വഴിയും കിട്ടുന്നില്ല സുഹൃത്തുക്കളെ... അറിയാവുന്നവർ ഒരു വഴി പറഞ്ഞു കൊടുക്കു. ലഗേജിൽ ഇട്ടാൽ അത് പൊട്ടും. സഖാവിന്റെ മുണ്ടും ഷർട്ടും മുഴുവൻ കുപ്പിയിലെ ദ്രാവകത്തിൽ കുളിക്കും. അതേതായാലും സഖാവ് സമ്മതിക്കുമെന്ന് തോന്നുന്നില്ല! ഇനിയിപ്പോ...

സഖാവ് പിള്ളയും ഒരു കുപ്പിയും...

കർഷകതൊഴിലാളികളുടെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പത്തനാപുരത്തുനിന്നും മുൻ പഞ്ചായത്തു മെംബർ പിള്ളചേട്ടൻ വന്നിട്ടുണ്ട്. ഒരു കറകളഞ്ഞ സഖാവാണ് ഇദ്ദേഹം. നാട്ടിലെ പല കടകളിലെയും കണക്കുകൾ സെയിൽസ് ടാക്സിനെ ബോധിപ്പിക്കുന്ന ജോലി സ്വയം തൊഴിലായി സഖാവിനുണ്ട്.

വെസ്റ്റ് ബംഗാള്‍ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിന് സിബിഐ ഈയുള്ളവനെ അവരുടെ ഹെഡ് ക്വാട്ടേര്‍സില്‍ വിളിപ്പിച്ചിരിക്കുകയാണ്. ദേശീയ ശ്രദ്ധ നേടിയ വിഷയമായതിനാൽ, ഈ സമയത്ത് മാധ്യമപ്രവര്‍ത്തകരുടെയും മറ്റും ഫോണ്‍ കോളുകള്‍ വരുന്ന സമയം. അപ്പോഴാണ്‌ പിള്ളചേട്ടന്റെയും വിളി. എടാ എനിക്ക് നിന്നെ ഒന്നുകാണണം എന്നു പറഞ്ഞപ്പോള്‍ ചേട്ടൻ വരൂ ഞാൻ വീട്ടിലുണ്ട് എന്ന മറുപടിയും കൊടുത്തു.

"എടാ... അതല്ല വിഷയം, ഞാൻ മുണ്ടും ഷർട്ടുമാണ് ഇട്ടേക്കുന്നെ. എനിക്ക് പാന്റ്സ് ഒന്നുമില്ല." പിള്ള ചേട്ടന്‍ തന്‍റെ വിഷമം പറഞ്ഞു.

"ചേട്ടൻ ധൈര്യമായിട്ട് വാ. അതൊന്നും ഒരു പ്രശ്നമല്ല... ഇങ്ങു പോരെ..."

"ഇല്ല, ഞാൻ വരുന്നില്ല മുണ്ടുടുത്ത് ഏതായാലും ഞാന്‍ അങ്ങോട്ടേക്കൊന്നും ഏതായാലും ഇല്ല... മുണ്ട് മാറി പാന്റ്സിടാനും വയ്യ!" പിള്ള വാശിയിലാണ്.

ഈയുള്ളവൻ നിരാശയിലായി. ഇനിയെന്തു പറയും സഖാവിനോട്?

"എടാ ഒരുകാര്യം ചോദിക്കട്ടെ ഒരു കുപ്പി മേടിച്ചിട്ടുണ്ട് ഈ സാധനം വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുമോ?

"എന്‍റെ ചേട്ടാ അതൊന്നും നടക്കില്ല അവര് തടയും. ഉറപ്പ്..."

"പിന്നെ ഇതു ഞാൻ എന്തുചെയ്യും നീ ഒരുവഴി പറഞ്ഞതാ..."

