തിരുനങ്കൈകളും സ്ത്രീകളും പാടിയാടി: ഞങ്ങള്‍ താലിയിടില്ല, തട്ടമിടില്ല: ഏമാന്മാരേ ഗാനത്തിന്റെ സ്ത്രീപക്ഷം വരുന്നു

ഊരാളിയുടെ സമരത്തിലൂടെയും മെക്‌സിക്കന്‍ അപാരത സിനിമയിലൂടെയും വൈറലായ ഏമാന്മാരേ ഗാനത്തിന്റെ സ്ത്രീപക്ഷം വരുന്നു

തിരുനങ്കൈകളും സ്ത്രീകളും പാടിയാടി: ഞങ്ങള്‍ താലിയിടില്ല, തട്ടമിടില്ല: ഏമാന്മാരേ ഗാനത്തിന്റെ സ്ത്രീപക്ഷം വരുന്നു

ഏമാന്മാരേ... ഏമാന്മാരേ ഞങ്ങളുമുണ്ട് ഇവന്റെ കൂടെ എന്ന ഗാനത്തിന്റെ സ്ത്രീപക്ഷ ആവിഷ്‌ക്കാരം വരുന്നു. കേരള സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ട യൂത്ത് ഫോര്‍ ജെന്റര്‍ ജസ്റ്റീസ് കൂട്ടായ്മയാണ് ജനനയന ഗായക സംഘത്തിന്റെ ഗാനമൊരുക്കുന്നത്.


സ്ത്രീകളും തിരുനങ്കൈകളും (ട്രാന്‍സ് ജെന്റര്‍യുവതികള്‍) പങ്കെടുത്ത ചിത്രീകരണം തൃശൂരിലും പരിസരങ്ങളിലും നടന്നു. തൃശൂരില്‍ ഊരാളി ബാന്‍ഡിലെ മാര്‍ട്ടിനെ താടിയും മുടിയും വളര്‍ത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഏമാന്മാരേ ഗാനം എഴുതപ്പെട്ടത്.

ആക്രമിക്കപ്പെട്ട സ്റ്റേഷനു മുന്നില്‍ അക്രമണത്തിനു പിറ്റേന്ന് മാര്‍ട്ടിനും സംഘവും നടത്തിയ പാട്ട്‌സമരത്തിന്റെ ദൃശ്യങ്ങള്‍ എഡിറ്റു ചെയ്ത് ഈ ഗാനം പ്രചരിപ്പിച്ചത് വൈറലായി. സദാചാരഗുണ്ടായിസത്തിനും രൂപസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായി ഗാനം യുവത ഏറ്റെടുത്തു. മെക്‌സിക്കന്‍ അപാരത എന്ന സിനിമയില്‍ ഊരാളി സമരത്തെ പകര്‍ത്തി ഇതേ ഗാനം ദൃശ്യവല്‍ക്കരിച്ചിരുന്നു. താടിയും മീശയും മുടിയും വളര്‍ത്തുമെന്നും അത് ഞങ്ങളുടെ ഇഷ്ടമാണെന്നും പാടിപ്പറയുകയാണ് വരികള്‍. പാട്ടിന് യുട്യൂബില്‍ പലതരത്തിലുള്ള ആവിഷ്‌ക്കാരങ്ങള്‍ വന്നു.

പോപ്പുലര്‍ ഫ്രണ്ട് അവരുടെ കേരള പര്യടനത്തിലും പാട്ട് ഉള്‍പ്പെടുത്തിയിരുന്നു.

ഭരണകൂട ഭീകരതയ്ക്കും സദാചാര ഗുണ്ടായിസത്തിനുമെതിരായ ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഏമാന്മാരേ ഗാനമെന്നും എന്നാലത് ഫലത്തില്‍ പുരുഷന്റെ മാത്രം സ്വതന്ത്ര്യപ്രഖ്യാപനമായി മാത്രമായി മാറിയതിനാലാണ് അതിനൊരു സത്രീപക്ഷ ആവിഷ്‌ക്കാരം നടത്തുന്നതെന്നാണ് ഗാനസംഘാടകരുടെ നിലപാട്.

സ്ത്രീകളും തിരുനങ്കൈമാരും മറ്റു ലിംഗവിഭാഗങ്ങളുമില്ലാതെ ഏതൊരു സ്വാതന്ത്ര്യപ്രഖ്യാപനവും അപൂര്‍ണ്ണമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഗാനത്തിന്റെ സ്ത്രീപക്ഷം എന്ന ആശയത്തിലേയ്ക്ക് എത്തിയത്. സിനിമയിലെ ഗാനത്തിന്റെ സംഗീതം തന്നെയാണ് ഉപയോഗിച്ചത്.

പുഷ്പാവതിയും സംഘവുമാണ് പാടുന്നത്. അരവിന്ദ് വിഎസിന്‍േതാണ് വരികള്‍. രഞ്ജിത് ചിറ്റാടയാണ് സിനിമയിലും ഇവിടെയും സംഗീതം. നൃത്തസംവിധാനം കിരണും ക്യാമറയും എഡിറ്റിങ്ങും സുധീപ് ഇയെസും നിര്‍വ്വഹിക്കുന്നു. ഐ ഗോപിനാഥിന്റേയാണ് ആശയം.


ഏമാന്മാരേ ഏമാന്മാരേ ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ...

ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി,

ഒറ്റക്കിറങ്ങി കറങ്ങും ഞങ്ങള്‍ മുടിയും വെട്ടി നടക്കും... ഞങ്ങള്‍

ഒറ്റക്കിറങ്ങി കറങ്ങും ലഗ്ഗിന്‍സ് ധരിച്ച് നടക്കും... ഞങ്ങള്‍

താലിയിടില്ല... തട്ടമിടില്ല

ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല

അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളത് ചെയ്യും


പണ്ടത്തെ കാലത്തെ കെട്ടിയൊരുങ്ങിയ പെണ്ണുങ്ങളല്ല മോനേ

കോണ്‍ഡ്രസീനാണേലും കട്ടക്കു നിക്കണ കട്ടക്കലിപ്പാ മോനേ

ഞങ്ങള്‍ കെട്ടിപ്പിടിക്കും ഉമ്മകള്‍ വെയ്ക്കും

ആര്‍ത്തവം ആഘോഷിക്കും- എന്നിങ്ങനെയാണ് വരികള്‍

അഹാന, സീന, രവി വാസുദേവ്, ലിജേഷ്, ജിജീഷ്, ഹരി തുടങ്ങിയവര്‍ ഗാന ചിത്രീകരണത്തിന് നേതൃത്വം നല്‍കി. ആതിര, ബ്രീസ്, കമല നസ്‌റിന്‍, ആയിഷ, ബിന്ദു, എമില്‍, ദീപ്തി കല്യാണി, ഭദ്ര, നീരദ, സല്‍മത്ത്, സൗഭാഗ്യ, ഷീല, മനീഷ, ലെസ്ലി, റിഞ്ചു തുടങ്ങിയവര്‍ ആടിയും പാടിയും പറഞ്ഞും ദൃശ്യാവിഷ്‌ക്കാരം നല്‍കുന്നു- കൂടാതെ കാണികളും.ഏമാന്മാരോട് പറയാനുള്ള ഈ സ്ത്രീ പ്രഖ്യാപനം വൈകാതെ യുട്യൂബിലെത്തും.

Read More >>