ആരാണ് കൃഷ്ണമൃ​ഗം? കൊന്നാലെന്താ ഇത്രയ്ക്ക് ശിക്ഷ?

കേരളത്തെക്കാളും ഐ.എം വിജയന്റെ കാര്യത്തിൽ ആവേശഭരിതരാണ് ബം​ഗാളി ഫുട്ബോൾ ആരാധകർ. ആ ആരാധനയുടെ ഭാ​ഗമായി, സൽമാൻ കൊന്ന കൃഷ്ണമൃ​ഗവുമായി ഐ.എം വിജയന് ഒരു ബന്ധമുണ്ടായി.

ആരാണ് കൃഷ്ണമൃ​ഗം? കൊന്നാലെന്താ ഇത്രയ്ക്ക് ശിക്ഷ?

വലിയതോതിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗമാണ് കൃഷ്ണമൃഗം. വലംപിരിശംഖുപോലുള്ള പിരിയന്‍ കൊമ്പുകളാണ് ഇവരിലെ പുരുഷന്മാരുടെ പ്രത്യേകത. ആണ്‍ മാനുകള്‍ക്ക് എണ്ണക്കറുപ്പ് തോല്‍ക്കുന്ന നിറവും സ്‌ക്രൂ പോലെ പിരിഞ്ഞു കൂര്‍ത്ത ശാഖകളില്ലാത്ത രണ്ടു കൊമ്പുകളും. ഏകദേശം 28 ഇഞ്ചുകളോളം നീളമുണ്ടാവും കൊമ്പുകൾക്ക്. ശരീരത്തിന്റെ മുകൾ ഭാഗത്ത് കറുപ്പ് നിറവും കാലുകളും ശരീരത്തിന്റെ കീഴ്ഭാഗവും തൂവെള്ളയുമാണ് നിറം. കണ്ണിനിരുവശവും വെള്ള ചിത്രപ്പണികള്‍. ഇത് കഥകളി ആട്ടക്കാരുടെ ചുട്ടിയെഴുത്തിനെ ഓർമിപ്പിക്കും. പെണ്‍വര്‍ഗത്തിനു കൊമ്പില്ല. ഇളം തവിട്ടുനിറമുള്ള ഇവ ആൺ‌മൃഗങ്ങളേക്കാൾ അല്പം ചെറുതാണ്. പൂർണ്ണവളർച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകൾക്ക് 60സെ.മീ നീളവും കാണാം. 12-16 വർഷം വരെയാണ്‌ ആയുസ്സ്.

ആന്റിലോപ് എന്ന മാന്‍ വര്‍ഗത്തില്‍ ഇന്ത്യയിൽ കാണപ്പെടുന്ന ഏക സ്പീഷിസാണിവ. ലോകത്തിൽ ഈ ജനുസ്സിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു സസ്തനിയും ഇവ തന്നെയാണ്. കരിമാൻ (ശാസ്ത്രീയനാമം: Antilope cervicapra), കൃഷ്ണജിൻ‌ക, കാലാഹിരൺ എന്നൊക്കെ ഇവ അറിയപ്പെടുന്നു. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇന്നിവ ഇന്ത്യയിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. വൻ‌തോതിൽ വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങൾ ആന്ധ്രാപ്രദേശിന്റെ സംസ്ഥാനമൃഗവുമാണ്. രാജസ്ഥാനിലും ഗുജറാത്തിലുമാണ് കൃഷ്ണമൃഗങ്ങൾ കൂടുതലായുള്ളത്. ഗുജറാത്തിലെ വേലവദാര്‍ നാഷണല്‍ പാര്‍ക്കിലും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഒറ്റപ്പെട്ട ചില പ്രദേശങ്ങളിലുമായി ചുരുങ്ങിയിട്ടുണ്ട് ഇപ്പോള്‍ ഇന്ത്യയിലെ സാന്നിധ്യം. കർണാടകയിലെ ജയമംഗലി കൃഷ്ണമൃഗ റിസർവ് ഏരിയ ഏറെ പ്രസിദ്ധമാണ്.

