കമലഹാസന്റെ ആദ്യ ടിവി ഷോ വരുന്നു; ഉലകനായകന്‍ ഇനി തമിഴ് ബിഗ്‌ബോസ്‌

ടെലിവിഷനില്‍ അഭിമുഖങ്ങള്‍ ധാരാളം നല്‍കിയിട്ടുണ്ടെങ്കിലും ഒരു മുഴുനീള ടെലിവിഷന്‍ പരിപാടി കമലിന്‌റേതായി ഇല്ല. ഇപ്പോള്‍ ആ കുറവും നികത്തുകയാണ് കമല്‍. ഇന്ത്യയിലെ പ്രശസ്തമായ 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിന്‌റെ അവതാരകന്‍ ആയിട്ടാണ് കമല്‍ ടെലിവിഷനില്‍ അരങ്ങേറ്റം കുറിക്കുന്നത്.

കമലഹാസന്റെ ആദ്യ ടിവി ഷോ വരുന്നു; ഉലകനായകന്‍ ഇനി തമിഴ് ബിഗ്‌ബോസ്‌

ഉലകനായകന്‍ കമലഹാസന്‍ തന്‌റെ അഞ്ച് പതിറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിനിടയില്‍ ഒരേയൊരു തവണയേ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ളൂ. പോത്തീസ് എന്ന വസ്ത്രനിര്‍മ്മാതാക്കളുടെ പരസ്യത്തിലാണ് കമല്‍ ആദ്യമായും അവസാനമായും പരസ്യം ചെയ്തത്. യുണൈറ്റഡ് നേഷന്‍സിന്‌റെ എച്ച്‌ഐവി/എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്‌റെ ബ്രാന്‌റ് അംബാസഡര്‍ ആയ കമലഹാസന്‍ എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കായി ധനസമാഹരണം ചെയ്യാനായിരുന്നു പരസ്യത്തില്‍ അഭിനയിച്ചതെന്ന് പറയപ്പെടുന്നു.

(കമലഹാസൻ അഭിനയിച്ച പോത്തീസ് പരസ്യം)

ടെലിവിഷനില്‍ അഭിമുഖങ്ങള്‍ ധാരാളം നല്‍കിയിട്ടുണ്ടെങ്കിലും ഒരു മുഴുനീള ടെലിവിഷന്‍ പരിപാടി കമലിന്‌റേതായി ഇല്ല. ഇപ്പോള്‍ ആ കുറവും നികത്തുകയാണ് കമല്‍. ഇന്ത്യയിലെ പ്രശസ്തമായ 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിന്‌റെ അവതാരകന്‍ ആയിട്ടാണ് കമല്‍ ടെലിവിഷനില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ലോകപ്രശസ്തമായ ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ആദ്യം ഈ ഷോ തുടങ്ങിയത്. ഇതുവരെ പത്ത് സീസണുകളാണ് ബിഗ് ബോസിന്‌റേതായി വന്നിട്ടുള്ളത്. അമിതാഭ് ബച്ചന്‍, സഞ്ജയ് കപൂര്‍, അര്‍ഷദ് വാര്‍സി, സല്‍മാന്‍ ഖാന്‍, ശിൽപ ഷെട്ടി, തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ബിഗ് ബോസിന്‌റെ അവതാരകരായി വേഷമിട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ നിന്നും ആദ്യമായിട്ടായിരിക്കും ബിഗ് ബോസ് അവതാരകന്‍ ഉണ്ടാകുന്നത്.

പ്രാദേശികഭാഷകളിലും ബിഗ് ബോസ് വന്നിട്ടുണ്ട്. ബംഗാളിയിൽ മിഥുൻ ചക്രവർത്തിയും ജീത്തും ആയിരുന്നു അവതാരകർ. കന്നടയിൽ നടൻ സുദീപ് ആയിരുന്നു അവതാരകൻ. മലയാളത്തിൽ 'മലയാളി ഹൌസ്' എന്ന പേരിലും ബിഗ് ബോസ് വന്നിരുന്നു. രേവതി ആയിരുന്നു അവതാരക.

സാമൂഹ്യവിഷയങ്ങളെക്കുറിച്ച് കമലിനുള്ള അറിവാണ് അദ്ദേഹത്തിനെ അവതാരകനാക്കുന്നതിനുള്ള കാരണം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അദ്ദേഹത്തിനു വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും ഉണ്ട്. എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളും കമലഹാസനെ പറ്റിയ അവതാരകനാക്കുന്നു.

പൂനേയിലെ ലോനേവാലയില്‍ ഒരു ഗംഭീരവീട് തമിഴ് ബിഗ് ബോസിനായി തയ്യാറാവുകയാണെന്ന് അറിയുന്നു. വിജയ് ടിവിയില്‍ ജൂലൈ മുതലായിരിക്കും കമലിന്‌റെ ബിഗ് ബോസ് സംപ്രേഷണം ആരംഭിക്കുക എന്ന് കരുതപ്പെടുന്നു.