കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെപ്പറ്റി പറയേണ്ട; ഉട്ടോപ്പ്യ സാങ്കല്പികവുമല്ല; സ്പെയിനിലെ 'കമ്യൂണിസ്റ്റ് ഉട്ടോപ്യ'യെ അറിയുക !

കമ്യൂണിസം അസാധ്യമാണെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം അസാധ്യമെന്നും പ്രചരിപ്പിക്കുന്ന ബൂർഷ്വകള്‍ അറിയുക- സ്പെയിനിലെ മരീനലെഡ, കമ്യൂണിസം സാധ്യമാക്കിയിരിക്കുന്നു- നേതാവ് ഗോര്‍ഡില്ല പാര്‍ട്ടി അംഗമല്ല! ഇപ്പോള്‍ 'കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ' എന്നറിയപ്പെടുന്ന മരീനലെഡ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെപ്പറ്റി പ്രസംഗിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെപ്പറ്റി പറയേണ്ട; ഉട്ടോപ്പ്യ സാങ്കല്പികവുമല്ല; സ്പെയിനിലെ കമ്യൂണിസ്റ്റ് ഉട്ടോപ്യയെ അറിയുക !

രണ്ടായിരത്തി പന്ത്രണ്ട് ഓഗസ്റ്റിലായിരുന്നു സ്‌പെയിനിലെ സെവിയ്യ, കേഡിസ് എന്നീ നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആ വലിയ കൊള്ള നടന്നത്. മരീനാലെഡ എന്ന ചെറു പട്ടണത്തിന്റെ മേയര്‍ യുവാന്‍ മാനുവേല്‍ സാഞ്ചസ് ഗോര്‍ഡില്ലോയും അവിടത്തെ കര്‍ഷകത്തൊഴിലാളികളും ചേര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിക്കുകയായിരുന്നു. അവര്‍ അതെല്ലാം പട്ടിണിയും പരവശവുമായി കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കു നൽകി. ബാക്കി വന്നവ ഫുഡ് ബാങ്കിലും വിതരണം ചെയ്തു. അതോടെ ആ മേയര്‍ക്കു 'സ്പാനിഷ് റോബിന്‍ഹുഡ്' എന്ന പേരും ചാര്‍ത്തിക്കിട്ടി.

അത്രയ്ക്കു കഷ്ടപ്പാടായിരുന്നു മരീനാലെഡ എന്ന പട്ടണവാസികള്‍ക്ക്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം വീര്‍പ്പുമുട്ടുകയായിരുന്നു ആ പട്ടണം.


1970 കളില്‍ 60 ശതമാനം തൊഴിലില്ലായ്മയും സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകരും കൊണ്ട് സ്‌പെയിലിലെ ഏറ്റവും ദരിദ്രമായ പ്രദേശമെന്ന പേരു കേട്ടിരുന്നു മരീനാലെഡ സ്ഥിതി ചെയ്യുന്ന അന്ഡലൂഷ്യ എന്ന ഭൂവിഭാഗം.

ചരിത്രാദ്ധ്യാപകനായിരുന്നു ഗോര്‍ഡില്ലോ. 1979 ലാണു ഗോര്‍ഡില്ലോ മരീനാലെഡയുടെ മേയര്‍ ആയി ചുമതലയേല്‍ക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അദ്ദേഹം മരീനാലെഡയെ സ്വയംപര്യാപ്തതയിലേയ്‌ക്കെത്തിച്ചു. അന്ഡലൂഷ്യയില്‍ നിലവില്‍ 37 ശതമാനം തൊഴിലില്ലായ്മ ഉണ്ടെങ്കിലും മരീനാലെഡയില്‍ തൊഴിലില്ലാത്ത ആരുമില്ല എന്നതാണു പുതിയ യാഥാര്‍ഥ്യം.

സഹകരണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങി എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കി. ഇപ്പോള്‍ മരീനാലെഡയിലെ പൗരന്മാര്‍ക്കു മാസം 1600 ഡോളര്‍ വീതം തുല്യവേതനം ലഭിക്കും. സൗജന്യമായി വീട് നിർമ്മിക്കാന്‍ സാധിക്കും. അതിനുള്ള സാധനങ്ങളും പണിക്കാരേയും ടൗണ്‍ നല്‍കും. മാസം 19 ഡോളര്‍ വീതം തിരിച്ചടച്ചാല്‍ മതി. വീട് സ്വകാര്യലാഭത്തിനായി വില്‍ക്കരുത് എന്നു മാത്രമേയുള്ളൂ.

വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഉദാഹരണമായി മാറി മരീനലെഡ. 'നാം നമ്മുടെ മൂല്യങ്ങളെക്കുറിച്ചു പുനര്‍ചിന്തിക്കണം, ഉപയോക്തസമൂഹം, സ്വാര്‍ഥത, വ്യക്തിമഹാത്മ്യം എന്നിവയെല്ലാം. മരീനലെഡ ഒരു ചെറിയ ഉദാഹരണമാണ്. ലോകം മുഴുവനും ഈ ഉദാഹരണം പരക്കണം,' ഗോര്‍ഡില്ലോ പറയുന്നു.

ചെഗുവേരയുടെ ഛായാചിത്രമാണു മോയര്‍ ഗോര്‍ഡില്ലോയുടെ ഓഫീസില്‍ തൂക്കിയിരിക്കുന്നത്. ഒരു കാലത്ത് മരീനലെഡയിലെ ജനങ്ങള്‍ ജര്‍മ്മനിയിലേക്കോ ഫ്രാന്‍സിലേക്കോ പോയി കുറച്ചു മാസങ്ങൾ ജോലി ചെയ്യുമായിരുന്നു. ബാക്കി സമയമെല്ലാം തൊഴില്‍രഹിതര്‍. ദാരിദ്ര്യം. അവിടെ നിന്നുമാണ് ഗോര്‍ഡില്ലോ ഈ നിലയിലേയ്ക്കു മരീനലെഡയെ എത്തിച്ചത്.

ഇപ്പോള്‍ 'കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ' എന്നറിയപ്പെടുന്ന മരീനലെഡ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെപ്പറ്റി പ്രസംഗിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്. പൊലീസില്ലാത്ത നാട്, എല്ലാവര്‍ക്കും തൊഴിലും വീടും, തുല്യവരുമാനം, ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഭരണകൂടം എന്നിങ്ങനെ ഉട്ടോപ്യ എന്നു പരിഹസിക്കാന്‍ പോന്ന എല്ലാം മരീനലെഡയില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്.

'ഞാന്‍ ഒരിക്കലും അരിവാളും ചുറ്റികയുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നിട്ടില്ല. പക്ഷേ, ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്. ഉട്ടോപ്യ എന്നാല്‍ മിഥ്യാസങ്കല്‍പ്പമല്ല. അത് ജനങ്ങളുടെ ഏറ്റവും മികച്ച സ്വപ്‌നമാണ്.. ഏകത്വത്തിന്റെ സ്വപ്നം!. വീട് എല്ലാവര്‍ക്കും ഉള്ളതാണ്; എല്ലാവരും മനുഷ്യരാണ്. പ്രകൃതിവിഭവങ്ങള്‍ ഏതെങ്കിലും കുത്തക കച്ചവടക്കാരുടെ വില്‍പ്പനച്ചരക്കല്ലെന്നുമുള്ള സങ്കല്പം.യാഥാര്‍ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നങ്ങളാണവ..' - ഗോര്‍ഡില്ലോ പറയുന്നു.

'മറ്റൊരു ലോകം സാധ്യമാണ്' എന്നാണു മരീനലെഡ ടൗണ്‍ ഹാളില്‍ കുറിച്ചിട്ടിരിക്കുന്നത്. ഗോര്‍ഡില്ലോ അത് യാഥാര്‍ഥ്യമാക്കി എന്നു മാത്രം.