അകെ പെട്ടു!!! സിബിഐയുടെ ചോദ്യം ചെയ്യല്‍ കുറഞ്ഞത്‌ അഞ്ചു മണിക്കൂറെങ്കിലും കാണുമെന്നു എനിക്കറിയാം. ശീലമായതാണല്ലോ. അതിനേക്കാളും വലിയ പ്രശ്നമായി ഇപ്പോള്‍ മുന്നില്‍ ഉള്ളത് പിള്ളയ്ക്ക് കുപ്പി നാട്ടിൽ കൊണ്ടുപോകാനുള്ള ബുദ്ധി എന്തു പറഞ്ഞു കൊടുക്കും എന്നുള്ളതായി മാറി.

"ചേട്ടാ..ഒരു കാര്യം ചെയ്യ്! അത് ഇവിടെ വച്ചുതന്നെ കുടിച്ചു കാലിയാക്ക്... അതാ ബുദ്ധി!"

"വളരെ ആശിച്ചു മോഹിച്ച ഈ സാധനം ഇവിടെവച്ചു കാലിയാക്കിയിട്ട് എന്തു ചെയ്യാനാ? ഇത് നാട്ടില്‍ കൊണ്ടുപോയി, ഒരു വെടിവട്ടം ഒക്കെ കൂടി... കുപ്പി കാലിയാക്കുന്ന സുഖമൊന്നും ഇവിടെ കിട്ടില്ലെല്ലോ? തന്നെയുമല്ല, ഇതവിടെ നാട്ടില്‍ കിട്ടില്ല. കിട്ടിയാല്‍ തന്നെ അന്യായ വിലയുമാകും. മനുഷ്യചങ്ങല പോലുള്ള ക്യു നിന്നു ഭാഗ്യം പരീക്ഷിക്കുകയും വേണം..."

"സാരമില്ല ചേട്ടാ... ഏതായാലും അത് നാട്ടില്‍ കൊണ്ടുപോകുന്നതിലും എളുപ്പമല്ലേ..."

"നീ പോയിപണി നോക്കെടാ... കളയാനോ? എടാ പത്തനാപുരത്തും പുനലൂരും കുന്നിക്കോടും അടൂരും ബെവ്കോ ഔട്ട്‌ലെറ്റ് പൂട്ടി. ഇനിയിപ്പോള്‍ നൂറു കിലോമീറ്ററാറോളും ബൈക്കും ഓടിച്ചുപോകണം സാധനം കിട്ടണമെങ്കില്‍. രാവിലെ ഒമ്പതു മണിക്ക് ക്യു നിന്നാല്‍ മൂന്നു മണിക്ക് സാധനം കിട്ടിയാലായി. മൂത്രശങ്കയ്ക്കു പോലും ക്യൂവില്‍ നിന്നു മാറിയാല്‍ അന്ന് സാധനം കിട്ടുമെന്നു പോലും ഉറപ്പില്ല. പണ്ടത്തേക്കാള്‍ നാലിരട്ടി പണച്ചെലവും ഒരു ദിവസത്തെ മിനക്കേടും. എന്നിട്ടാണ് എന്നോട് ഇത് കളഞ്ഞേക്കാന്‍ അവന്‍ എളുപ്പത്തില്‍ പറയുന്നത്.

എനിക്കുറപ്പാ... വിമാനത്തേല്‍ ഈ സാധനം കൊണ്ടുപോകാന്‍ ഇത്രയും പാടുണ്ടാകില്ല... പറ്റുമെങ്കില്‍ നീ അതിനുള്ള വഴി പറഞ്ഞു തരാന്‍ നോക്ക്!" എനിക്ക് ഏതായാലും ഇതിനുള്ള ഒരു വഴിയും കിട്ടുന്നില്ല സുഹൃത്തുക്കളെ... അറിയാവുന്നവർ ഒരു വഴി പറഞ്ഞു കൊടുക്കു. ലഗേജിൽ ഇട്ടാൽ അത് പൊട്ടും. സഖാവിന്റെ മുണ്ടും ഷർട്ടും മുഴുവൻ കുപ്പിയിലെ ദ്രാവകത്തിൽ കുളിക്കും. അതേതായാലും സഖാവ് സമ്മതിക്കുമെന്ന് തോന്നുന്നില്ല! ഇനിയിപ്പോ...