തുറന്ന പുൽമേടുകളിലാണ് കാടുകളിൽ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും ചെടിനാമ്പുകളും പൂവുകളും ഭക്ഷിക്കാറുണ്ട്. പെൺ വർഗം എട്ടു മാസങ്ങൾ കൊണ്ടും ആൺ വർഗം ഒന്നര വർഷങ്ങൾ കൊണ്ടുമാണ് പ്രായപൂർത്തിയെത്തുന്നത്. ഒരു വർഷത്തോളം നീളുന്നതാണ് ഇണ ചേരൽ. ഏകദേശം ആറു മണിക്കൂറാണ് ഒരു വട്ടം ഇണ ചേരാനുള്ള സമയം. ഒരു മുതിർന്ന ആണിന്റെ കീഴിലുള്ള 10 മുതൽ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരിൽ നിന്നു രക്ഷപെടാൻ പ്രകൃതി ഇവയ്ക്കു നൽകിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികൾ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ്. നാലു മീറ്റർ വരെ ഉയരത്തിൽ ചാടാനും മണിക്കൂറിൽ ഏകദേശം 90 കി.മീ വരെ ഓടാനുമുള്ള കഴിവാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 40 ലക്ഷം കൃഷ്ണമൃഗങ്ങൾ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന ഇന്ത്യൻ ചീറ്റയുടെ പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങൾ. ഇന്ന് വന്യജീവിസങ്കേതങ്ങളിലായി 40,000 -ൽ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യൻ നടത്തുന്ന വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും മധ്യേന്ത്യയിൽ അവിടവിടെയായി ചില ചെറുസംഘങ്ങളായും, തെക്കേ ഇന്ത്യയിൽ - കർണാടകയിലെ തുംകൂർ ജില്ലയിലെ ജയമംഗലി ബ്ലാക്ബക് റിസേർവിലും മാത്രമാണ് കൃഷ്ണമൃഗങ്ങൾ അവശേഷിക്കുന്നത്. നേപാളിലും വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയിൽ കാർഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ്‌ കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാർ അവർ ഇണക്കിവളർത്തിയ ചീറ്റകളെ ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. രാജസ്ഥാനിലെ ബിഷ്ണോയി ഗോത്രക്കാർ കൃഷ്ണമൃഗങ്ങളെ ആരാധനാ ഭാവത്തിൽ കണ്ട് സംരക്ഷിക്കുന്നുണ്ട്. മറ്റെല്ലാ‍യിടത്തും ഇവ വേട്ടയാടപ്പെടുന്നു.

ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം. വനങ്ങളിലേയ്ക്കു മേയാൻ വിടുന്ന കന്നുകാലികളിൽ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങൾ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കൾ ഭക്ഷിക്കുന്നതുകൊണ്ടും നിസ്സാരമല്ലാത്തത്രയെണ്ണം മരിച്ചുപോകുന്നുവെന്നു കരുതുന്നു.

മോഹൻബ​ഗാനിലൂടെ ബം​ഗാളിന്റെ ഫുട്ബോൾ തരം​ഗമായി മാറിയ ഇതിഹാസ പ്രതിഭ ഐ. എം വിജയനെ കൃഷ്ണമൃ​ഗത്തിന്റെ പേരിട്ടാണ് സ്നേഹിക്കുന്നത്. അതെ അവർക്ക് കാലാഹിരണാണ് ഐഎം വിജയൻ. കറുത്ത മാനാണല്ലോ കാലാഹിരൺ... 1991ൽ മോഹൻ ബ​ഗാനിലെത്തിയ കാലം മുതൽ എന്നെയവർ അങ്ങിനെയാണ് വിളിക്കുന്നത്. ആരാണ് വിളിച്ചു തുടങ്ങിയതെന്ന് അറിയില്ല. ഫുട്ബോൾ കമന്ററികളിലും വാർത്തകളിലുമെല്ലാം അങ്ങനെയാണ്. പിന്നീട് ചെറിയാൻ ജോസഫ് എന്റെ ജീവചരിത്ര സിനിമ ചെയ്തപ്പോൾ അതേ പേരിട്ടു. ജീവിതത്തിൽ ഇന്നേ വരെ ഒരു കാലാഹിരണിനെ ഞാൻ കണ്ടിട്ടില്ല- ഐ.എം വിജയൻ നാരദ ന്യൂസിനോട് പറഞ്ഞു. ആറുവർഷത്തിലേറെ കൽക്കട്ടയിൽ ഫുട്ബോൾ കളിച്ചിട്ടുണ്ട് വിജയൻ. ബം​ഗാളിക്ക് ഇന്നും കാലാഹിരൺ ഐ.എം വിജയനാണ്.

Read More >>