ബിജെപി സമ്മേളനത്തിലെ സുന്ദരി കുസൃതിയെ കണ്ടു കിട്ടി; പേര് ശിവന്യ

വെറും 37 സെക്കന്റുകള്‍കൊണ്ടു ജനഹൃദയങ്ങള്‍ കവര്‍ന്ന കൊച്ചുമിടുക്കി; കൃതീഷും തിരയുകയായിരുന്നു, അവിചാരിതമായി തന്റെ കാമറയില്‍ പതിഞ്ഞ കുസൃതിക്കുടുക്കയെ

ബിജെപി സമ്മേളനത്തിലെ സുന്ദരി കുസൃതിയെ കണ്ടു കിട്ടി; പേര് ശിവന്യ

സോഷ്യല്‍മീഡിയയ്‌ക്കൊപ്പം കൃതീഷും തിരയുകയായിരുന്നു, തന്റെ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിലൂടെ ലോകം കണ്ട ആ കൃസൃതികുടുക്ക ആരാണെന്നറിയാന്‍. കോഴിക്കോട്ടെ മുതലക്കുളം മൈതാനിയില്‍ പാട്ടിനൊപ്പം തലയാട്ടി നിന്ന ആ കൊച്ചു പെണ്‍കുട്ടിയെ ഇന്നു ലോകം അറിയും. കാരണം അത്രത്തേളാം അവള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചിതയായിക്കഴിഞ്ഞു. എന്നാല്‍ ആ ദൃശ്യം തന്റെ കാമറയില്‍ പകര്‍ത്തിയ എസിവിയുടെ കാമറാമാന്‍ കൃതീഷിനും അറിയില്ലായിരുന്നു അവള്‍ ആരാണെന്നുള്ളത്. എന്നാല്‍ ഒടുവില്‍ സോഷ്യല്‍മീഡിയയുടെ തന്നെ സഹായത്തോടെ അവളെ കണ്ടെത്തിയിരിക്കുകയാണ്.


'ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ' എന്ന അടിക്കുറിപ്പോടെ കൃതീഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. നിമിഷനേരം കൊണ്ടു ദൃശ്യങ്ങള്‍ വൈറലായി മാറുകയായിരുന്നു. കൃതീഷ് മനസ്സില്‍ പോലും കരുതാത്ത തലത്തിലേക്കാണ് ദൃശ്യങ്ങള്‍ ജനമനസ്സുകളില്‍ പതിഞ്ഞത്. കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനം നടക്കുന്ന സമയത്താണ് ഈ വീഡിയോ അവിചാരിതമായി തന്റെ കാമറയില്‍ പതിഞ്ഞതെന്നു കൃതേഷ് നാരദാ ന്യൂസിനോടു പറഞ്ഞു.

കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 2016 സെപ്തംബറില്‍ ബിജെപി ദേശീയ സമ്മേളനം നടക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു. അന്നു സമ്മേളനത്തിനുമുന്നോടിയായി പതാക ജാഥാ സമാപനം നടക്കുമ്പോള്‍ അവിടെയെത്തിയതാണ് ഈ കുട്ടി. അച്ഛന്‍ അമ്മ രണ്ട്‌പെണ്‍കുട്ടികള്‍ അടങ്ങുന്ന ആ കുടുംബത്തെ ആദ്യം താന്‍ ശ്രദ്ധിച്ചില്ല. എന്നാല്‍ അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ഗാനത്തിനനുസരിച്ച് അക്കൂട്ടത്തിലെ കൊച്ചു കുട്ടി തലയാട്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു. തുടര്‍ന്നു ആ ദൃശ്യം ഞാന്‍ കാമറിയിലാക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ആ വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ്‌ ലഭിച്ചത്.വീഡിയോ വാടസ്ആപ്പിലും ഫേസ്ബുക്കിലും വൈറലായതോടെ ആ കുട്ടി ആരാണെന്ന ചോദ്യം ഉയര്‍ന്നു. ഇപ്പോള്‍ ആ ചോദ്യത്തിനും ഉത്തരം എത്തികഴിഞ്ഞിരിക്കുന്നു.

ശിവന്യ വിജേഷ് എന്ന കൊച്ചുമിടുക്കിയാണ് ഈ വീഡിയോയിലൂടെ ജനഹൃദയങ്ങളില്‍ ചേക്കേറിയത്. തലിശ്ശേരി കലായി മാക്കൂട്ടത്തെ വിജേഷിന്റെയും ഷീജയുടെയും മകളാണ് ശിവന്യ. തലിശ്ശേരി അമൃത സ്‌കൂളില്‍ പഠിക്കുന്ന ശിവന്യയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്. എന്തായാലും വീഡിയോ വൈറലാതില്‍ സന്തോഷവതിയാണ് ശിവന്യയും വീട്ടുകാരും.