ഈ നിരോധന കാലത്ത് സംഘപരിവാറുകാര്‍ക്ക് കൊതിയോടെ കഴിക്കാവുന്ന നാല് ബീഫ് ഇനങ്ങള്‍

വലിയ ഉള്ളി കൂടുതലുള്ള തേങ്ങാ കൊത്ത് ചേര്‍ത്തത് പിന്നീട് ഉപകാരപ്പെടും. ഉള്ളി ഇല്ലാത്തതിനാല്‍ കേരള സ്റ്റൈല്‍ ബീഫ് കറി റിസ്‌ക്കാണെങ്കിലും ടേസ്റ്റാണ്. മപ്പാസാണ് സേഫ്, ഇറച്ചി മുങ്ങി കിടന്നോളും. വറുത്തരച്ച ബീഫ് ചേന വരട്ടിയതാണെന്നും പറയാം- ബീഫ് കൊതിയന്മാരായ സംഘപരിവാറുകാര്‍ക്ക് ഈ നിരോധനകാലത്ത് പരാക്ഷിക്കാവുന്ന നാല് ബീഫ് വിഭവങ്ങള്‍.

ഈ നിരോധന കാലത്ത് സംഘപരിവാറുകാര്‍ക്ക് കൊതിയോടെ കഴിക്കാവുന്ന നാല് ബീഫ് ഇനങ്ങള്‍

ബീഫ് തേങ്ങാക്കൊത്ത് ചേര്‍ത്ത് ഉലത്തിയത്

മണ്ണുവാരിയിടാത്ത ബീഫ്-അര കിലോ, മുളക് പൊടി രണ്ടു സ്പൂണ്‍, മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍

മല്ലി പൊടി- മൂന്നു സ്പൂണ്‍, ഗരം മസാല കാല്‍ സ്പൂണ്‍, കറിവേപ്പില- മൂന്നു തണ്ട്

ഇഞ്ചി- ചെറിയ കഷ്ണം, വെളുത്തുള്ളി- കാല്‍ ഗ്രാം, സവാള രണ്ട് എണ്ണം വലുത്

പച്ച മുളക് കാല്‍കിലോ, തക്കാളി- ഒരെണ്ണം വലുയലലളത്

തേങ്ങ പൂളി അരിഞ്ഞത് -കാല്‍ കപ്പ്, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബീഫ് നന്നായി കഴുകി കുക്കറില്‍ ചൂടാക്കി അതിലേക്കു വെളുത്തുള്ളി , ഇഞ്ചി, വലിയ ഉള്ളി , പച്ച മുളക് എന്നിവ അരിഞ്ഞത് ചേര്‍ക്കുക. (ഉള്ളി ചേര്‍ക്കാന്‍ മറക്കരുത്. പിന്നീട് ബീഫ് കഴി്ച്ചില്ലേയെന്നു ചോദക്കുമ്പോള്‍ തിന്നത് ഉള്ളിയാണെന്ന് പറയേണ്ടതാണ്) ഇതിലേക്ക് പൊടി വര്‍ഗങ്ങളും ആവശ്യത്തിന് ഉപ്പും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി തിരുമ്മി യോജിപ്പിക്കുക. ഏതാണ്ടൊരു കാവിയോട് സാമ്യമുള്ള നിമറാകും. അല്‍പം വെള്ളം തളിച്ച് ഇറച്ചി വേവിക്കുക. തേങ്ങ കൊത്ത്, വേപ്പില, തക്കാളി എന്നിവ വാട്ടി എടുക്കാം. ഗ്രേവിയോടെ ഇറച്ചി ഈ തേങ്ങാ കൊത്തിലേക്ക് ചേര്‍ത്ത് വെള്ളം തോര്‍ത്തി എടുക്കുക. സുരേന്ദ്രന്‍ പൊറോട്ടയ്‌ക്കൊപ്പം കഴിച്ചത് ഈ വിഭവമാണെന്ന് ഫോട്ടോ സൂം ചെയ്ത വിദഗ്ദര്‍ അവകാശപ്പെടുന്നു. തിന്നത് ഉള്ളിക്കറിയാണെന്ന വാദത്തില്‍ സുരേന്ദ്രന് ഉറച്ചു നില്‍ക്കാനായത്, മഞ്ഞള്‍ കുറച്ചു മാത്രം ചേര്‍ത്തതിനാലാണ്. അപ്പോള്‍ ഉള്ളി പ്രത്യേകമായി എടുത്തു നില്‍ക്കും.

