മലയാളക്കരയെ ആകമാനം 'ഞെട്ടിച്ച്' ഭക്തി യുട്യൂബില്‍ പ്രദര്‍ശനം തുടരുന്നു

പാത്രസൃഷ്ടിയിലും അല്പം കൗശലം കാണിച്ചിട്ടുണ്ട് സംവിധായകന്‍. ഒരു പെണ്‍കുട്ടിയ്ക്കു പകരം ആണ്‍കുട്ടി ആയിരുന്നു പ്രധാനകഥാപാത്രം എങ്കില്‍ എത്രത്തോളം വിജയകരമാകും ഭക്തി എന്നതില്‍ സംശയമുണ്ട്. ദൂരെയെവിടെയോ പഠിയ്ക്കുന്ന പെണ്‍കുട്ടിയുടെ വിവാഹാലോചന വരെ ശ്രദ്ധിയ്ക്കുന്ന സമൂഹത്തിന് ആണ്‍കുട്ടിയുടെ കാര്യത്തില്‍ അത്ര വേവലാതി ഉണ്ടാകാന്‍ സാധ്യതയില്ല. പെണ്‍കുട്ടിയുടെ കാര്യത്തിലെ ഇതേ സാധ്യതയാണ് സംവിധായകന്‍ ഉപയോഗിച്ചത്.

മലയാളക്കരയെ ആകമാനം ഞെട്ടിച്ച്  ഭക്തി യുട്യൂബില്‍ പ്രദര്‍ശനം തുടരുന്നു

ദീപക് ശശികുമാര്‍ സംവിധാനം ചെയ്ത, ദര്‍ശന ശിവദാസ്, നീനാ കുറുപ്പ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ഭക്തി എന്ന അഞ്ചു മിനിറ്റ് ഹ്രസ്വചിത്രം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു കഴിഞ്ഞ ഭക്തി അതിന്റെ ഉള്ളടക്കം കൊണ്ട് ഞെട്ടിക്കുന്നു. അതേസമയം അതിലെ ചിത്രീകരണ സൂക്ഷ്മത എടുത്തു പറയാതിരിക്കാന്‍ ആവില്ല.


ഒരു പരമ്പരാഗത ഭക്തിസാന്ദ്രമായ ക്ഷേത്രാന്തരീക്ഷത്തില്‍ തന്നെയാണു ഭക്തി തുടങ്ങുന്നത്. തരക്കേടില്ലാത്ത ഭക്തജനപ്രവാഹമുള്ള ക്ഷേത്രം. അന്നൊരു വിശേഷദിവസമാകാനും മതി. ചുറ്റുവിളക്കുകള്‍ തെളിഞ്ഞിരിക്കുന്നതും കൊടിമരം ദീപാലംകൃതമാക്കുന്നുമെല്ലാം എന്തോ ഒരു പ്രത്യേകദിനത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. കോഴിക്കോട്ട് എംബിബിഎസ് പഠിക്കുന്ന അമൃത അവധിയ്ക്കു വന്നതും അതുകൊണ്ടായിരിക്കും. എന്തായാലും സജീവമാണു ക്ഷേത്രപരിസരം. പതിവ് കതിനവെടിക്കാരനും വായ് നോക്കികളുമെല്ലാം ഹാജരുണ്ട്.


തിരക്കഥയിലെ സൂക്ഷ്മത അവിടെ നിന്നും തുടങ്ങുന്നു. പ്രസാദം കൊടുത്ത് വൈകിട്ടത്തെ പൂജയ്ക്ക് ക്ഷണിക്കുന്ന ശാന്തിക്കാരില്‍ നിന്നും ഭക്തിയുടേയും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരുടേയും രീതികളെ നീരീക്ഷിച്ചു കൊണ്ടാണു കഥ മുന്നോട്ടു നീങ്ങുന്നത്. അമൃത കുറച്ചു നാളായി ക്ഷേത്രത്തില്‍ വന്നിട്ടെന്ന് ശാന്തിക്കാരന് ഓര്‍മ്മയുണ്ട്. പരീക്ഷയ്ക്ക് എഴുതാനുപയോഗിക്കുന്ന പേന പൂജിക്കാന്‍ കൊടുക്കുന്നത് പതിവ് ഭക്തികാഴ്ച തന്നെ. എന്തോ അത്യാവശ്യ കാര്യം സാധിക്കാനുള്ള ഇന്ദുവാകട്ടെ, ഭര്‍ത്താവിനെ ശയനപ്രദക്ഷിണത്തില്‍ സഹായിക്കുന്നതിനോടൊപ്പം അമൃതയുടെ വിവാഹക്കാര്യവും ഓര്‍മ്മിക്കുന്നുണ്ട്.

അമൃതയുടെ അമ്മയാകട്ടെ മകളുടെ കാര്യത്തില്‍ നാട്ടുകാര്‍ക്കുള്ള ആധിയെ ശരിവയ്ക്കുന്ന തരത്തിലാണു പെരുമാറ്റം!

ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിന്റെ പൊതുനിലപാട് വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. പശ്ചാത്തലദൃശ്യങ്ങളും ശബ്ദസംവിധാനവും കഥയുടെ മൊത്തത്തിലുള്ള അന്തരീക്ഷത്തിനെ പതറാതെ സൂക്ഷിക്കുന്നുണ്ട്. നാമം ചൊല്ലലും, ഭക്തിഗാനവും, സോപാനവുമെല്ലാം ഒരു ചരട് പോലെ കഥയുടെ മൂഡിനെ ഒരേ താളത്തില്‍ നിര്‍ത്തുന്നു. അവര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു വീട്ടിലെത്തുമ്പോഴും ആ ഭക്തിസാന്ദ്രമായ അന്തരീക്ഷം മുറിയുന്നില്ല. ടിവിയില്‍ നിന്നും കേള്‍ക്കുന്ന അറിയിപ്പ് ശ്രദ്ധിക്കുക. അവസാനം വരെ ഈ ഹാര്‍മണി നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പാത്രസൃഷ്ടിയിലും അല്പം കൗശലം കാണിച്ചിട്ടുണ്ട് സംവിധായകന്‍. ഒരു പെണ്‍കുട്ടിയ്ക്കു പകരം ആണ്‍കുട്ടി ആയിരുന്നു പ്രധാനകഥാപാത്രം എങ്കില്‍ എത്രത്തോളം വിജയകരമാകും ഭക്തി എന്നതില്‍ സംശയമുണ്ട്. ദൂരെയെവിടെയോ പഠിയ്ക്കുന്ന പെണ്‍കുട്ടിയുടെ വിവാഹാലോചന വരെ ശ്രദ്ധിയ്ക്കുന്ന സമൂഹത്തിന് ആണ്‍കുട്ടിയുടെ കാര്യത്തില്‍ അത്ര വേവലാതി ഉണ്ടാകാന്‍ സാധ്യതയില്ല. പെണ്‍കുട്ടിയുടെ കാര്യത്തിലെ ഇതേ സാധ്യതയാണു സംവിധായകന്‍ ഉപയോഗിച്ചത്. പ്രേക്ഷകരും ആ സമൂഹത്തിനു പുറത്തല്ല എന്ന ഉത്തമബോധം സംവിധായകനു മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. അല്ലെങ്കില്‍ ആ 'ഞെട്ടല്‍' കൊണ്ടുവരാന്‍ സാധിക്കുമായിരുന്നില്ല.

തികച്ചും നിഷ്‌കളങ്കം എന്ന രീതിയില്‍ കഥ പറഞ്ഞ സംവിധായകന്‍ ശരിക്കും 'ഭക്തി'യെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു.