ചക്ക് ബെറി: ഒരു റോക്ക് ആന്റ് റോൾ ജീവിതം

സംഗീതവും നടനവും മാത്രമല്ല ചക്ക് ബെറിയുടെ സംഭാവനകൾ. ജീവിതത്തിനെ ആസ്വദിക്കുന്ന രീതിയും അദ്ദേഹം തന്റെ ഗാനങ്ങളിലൂടെ ആവിഷ്കരിച്ചു. ഗോത്രസംസ്കാരത്തിന്റെ സംഗീതം അദ്ദേഹം ആധുനിക ലോകത്തിലേയ്ക്ക് കൊണ്ടുവന്നു. ശരീരം മുഴുവനും താളം നിറഞ്ഞ് അദ്ദേഹം പാടുമ്പോൾ ജീവിതത്തിന്റെ ആഘോഷം മുഴുവൻ പുറത്തെടുക്കുന്നു.

ചക്ക് ബെറി: ഒരു റോക്ക് ആന്റ് റോൾ ജീവിതം

ചക്ക് ബെറി ഇല്ലായിരുന്നെങ്കിൽ ബീറ്റിൽസും റോളിംഗ് സ്റ്റോൺസും ബോബ് ഡിലനും ഉണ്ടാവില്ലായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. റോക്ക് ആന്റ് റോൾ എന്ന സങ്കേതത്തിന്റെ ഉപജ്ഞാതാവായ ചക്ക് ബെറി ഒരു പുതിയ സംഗീതസംസ്കാരത്തിന് തന്നെ രൂപം നൽകി. മൈക്കിന് മുന്നിൽ ഗിറ്റാറുമായി അറ്റൻഷനായി നിന്ന് പാടുന്ന രീതി മാറ്റി ശരീരം മുഴുവനും ഉപയോഗിച്ച് വേദിയെ ചലനാത്മകമാക്കുകയായിരുന്നു അദ്ദേഹം. അന്ന് വരെ കേട്ടിട്ടില്ലാത്ത 'മൂവിംഗ് മ്യൂസിക്' സംസ്കാരത്തിന്റെ തിരശ്ശീല ഉയർത്തുകയായിരുന്നു ബെറി.

സംഗീതവും നടനവും മാത്രമല്ല ചക്ക് ബെറിയുടെ സംഭാവനകൾ. ജീവിതത്തിനെ ആസ്വദിക്കുന്ന രീതിയും അദ്ദേഹം തന്റെ ഗാനങ്ങളിലൂടെ ആവിഷ്കരിച്ചു. ഗോത്രസംസ്കാരത്തിന്റെ സംഗീതം അദ്ദേഹം ആധുനിക ലോകത്തിലേയ്ക്ക് കൊണ്ടുവന്നു. ശരീരം മുഴുവനും താളം നിറഞ്ഞ് അദ്ദേഹം പാടുമ്പോൾ ജീവിതത്തിന്റെ ആഘോഷം മുഴുവൻ പുറത്തെടുക്കുന്നു.

എൽ വിസ് പ്രസ് ലീ പോലും ചക്ക് ബെറിയുടെ ഉൽപ്പന്നം ആയിരുന്നെന്ന് അറിയുമ്പോഴാണ് സംഗീതലോകത്ത് അദ്ദേഹം വരുത്തിയ മാറ്റത്തിന്റെ ആഴം മനസ്സിലാകുക. കറുത്തവനായ ചക്ക് ബെറിയുടെ വെളുത്ത രൂപമായിരുന്നു പ്രസ് ലി. ബെറി ജയിലിൽ ആയിരുന്ന സമയത്താണ് പ്രസ് ലി തരംഗമായതെന്ന് പറഞ്ഞാലും തെറ്റില്ല. പ്രസ് ലി റോക്ക് ആന്റ് റോളിന്റെ രാജാവായിരുന്നെങ്കിൽ ചക്ക് ബെറി അതിന്റെ പിതാവായിരുന്നു.

ചക്ക് ബെറിയുടെ രാഷ്ട്രീയം തെളിഞ്ഞതായിരുന്നു. ബോബ് മാർലിയെപ്പോലെ വിപ്ലവകാരി ആയിരുന്നില്ല ബെറി. റഫ്തഫാരി മൂവ്മെന്റിന്റെ ഭാഗമായിരുന്ന മാർലി തന്റെ സംഗീതം ഉപയോഗിച്ചത് കലാപത്തിനായിരുന്നു. എന്നാൽ ബെറിയുടെ സംഗീതം വരുന്നത് അടിച്ചമർത്തലിൽ നിന്നുമുള്ള കുതറിച്ചാട്ടമായിട്ടായിരുന്നു. ജീവിതം ആഘോഷിക്കുക എന്നത് തന്നെയായിരുന്നു ചക്ക് ബെറിയുടെ വിപ്ലവം.

90 വയസ്സ് വരെ ജീവിച്ച അദ്ദേഹം മരണം വരെയും ഒരു 'പെർഫോർമർ' തന്നെയായിരുന്നു. ജീവിതത്തിനോടുള്ള അദ്ദേഹത്തിന്റെ നിലപാട് അങ്ങിനെയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു റോക്ക് ആന്റ് റോൾ ജീവിതം. റോൾ ഓവർ ബിഥോവൻ എന്ന ഗാനത്തിലൂടെ വലിയൊരു പ്രഖ്യാപനം നടത്തുകയായിരുന്നു ബെറി. പഴയ സംഗീതം ഇനി പറ്റില്ലെന്നും പുതിയ കാലത്തിന്റെ താളം വരണമെന്നും പറയുകയായിരുന്നു അദ്ദേഹം ആ ഗാനത്തിലൂടെ.

ഗിറ്റാർ നോട്ടുകളിൽ മാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കിലും അത് ഉപയോഗിക്കുന്ന വിധത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത ചലനങ്ങളും താളവും അദ്ദേഹം പരീക്ഷിച്ചു, അത് വൻ വിജയമായി. ഗാനരചനയിലും ബെറി വ്യത്യസ്തമായ ശൈലി കൊണ്ടു വന്നിരുന്നു. കറുത്ത വർഗ്ഗക്കാരുടെ നാടൻ പാട്ടുകളെ ഉചിതമായ വരികളിൽ ലയിപ്പിച്ച് അദ്ദേഹം പുതിയ അനുഭവങ്ങൾ നൽകി.

Story by