ചുമടുതാങ്ങി വളരുകയാണ്,മാനവീയം വീഥിക്കുമപ്പുറത്തേക്ക്

മൂന്നു പേരിൽ തുടങ്ങിയ ചുമടുതാങ്ങി ഇപ്പോൾ നാലും കടന്ന്‌ ഒമ്പതു പേരുടെ ഒരു വലിയ ബാൻഡ് ആയി മാറാൻ പോവുകയാണ്. ചുമടുതാങ്ങി എന്ന പേരിനു പിന്നിലുമുണ്ട് ചില കൗതുകങ്ങൾ. പാളയം സ്പെൻസറിലുള്ള ചുമടുതാങ്ങിക്കു സമീപത്തായിരുന്നു ആദ്യകാലങ്ങളിൽ ഇവർ തങ്ങളുടെ ചെറിയ മ്യൂസിക് ഷോകൾ അവതരിപ്പിച്ചിരുന്നത്. പിന്നീട് ഇതൊരു ബാൻഡ് ആക്കി മാറ്റണം എന്നാഗ്രഹമുദിച്ചപ്പോൾ ഒരു പേരിനായി കുറെ തിരഞ്ഞു. ഒടുവിൽ തങ്ങൾ ചുവടുവച്ചു തുടങ്ങിയ ചുമടുതാങ്ങിയുടെ പേര് തന്നെ ഇവർ ബാൻഡിന് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു.

ചുമടുതാങ്ങി വളരുകയാണ്,മാനവീയം വീഥിക്കുമപ്പുറത്തേക്ക്

യൂണിവേഴ്സിറ്റി കോളേജിലെ രണ്ടു പേരുടെ സൗഹൃദം, യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിലെ അവരുടെ ഒത്തുചേരലുകൾക്കിടയിൽ പാടിയ പാട്ടുകൾ,രണ്ടിൽ നിന്നും മൂന്നായി മാറി ഒരു കുഞ്ഞു ബാൻഡിന്റെ ഉദയം...ചുമടുതാങ്ങി ഉണ്ടായത് ഇങ്ങനെയൊക്കെയായിരുന്നു. സഫീർ,ജിഷ്ണു,അക്ഷയ് എന്നീ മൂന്നു സുഹൃത്തുക്കളുടെ സൗഹൃദത്തിനുള്ളിൽ നിന്നുണ്ടായ ചുമടുതാങ്ങി എന്ന മ്യൂസിക് ബാൻഡിന്റെ വളർച്ച ഇന്ന് ഒമർ ലുലുവിന്റെ പുതിയ ചിത്രം ഒരു അഡാർ ലവ് വരെയെത്തി നിൽക്കുകയാണ്.

"അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു പഴയ മാപ്പിളപ്പാട്ടാണ് 'മാണിക്യ മലരായ പൂവി' എന്ന ഗാനം. കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞങ്ങൾ മൂന്നു പേരും കൂടി ഇരുന്ന് ആ പാട്ടു പാടി കവർ ചെയ്ത് ചുമടുതാങ്ങി മ്യൂസിക് ബാൻഡിന്റെ ഒഫീഷ്യൽ പേജിലിട്ടു. അവിടന്നാണ്‌ ഒമർ ലുലു ഇത് കാണുന്നത്. ആൾ ഞങ്ങളുടെ ഫേസ്ബുക് സുഹൃത്തായിരുന്നു. പാട്ടു കണ്ട് ഒമറിക്കാക്ക് നല്ല ഇഷ്ട്ടമായി. ആളുടെ കുടുംബത്തിലെ ഒരു കല്യാണപരിപാടിയിൽ ഞങ്ങളുടെ ബാൻഡിന് പാടാൻ അവസരമൊക്കെ തന്നു.അന്നേ പറഞ്ഞിരുന്നു പുതിയ ചിത്രത്തിൽ ഈ പാട്ട് ഉൾപ്പെടുത്തും എന്ന്. എന്നിട്ട് പുള്ളി അതിന്റെ കോപ്പി റൈറ്റ് ഒക്കെ വാങ്ങിയിട്ടാണ് സിനിമക്ക് വേണ്ടി എടുത്തത്. ഷാൻ റഹ്മാൻ ആണ് റീകമ്പോസ്‌ ചെയ്തത്. . ഞങ്ങൾ അന്ന് ചെയ്ത അതേ സ്റ്റൈലിൽ തന്നെയാണ് സിനിമയിലും പാട്ട് ചെയ്തിട്ടുള്ളത്. വിനീത് ശ്രീനിവാസൻ ആണ് പാടിയിരിക്കുന്നത്. ഞങ്ങൾ അതിന്റെ വിഷ്വലിൽ അഭിനയിച്ചിട്ടുണ്ട് എന്നെ ഉള്ളൂ.സിനിമയിൽ ആദ്യത്തെ ഷൂട്ട് ആ പാട്ടിന്റേതായിരുന്നു." സഫീർ പറയുന്നു.

