പരമ്പരാഗത ചുമർചിത്രങ്ങളെ അനശ്വരമാക്കിയ കലാകാരി- ബിന്ദു പി നമ്പ്യാര്‍

വിവാഹശേഷം പോണ്ടിച്ചേരിയിലേക്ക് താമസം മാറിയ ബിന്ദു വീട്ടില്‍ വെറുതെ ഇരിക്കുന്നതിനിടയിലാണ് തഞ്ചാവൂര്‍ ചിത്രകല പഠിക്കുന്നതിനായി പോണ്ടിച്ചേരി ഗോകുലം തഞ്ചാവൂര്‍ സ്‌കൂളില്‍ ചേരുന്നത്.

പരമ്പരാഗത ചുമർചിത്രങ്ങളെ അനശ്വരമാക്കിയ കലാകാരി- ബിന്ദു പി നമ്പ്യാര്‍

സൂഷ്മമായ വരകളിലൂടെയും വര്‍ണ്ണ വിന്യാസങ്ങളിലൂടെയും പരമ്പരാഗത ചിത്രകലാ രീതികളെ തന്റെ ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് ചായങ്ങളുടെ കൂട്ടുകാരിയായ കണ്ണൂര്‍ ചിറയ്ക്കല്‍ പുതിയാപ്പറമ്പ് സ്വദേശി ബിന്ദു പി നമ്പ്യാര്‍. കേരളത്തിലും തമിഴ്നാട്ടിലും പണ്ടുകാലത്ത് ക്ഷേത്രച്ചുമരുകളും കൊട്ടാര ചുമരുകളും മനോഹരമാക്കാന്‍ ചിത്രകാരന്‍മാര്‍ ഉപയോഗിച്ച ചിത്രരീതികളായ മ്യൂറല്‍, തഞ്ചാവൂര്‍ ചിത്രരചനകളാണ് തനിമ ചോരാതെ തനത് ശൈലിയില്‍ ബിന്ദു വരച്ചെടുക്കുന്നത്.ചെറുപ്പം മുതലേ വരകളോടും വര്‍ണ്ണങ്ങളോടും ഇഷ്ടമുണ്ടായിരുന്ന ബിന്ദുവിനെ അമ്മ ലീലാവതിയാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയത്. പത്താം ക്ലാസ് പഠനം കഴിഞ്ഞ് ചിത്രം വര പഠിക്കാന്‍ ബിന്ദുവിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. പിന്നീട് തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനുശേഷം കണ്ണൂര്‍ ബ്രഷ്മാന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ഡിപ്ലോമാ കോഴ്സ് പൂര്‍ത്തിയാക്കി.

ആദ്യകാലത്ത് ഓയില്‍, അക്രിലിക് മാധ്യമങ്ങളില്‍ ശ്രദ്ധചെലുത്തിയ ബിന്ദു വളരെ യാദൃശ്ചികമായാണ് തഞ്ചാവൂര്‍ ചിത്രകലയിലേക്ക് തിരിയുന്നത്. വിവാഹശേഷം പോണ്ടിച്ചേരിയിലേക്ക് താമസം മാറിയ ബിന്ദു വീട്ടില്‍ വെറുതെ ഇരിക്കുന്നതിനിടയിലാണ് തഞ്ചാവൂര്‍ ചിത്രകല പഠിക്കുന്നതിനായി പോണ്ടിച്ചേരി ഗോകുലം തഞ്ചാവൂര്‍ സ്‌കൂളില്‍ ചേരുന്നത്. അവിടെനിന്നും തഞ്ചാവൂര്‍ ചിത്രകലയില്‍ മൂന്നുമാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചുമര്‍ ചിത്രരചനയിലേക്ക് ഗൗരവമായി കടക്കുകയായിരുന്ന ബിന്ദു ഇന്ന് തഞ്ചാവൂര്‍ ചിത്രകലയില്‍ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ചിത്രകാരിയാണ്.ഏറെ ചെലവും അധ്വാനവും ക്ഷമയും ആവശ്യമായ തഞ്ചാവൂരില്‍ പെയിന്റിങ്ങില്‍ ഇലയും പൂക്കളും നീല അമരിച്ചാറും ചേര്‍ത്ത് അന്നൊരുക്കിയ പ്രകൃതി ദത്തമായ വര്‍ണ്ണക്കൂട്ടുകള്‍ക്ക് പകരം അക്രലിക്, ഫാബ്രിക്ക് വര്‍ണ്ണങ്ങളാണ് ബിന്ദു ഉപയോഗിക്കുന്നത്. കൃഷ്ണന്‍ , ഗണപതി തുടങ്ങിയ ഹിന്ദു ദൈവങ്ങളാണ് തഞ്ചാവൂര്‍ പെയിന്റിംഗിലെ പ്രധാന കഥാപാത്രങ്ങളെങ്കില്‍ കൃഷണലീല, ശ്രീരാമ പട്ടാഭിഷേകം, ശക്തിപഞ്ചാക്ഷരി,ആലില കണ്ണന്‍ തുടങ്ങിയവയാണ് മ്യൂറല്‍ പെയിന്റിങിലെ പ്രധാന കഥാപാത്രങ്ങള്‍.വീടുകളിലും മറ്റും അലങ്കരിക്കുന്നതിനായി ചിത്രങ്ങള്‍ ഉപയോഗിച്ചു വരുന്നത് ട്രെന്‍ഡായി മാറിവരുന്ന ഈ കാലത്ത് തഞ്ചാവൂര്‍, മ്യൂറല്‍ പെയ്ന്റിങ്ങുകളുടെ വിപണ സാധ്യത വളരെ വലുതാണ്. മുത്തുകളും കല്ലുകളും ഗോള്‍ഫ് ഫ്രയിമുകളും ചേര്‍ത്തുള്ള തഞ്ചാവൂര്‍ രീതിയിലുള്ള ചിത്രരചനകള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരും. ഈ രീതിയിലുള്ള പെയിന്റിങിന് ആവശ്യക്കാരും ഏറെയാണ്.


തഞ്ചാവൂര്‍, മ്യൂറല്‍ പെയിന്റിങ്ങുകള്‍ കൂടാതെ കോഫി പെയിന്റിങ്, എമ്പോസിങ് വര്‍ക്ക്,നിപ് പെയിന്റിങ്, ബോട്ടില്‍ പെയിന്റിങ്ങും ചെയ്തു വരുന്നു. കൂടാതെ കളര്‍പെന്‍സില്‍ ഉപയോഗിച്ച് സുഗതകുമാരിയുടേതടക്കം പ്രശസ്തരായ നിരവധി പേരുടെ പോര്‍ട്രെയ്റ്റുകളും ബിന്ദു വരച്ചിട്ടുണ്ട്. ഇതുവരെ പതിനഞ്ചോളം തഞ്ചാവൂര്‍ ചിത്രങ്ങളും അന്‍പതോളം മ്യൂറല്‍ ചിത്രങ്ങളും വരച്ച ബിന്ദു മുളകള്‍, കുപ്പികള്‍, മണ്‍കലങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.ചിത്രകലയിലെ തന്റെ യാത്രയില്‍ ജന്‍മസിദ്ധമായി ലഭിച്ച കഴിവുകള്‍ തേച്ചുമിനുക്കാനും ചിത്രകല പഠിപ്പിക്കാനും ലക്ഷ്യമിട്ടാണ് 'വ്യന്ദാവന്‍ ആര്‍ട്ട് ഗാലറി' എന്ന സ്ഥാപനം ആരംഭിച്ചത്. മ്യൂറല്‍ പെയിന്റിങ്, തഞ്ചാവൂര്‍ പെയിന്റിങ്, കോഫി പെയിന്റിങ്, എമ്പോസിങ് വര്‍ക്ക്,നിപ് പെയിന്റിങ്, ബോട്ടില്‍ പെയിന്റിങ്, ഗ്ലാസ് പെയിന്റിങ് എന്നിവയാണ് വൃന്ദാവനില്‍ പഠിപ്പിക്കുന്നത്. കണ്ണൂര്‍ തളാപ്പ് ചിന്‍മയ സ്‌കൂളിലെ ചിത്രകലാ അധ്യാപികയായ ബിന്ദു പിന്നീട് ആ ജോലി ഉപേക്ഷിച്ചാണ് 2015 ഒക്ടോബര്‍ 22ന് പുതിയാപ്പറന്പിലെ വീടിനു മുകളിലായി വൃന്ദാവന്‍ ആര്‍ട്ട് ഗാലറി തുടങ്ങിയത്. വീട്ടമ്മമാര്‍ മുതല്‍ വിദ്യാര്‍ഥിനികളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ആളുകളാണ് വൃന്ദാവനില്‍ ചിത്രകല പഠിക്കുന്നതിനായി വരുന്നത്.


കണ്ണൂര്‍ ബ്രഷ്മാന്‍ സ്‌കൂള്‍ ആര്‍ട് ഗാലറിയിലാണ് ബിന്ദുവിന്റെ തഞ്ചാവൂര്‍, മ്യൂറല്‍ ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം നടന്നത്. തലശേരി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലും, പോണ്ടിച്ചേരിയിലെ ആരോവില്ലയിലും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ ബിന്ദുവും ശിഷ്യരും വരച്ച ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നിരുന്നു. ചിത്രകലയില്‍ അമ്മയുടെ പാത പിന്തുടരുന്ന മാളവിക (ബി ആര്‍ക്ക്)യും ആദിത്യ (ബികോം)യുമാണ് മക്കള്‍. റിട്ട. അധ്യാപികയായ ലീലാവതിയുടേയും റിട്ട. മിലിറി ഉദ്യോഗസ്ഥനായ ചന്ദ്രന്റെയും മകളാണ് ബിന്ദു.

പരമ്പരാഗത ചുമർചിത്രങ്ങളെ അനശ്വരമാക്കിയ കലാകാരി-ബിന്ദു പി നമ്പ്യാര്‍

Read More >>