ശ്യാം പുഷ്‌ക്കരന്‍ പ്രായത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറല്ല! മലയാളത്തിലെ പ്രായം കുറഞ്ഞ തിരക്കഥാ ജേതാവ് ഇനി ശ്യാം

ശ്യാം പുഷ്‌ക്കരന്‍ പ്രായത്തില്‍ റെക്കോര്‍ഡിട്ടു; മലയാളത്തിലെ പ്രായം കുറഞ്ഞ ദേശീയ തിരക്കഥാ അവാര്‍ഡ് ജേതാവ് ഇനി ശ്യാംപുഷ്‌ക്കരന്‍. എസ്എല്‍പുരം സദാനന്ദന്‍റെ പ്രായത്തെയാണ് 50 വര്‍ഷത്തിനു ശേഷം മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം 'മുന്നിലാ'ക്കിയത്.

ശ്യാം പുഷ്‌ക്കരന്‍ പ്രായത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറല്ല! മലയാളത്തിലെ പ്രായം കുറഞ്ഞ തിരക്കഥാ ജേതാവ് ഇനി ശ്യാം

മധ്യവയസു പിന്നിട്ട കാളിദാസന്റേയും മായാകൃഷ്ണന്റേയും രുചിയേറിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രണയം എഴുതുമ്പോള്‍ ശ്യാം പുഷ്‌ക്കരന് പ്രായം 26. സെപ്റ്റംബര്‍ ബോയിയാണ് ശ്യാം. ശ്യാം പുഷ്‌ക്കരനിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് വീണ്ടും മലയാളത്തിലെത്തുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി മറികടക്കുന്നു- ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഇനി ശ്യാം.

1967ല്‍ എസ്എല്‍പുരം സദാനന്ദന്‍, 39 വയസില്‍ നേടിയ അവാര്‍ഡാണ് 31 വയസില്‍ ശ്യാം മറികടക്കുന്നത്. 50 വര്‍ഷത്തിനു ശേഷമാണ് എസ്എല്‍പുരത്തിന്‍റെ പ്രായത്തെ ശ്യാം 'മുന്നിലാക്കി'യത്.

എസ്എല്‍പുരവും ശ്യാമും ചേര്‍ത്തലക്കാരാണ് എന്നത് മറ്റൊരു ആകസ്മികത. അഗ്നിപുത്രി സിനിമയിലൂടെ എസ്എല്‍പുരം രാജ്യത്തെ ആദ്യ ദേശിയ തിരക്കഥ അവാര്‍ഡ് നേടി. പിന്നീട് 17 വര്‍ഷങ്ങള്‍ക്കു ശേഷം 1984ല്‍ പത്മ പുരസ്‌കാരം നേടിയ അതേ വര്‍ഷം തന്നെ മുഖാമുഖത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ മികച്ച തിരക്കഥാകൃത്തുമായി. 1987ല്‍ അനന്തരത്തിലൂടെയും അടൂരിന്റെ തിരക്കഥ പുരസ്‌കൃതമായി. ആദ്യമായി തിരക്കഥാ അവാര്‍ഡ് നേടുമ്പോള്‍ അടൂരിന് പ്രായം 43.

1989ല്‍ വടക്കന്‍ വീരഗാഥയിലൂടെ എംടിയുടെ എഴുത്തിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ പ്രായം 56. 1991ല്‍ കടവ്, 1992ല്‍ സദയം, 1994ല്‍ പരിണയം എന്നീ രചനകള്‍ക്കും അവാര്‍ഡ് നേടി ഏറ്റവും കൂടുതല്‍ പ്രാവശ്യം തിരക്കഥയ്ക്ക് പുരസ്‌ക്കാരം നേടിയ റെക്കോര്‍ഡ് എംടി സ്വന്തമാക്കി. മറുപക്കത്തിലൂടെ 1990ല്‍ കെ.എസ് സേതുമാധവന്‍ പുരസ്‌ക്കാരം നേടുമ്പോള്‍ പ്രായം 59.

കരുണത്തിലൂടെ മാടമ്പ് കുഞ്ഞിക്കുട്ടനെ തേടി ദേശിയ തിരക്കഥാ പുരസ്‌ക്കാരമെത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം 58. 2009ല്‍ അവാര്‍ഡ് നേടിയ പി.എഫ് മാത്യൂസ്, ഹരികൃഷ്ണന്‍ (കുട്ടിസ്രാങ്ക്) 2012ലെ അവാര്‍ഡ് നേടിയ അഞ്ജലി മേനോന്‍ (ഉസ്താദ് ഹോട്ടല്‍) 2014ലെ ജോഷിമംഗലത്ത് (ഒറ്റാല്‍) എന്നിവരുടെ പ്രായത്തേയും ശ്യാം 'മുന്നിലാക്കി'.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, അഞ്ചുസുന്ദരികള്‍, റാണി പത്മിനി, ഇയ്യോബിന്റെ പുസ്തകം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും തുടങ്ങിയവയുടെ രചയിതാവാണ് ശ്യാം. മഹേഷിന്റെ പ്രതികാരമാണ് ശ്യാം ആദ്യമായി ഒറ്റയ്ക്ക് രചിക്കുന്നത്.

ചേര്‍ത്തല തുറവൂര്‍ സ്വദേശിയായ ശ്യാം ആഷിക്ക് അബുവിനോടൊപ്പം സിനിമ ജീവിതം ആരംഭിച്ചതോടെയാണ് രചനയിലേയ്ക്ക് എത്തുന്നത്. സംവിധായകനാകാനുള്ള ശ്രമമാണ് തിരക്കഥാകൃത്തിലേയ്ക്ക് എത്തിച്ചത്. സുഹൃത്ത് ദിലീഷ് നായരുമായി ചേര്‍ന്ന് രചിച്ച സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മലയാള സിനിമയുടെ മാറ്റം കൃത്യമായി അടയാളപ്പെടുത്തി. ദിലീഷുമായി ചേര്‍ന്ന് ആഷിക്ക് അബുവിന്റെ സംവാധാനത്തില്‍ പുതിയ സിനിമ രചിക്കുകയാണ് ശ്യാമിപ്പോള്‍.

മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകനായ ദിലീഷ് പോത്തന്റെ പുതിയ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ രചനയിലും ശ്യാമിന്റെ പങ്കാളിത്തമുണ്ട്. കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പൊലീസ് കഥയാണിത്.

മഹേഷിന്റെ പ്രതികാരത്തിന്റെ രചനയിലൂടെ സംസ്ഥാന തിരക്കഥാ അവാര്‍ഡും നേടി.

Read More >>