മൂന്നു പേരിൽ തുടങ്ങിയ ചുമടുതാങ്ങി ഇപ്പോൾ നാലും കടന്ന്‌ ഒമ്പതു പേരുടെ ഒരു വലിയ ബാൻഡ് ആയി മാറാൻ പോവുകയാണ്. ചുമടുതാങ്ങി എന്ന പേരിനു പിന്നിലുമുണ്ട് ചില കൗതുകങ്ങൾ. പാളയം സ്പെൻസറിലുള്ള ചുമടുതാങ്ങിക്കു സമീപത്തായിരുന്നു ആദ്യകാലങ്ങളിൽ ഇവർ തങ്ങളുടെ ചെറിയ മ്യൂസിക് ഷോകൾ അവതരിപ്പിച്ചിരുന്നത്. പിന്നീട് ഇതൊരു ബാൻഡ് ആക്കി മാറ്റണം എന്നാഗ്രഹമുദിച്ചപ്പോൾ ഒരു പേരിനായി കുറെ തിരഞ്ഞു. ഒടുവിൽ തങ്ങൾ ചുവടുവച്ചു തുടങ്ങിയ ചുമടുതാങ്ങിയുടെ പേര് തന്നെ ഇവർ ബാൻഡിന് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു.

ചുമടുതാങ്ങിക്കവലയിലും മാനവീയം വീഥിയിലുമൊക്കെയായി പാട്ടുപാടി നടന്ന ആ മൂവർ സംഘം ഇന്ന് കേരളത്തിൽ അറിയപ്പെടുന്നൊരു മ്യൂസിക് ബാൻഡ് ആണ്. ചുമടുമായി വരുന്നവർക്ക് താങ്ങാവുന്ന ചുമടുതാങ്ങിയെപ്പോലെ ഈ ചുമടുതാങ്ങിയും പാവങ്ങൾക്ക് കൈത്താങ്ങാണ്. തങ്ങളുടെ ബാൻഡിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരുഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവച്ചുകൊണ്ടാണ് ചുമടുതാങ്ങി തങ്ങളുടെ പേരിനെ അന്വർത്ഥമാക്കുന്നത്.

"ചങ്ക്‌സിന്റെ പ്രോമോ സോങ്ങിന്റെ മ്യൂസിക് ഡയറക്ഷൻ ചെയ്ത ജുബൈർ മുഹമ്മദ് ആണ് മാണിക്യമലരായ പൂവി സോങ്ങിൽ ഞങ്ങൾക്കൊപ്പം ഉള്ളത്. പുള്ളിക്കാരനും ഇനി മുതൽ ചുമടുതാങ്ങിയുടെ ഭാഗമാണ്. ആളുടെ സിനിമയിൽ ഞാനും ഹരിചരണും ചേർന്ന് ഒരു പാട്ട് പാടിയിട്ടുണ്ട്.വൈകാതെ മോജോ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചുമടുതാങ്ങി.പണ്ട് ചുമടുതാങ്ങിയുടെ കീഴിൽ മൂന്നു പേരിരുന്നു ചുമ്മാ പാടിത്തുടങ്ങിയതാണ്.ഇന്നിതാ ഇവിടം വരെ എത്തി നിൽക്കുന്നു." സഫീർ കൂട്ടിച്ചേർത്തു.

സഫീറും അക്ഷയും സംഗീതും ഒന്നും പാട്ടോ സംഗീത ഉപകരണങ്ങളോ ശാസ്ത്രീയമായി പഠിച്ചവരല്ല. താല്പര്യവും യൂട്യൂബ് വീഡിയോകൾ കണ്ടുള്ള പരിചയവും മാത്രമായിരുന്നു ഇവരുടെ കൈമുതൽ. ചുമടുതാങ്ങി കൂടുതൽ വലുതാവുന്നതോടെ സഫീർ വോക്കലിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഹോസ്റ്റൽ മുറിയിലെ കൂട്ടുചേർന്നുള്ള പാട്ടുകാർക്ക് ചുമടുതാങ്ങി തീർച്ചയായും ഒരു പ്രചോദനമാണ്.

Read More >>