ചരിത്രത്തില്‍ പതിഞ്ഞ ആ ചിത്രനിമിഷം: ഈ ഫോട്ടോയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു

സമരവും പ്രതിരോധവും ആക്ഷനിട്ട ഇത്തവണത്തെ സംസ്ഥാന മാധ്യമ പുരസ്‌ക്കാരം നേടിയ ഫോട്ടോയിലെ കഥാപാത്രങ്ങളാണവര്‍- മുന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും എസ്എഫ്‌ഐ ജില്ലാക്കമ്മറ്റി അംഗം റിബിന്‍ കൃഷ്ണയും നടക്കാവ് എസ്.ഐ ജി. ഗോപകുമാറും. ഇവിടെ മൂവരും ഒന്നിക്കുന്നു, ആ നിമിഷം ഓര്‍ക്കുന്നു

ചരിത്രത്തില്‍ പതിഞ്ഞ ആ ചിത്രനിമിഷം: ഈ ഫോട്ടോയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു

സമരം, പൊലീസ്, മന്ത്രി, സ്വര്‍ണ്ണക്കപ്പ്, കരിങ്കൊടി- എന്നിവയുടെ അത്യപൂര്‍വ്വമായ ഒരു ഒത്തു ചേരലിന്റെ ആകസ്മികത ഒരു ചിത്രത്തില്‍ ഒത്തുചേരുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ മികച്ച ന്യൂസ് ഫോട്ടോയ്ക്കുള്ള സംസ്ഥാന മാധ്യമ അവാര്‍ഡ് നേടിയ 'കപ്പിനും മന്ത്രിക്കും ഇടയില്‍' എന്ന ചിത്രത്തിനാണ് ആ ഭാഗ്യമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തിന്റെ സമാപന വേദിയില്‍ നിന്നും പകര്‍ത്തിയതാണ് ചിത്രം. മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുലാണ് ഈ ചിത്രത്തിലൂടെ പുരസ്‌കാരം നേടിയത്. ക്ലിക്ക് ചെയ്ത നിമിഷത്തിന് അപ്പുറമോ, ഇപ്പുറമോ ഒരു ചിത്രമല്ലാതിയി മാറുന്ന ആ ഫോട്ടോ ന്യൂസ് ഫോട്ടോഗ്രഫിയുടെ മുഖചിത്രവുമാണ്. നാരദ ആ ചിത്രത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ ഒരിക്കല്‍ കൂടി ഒന്നിപ്പിക്കുന്നു- ആ നിമിഷത്തെക്കുറിച്ച് അവര്‍ പറയട്ടെ:


(

പേടിച്ചില്ല, പ്രസംഗം നിര്‍ത്തിയില്ല:
മുന്‍ മന്ത്രി അബ്ദുറബ്ബ്

കോഴിക്കോട് കലോത്സവം പരാതിയും പരിഭവവുമില്ലാതെ എല്ലാ ദിവസവും നല്ല നിലയില്‍ നടന്നു. സമാപന സമ്മേളനവും ട്രോഫി വിതരണവുമാണ് ആ ചടങ്ങില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ രംഗത്തുള്ളവരടക്കമുള്ള കലാകാരന്മാരടക്കം ആ വേദിയില്‍ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിന്റെ അദ്ധ്യക്ഷപ്രസംഗം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ജനകൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ഒറ്റ ചാട്ടത്തിന് സ്റ്റേജില്‍ കയറി. കമ്മീഷണര്‍ ആ സമയം അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡ്യുട്ടിയില്‍ ഉണ്ടായുരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പാഞ്ഞ്കയറിയ ആളെ പിടിച്ചുമാറ്റിയതോടെ പരിപാടികള്‍ മുടങ്ങാതെ നടത്താന്‍ സാധിച്ചു. ഇത്തരത്തില്‍ കരിങ്കൊടി കാണിക്കുമെന്ന് സൂചന എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ, അത്തരത്തില്‍ പേടിക്കുകയോ, പ്രസംഗം നിര്‍ത്തുകയോ ചെയ്തില്ല. നമ്മള്‍ പരിപാടിയുമായി മുന്നോട്ട് പോയി. പിന്നെ അവരെ അറസ്റ്റ് ചെയ്ത് അവിടെ നിന്നും മാറ്റി. കലോത്സവുമായി ബന്ധപ്പെട്ടല്ല അവര്‍ കരിങ്കൊടി കാട്ടിയത്. ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പറയുന്നതുപോലെ എന്ത് ചെയ്താലും ഉത്തരവാദി വിദ്യാഭ്യാസ മന്ത്രി എന്നുള്ള രീതിയില്‍ എല്ലാ സ്ഥലങ്ങളിലും കരിങ്കൊടി കാണിക്കലും കല്ലേറുകളും നടത്തിയവരാണ് കലോത്സവം അലങ്കോലമാക്കാന്‍ ശ്രമിച്ചത്. പക്ഷെ, ജനങ്ങള്‍ ഒറ്റക്കെട്ടായി അതിന് എതിരെ നിന്നു എന്നുള്ളത് വലിയ വിജയം. ഒരു ചെറിയ അനക്കം വേദിയില്‍ നിന്നോ സദസ്സില്‍ നിന്നോ ഉണ്ടായില്ല . എല്ലാവരും നല്ല രീതിയില്‍ പരിപാടികള്‍ വീക്ഷിക്കുകയും ചെയ്തു.

തിരൂരങ്ങാടി എംഎല്‍എയാണ് അബ്ദുറബ്ബ് ഇപ്പോള്‍


കപ്പിന്റെ ചെവി കാക്കാന്‍ സ്റ്റേജിലെത്തി:

ജി. ഗോപകുമാര്‍

ജോസി ചെറിയാന്‍ സാറായിരുന്നു അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍. അന്ന് ചെറിയ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന ഞങ്ങള്‍ക്ക് ഊഹം ഉണ്ടായിരുന്നു. കൂടാതെ സ്വര്‍ണ്ണകപ്പ് ആ വേദിയില്‍ ഉണ്ടായിരുന്നു. കപ്പ് പ്രത്യേകം നോക്കണം അതുകൊണ്ട് നീ സ്റ്റേജില്‍ നില്‍ക്കണം. ആരും കപ്പില്‍ തൊടാന്‍ അനുവദിക്കരുത്. അതിന്റെ കാത് ഒടിച്ചുകൊണ്ടുപോകാനിടയുണ്ട്. മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നോക്കിക്കോണമെന്ന് കമ്മീഷണര്‍ എന്നോട് പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഞാന്‍ താഴത്തെ നില്‍ക്കുമായിരുന്നുള്ളു. ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രിയും സമാപന സമ്മേളനം പ്രതിപക്ഷനേതാവാണ് എല്ലാവര്‍ഷവും ഉദ്ഘാടനം ചെയ്യുന്നത്. അന്ന് വി എസ് അച്യുതാനന്ദന്‍ മറ്റൊരു പരിപാടിയില്‍ പോകേണ്ടി വന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം പ്രസംഗത്തിനായി എഴുന്നേറ്റതും സ്റ്റേജിന്റെ മുന്നില്‍ കുറെ ആളുകള്‍ കരിങ്കൊടിയും ബാനറുകളും മുദ്രാവാക്യം വിളിയുമായി എത്തി. പോലീസ് അവരെ പിടിച്ച് മാറ്റുകയും ചെയ്തു. രണ്ട് സൈഡില്‍ കൂടി ആണ്‍കുട്ടികളും പെണ്‍കുട്ടികളടക്കം ചാടി വരികയും ചെയ്തതു. ഇതില്‍ നല്ല ഉയരമുള്ള ഒരാള്‍ വരുന്നത്. അവന്‍ എല്ലാവരെയും വെട്ടിച്ച് കടന്ന് സ്റ്റേജില്‍ കയറുമെന്ന് ഉറപ്പായിരുന്നു. ഞാന്‍ അതിന് തയ്യാറായിരിക്കുകയായിരുന്നു. ഇവന്‍ വന്ന സ്പീഡില്‍ ഞാന്‍ ചെറുതായി തടഞ്ഞു അതേപോലെ അവന്‍ താഴെക്ക് വീണു. അത് ചെയ്തില്ലായിരുന്നെങ്കില്‍ മന്ത്രിയുടെ അടുത്ത് എത്തി കരിങ്കൊടി എറിയുമായിരുന്നു. യൂണിവേഴ്സിറ്റിയില്‍ പ്രശ്നങ്ങള്‍ നടക്കുന്നു എന്നറിയാമായിരുന്നു. പക്ഷെ സ്റ്റേജില്‍ കേറുമെന്ന് വിചാരിച്ചിരുന്നില്ല. വലിയ പരിപാടിയില്‍ ഇത്തരം സംഭവം ഉണ്ടാകുമോ എന്ന് ചെറിയ സംശയത്തിലായിരുന്നു. എന്നാലും ഞങ്ങള്‍ കരുതലോട് കൂടി തന്നെയായിരുന്നു നിന്നിരുന്നത്.

  • കോഴിക്കോട് നടക്കാവ് എസ്‌ഐയാണ് ജി. ഗോപകുമാര്‍ ഇപ്പോള്‍


14 ദിവസം ജയിലില്‍ കിടന്നു:
റിബിന്‍ കൃഷ്ണന്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഹോസ്റ്റല്‍ സംബന്ധമായി പ്രശ്നങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ (സെല്‍ഫ് ഫിനാന്‍സിങ്ങ്) ഹോസ്റ്റലില്‍ ഉള്ളവര്‍ യൂണിവേഴ്സ്റ്റി ഹോസ്റ്റല്‍ ഉപയോഗിക്കാമെന്ന് നിയമം കൊണ്ടുവന്നു. ഹോസ്റ്റലിലുള്ള പെണ്‍കുട്ടികളെ മറ്റ് കുട്ടികള്‍ ശല്യംചെയ്യാന്‍ തുടങ്ങി. അതിനെതിരെയാണ് എസ് എഫ് ഐ സമരവുമായി രംഗത്ത് വന്നത്. ഒരു കൊല്ലമായി നടക്കുന്ന സമരത്തില്‍ അതിനു ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ല . അതിന്റെ ഭാഗമായിട്ടാണ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കലോത്സവത്തിന്റെ സമാപന ദിവസം എല്ലാ സഖാക്കളും ക്രിസ്റ്റ്യന്‍ കോളേജിന്റെ അടുത്ത് വന്നു. ഞാനുള്‍പ്പെടെ എല്ലാ സഖാക്കളും സ്റ്റേജിന്റെ മുന്നില്‍ എത്തി. വിദ്യാഭ്യാസമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. കലോത്സവം ആയതിനാല്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ച് എല്ലാ പൊലീസുകാരെയും മറികടന്ന് സ്റ്റേജിന്റെ മുന്നില്‍ എത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. സിററി സ്പൈഡേഴ്സ്, ആന്റി ഗുണ്ടാ സ്‌ക്വാഡ് പൊലീസ് വിഭാഗം എസ് എഫ് ഐയുടെ അംഗങ്ങളെ മര്‍ദ്ദിക്കയും അറസ്റ്റ് ചെയ്ത് നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഔദ്യോഗികകൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്ത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഞങ്ങളെ റിമാന്റ് ചെയ്തു. 14 ദിവസം ജയിലായിരുന്നു.

എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമാണിപ്പോള്‍ റിബിന്‍