വരള്‍ച്ച ദാരുണം: ദാഹിച്ചു വലഞ്ഞ രാജവെമ്പാല കുപ്പിവെള്ളം തേടിയെത്തി

പാമ്പ് വെള്ളം കുടിച്ച ശേഷം അതിന്റെ ദേഹം തണുക്കാനായി തലയിലൂടെ വെള്ളമൊഴിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.

വരള്‍ച്ച ദാരുണം: ദാഹിച്ചു വലഞ്ഞ രാജവെമ്പാല കുപ്പിവെള്ളം തേടിയെത്തി

വേനല്‍ച്ചൂട് അതിന്റെ ഏറ്റവുമുയര്‍ന്ന നിലയിലെത്തിയപ്പോള്‍ ലോകം അത്യപൂര്‍വ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. പൊതുവേ മനുഷ്യ സമ്പര്‍ക്കം പുലര്‍ത്താത്ത കൊടും വിഷമുള്ള രാജവെമ്പാല ദാഹിച്ച് വലഞ്ഞെത്തി മനുഷ്യരുടെ കൈയില്‍ നിന്ന് കുപ്പിവെള്ളം കുടിച്ച സംഭവമാണ് ഇതിലൊടുവിലത്തേത്.


കര്‍ണാടകയിലെ കെയ്ഗ ഗ്രാമത്തിലാണ് സംഭവം. ദാഹിച്ച് വലഞ്ഞ് വെള്ളം കുടിക്കാന്‍ രാജവെമ്പാല പുഴക്കരയിലെത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം കിട്ടാതെ തിരിച്ചുപോകുന്ന വഴി വന്യജീവി വെള്ളക്കുപ്പിയുമായി നില്‍ക്കുന്ന വന്യജീവി സംരക്ഷകനെ കാണുന്ന പാമ്പ് സമീപത്തേക്ക് വരികയും അയാള്‍ ഒഴിച്ചുകൊടുത്ത വെള്ളം കുടിക്കുകയുമാണ് ചെയ്തതെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പാമ്പ് ആക്രമിക്കാനുള്ള സാധ്യത ഒഴിവാക്കാനായി ഒരാള്‍ അതിന്റെ വാലില്‍ ചവിട്ടിപ്പിടിച്ച നിലയിലാണ് വെള്ളം കൊടുക്കുന്നത്. വായോട് ചേര്‍ത്തുകൊടുക്കുന്ന വെള്ളം പാമ്പ് കുടിച്ച ശേഷം അതിന്റെ ദേഹം തണുക്കാനായി തലയിലൂടെ വെള്ളമൊഴിച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പിന് വെള്ളം കൊടുത്ത വന്യജീവി സ്‌നേഹികളുടെ നടപടിയെ ആവോളം പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങള്‍. രാജവെമ്പാലയെ പീന്നീട് വനം വകുപ്പിന് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.