കേരള സ്‌റ്റൈല്‍ ബീഫ് കറി

ബീഫ്- അരക്കിലോ, സവാള- മൂന്നെണ്ണം, പച്ചമുളക്- നാല്, ഗരം മസാല- ഒരു ടേബിള്‍ സ്പൂണ്‍, വെളിച്ചെണ്ണ

ഉപ്പ്, ഇഞ്ചി- ഒരു കഷ്ണം, വെളുത്തുള്ളി- അഞ്ച് എണ്ണം, മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

മല്ലിപ്പൊടി- ടേബിള്‍ സ്പൂണ്‍, കുരുമുളകുപൊടി- ടേബിള്‍ സ്പൂണ്‍

മുളകുപൊടി- ടീസ്പൂണ്‍, പെരിഞ്ചീരകം- അര ടീസ്പൂണ്‍

ഗ്രാമ്പൂ- രണ്ട് എണ്ണം

ഏലയ്ക്ക- രണ്ട് എണ്ണം

തയാറാക്കുന്ന വിധം

ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടി വേവിക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. മസാലയ്ക്കുള്ള എല്ലാ ചേരുവകളും ചെറുതാക്കി ചൂടാക്കി മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. പാനിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ത്തിളക്കണം. അരച്ച മസാലയും ഗരം മസാല പൗഡറും ചേര്‍ത്തിളക്കി അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. കേരളത്തിലാകെ പ്രചുരപ്രചാരത്തിലുള്ള ഈ വിഭവം മറ്റാരും കാണുന്നില്ലെന്ന് ഉറപ്പാക്കി വേണം ഭക്ഷിക്കാന്‍. കാരണം ഈ വിഭവത്തില്‍ ഉള്ളി അല്‍പ്പം പോലും ചേര്‍ത്തിട്ടില്ല. പിന്നീട് ഉള്ളിക്കറിയാണ് കഴിച്ചതെന്ന് പറഞ്ഞു രക്ഷപെടാനുള്ള പഴുതുണ്ടാവില്ല.

ബീഫ് മപ്പാസ്

ബീഫ് -ഒരു കപ്പ്

മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍

മല്ലിപൊടി -നാല് ടേബിള്‌സ്പൂണണ്‍

മുളകുപൊടി -രണ്ട് ടേബിള്‌സ്പൂസണ്‍

ചെറിയ ഉള്ളി അരിഞ്ഞത് -ഒരു കപ്പ്

ഇഞ്ചി അരിഞ്ഞത് -ഒരു ടേബിള്‌സ്പൂപണ്‍

വെളുത്തുള്ളി -നാല് അല്ലി

തേങ്ങ ചിരവിയത് -രണ്ട്കപ്പ്

കറിവേപ്പില -രണ്ട് ഇതള്‍

വെളിച്ചെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍

കടുക് -അര ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച വീതിയിലും മൂന്ന് ഇഞ്ച്‌നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയില്‍ ഒരു കപ്പ് വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ്വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പാനില്‍ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഇറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാല്‍ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക. മപ്പാസായതിനാല്‍ ബീഫ് കഷണങ്ങള്‍ മുങ്ങി കിടക്കും. അല്‍പ്പം ചാറ് കൂടുതലായി എടുത്ത് കഴിക്കുക. ഫോട്ടോയെടുക്കാന്‍ വരുന്ന കശ്മലന്മാര്‍ എത്ര ശ്രമിച്ചാലും മു്ങ്ങിക്കിടക്കുന്ന ബീഫ് കണ്ടെത്താനാവില്ല. മാത്രമല്ല മിക്‌സഡ് വെജിറ്റബിള്‍ കറിയാണെന്ന്് പറയാനുമാകും.

വറുത്തരച്ച ബീഫ്

ബീഫ് ഒരുകിലോ, തക്കാളി- അരകിലോ, മല്ലി -4 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍- ആവശ്യത്തിന്, ഇഞ്ചി കാല്‍ കിലോ, വെളുത്തുള്ളി 50 ഗ്രാം

മുളകുപൊടി- രണ്ടു ടേബിള്‍ സ്പൂണ്‍, കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

സവാള- അരകിലോ, ഉപ്പ് പാകത്തിന്, തേങ്ങ- ഒരു മുറി,

കറിവേപ്പില,മല്ലിയില, ചെറിയ ഉള്ളി- അഞ്ച് എണ്ണം, വറ്റല്‍ മുളക് നാല് എണ്ണം

നെയ്യ് രണ്ടു സ്പൂണ്‍

തയാറാക്കുന്ന വിധം

ബീഫ് വൃത്തിയാക്കിയ ശേഷം മുളകുപൊടിയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തുവയ്ക്കുക. മല്ലി വറുത്തു പൊടിച്ച് വെക്കണം. പാത്രം ചൂടാക്കിയതിനുശേഷം ഡാല്‍ഡ ഒഴിച്ച് സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. വറുത്ത് പൊടിച്ച മല്ലിപ്പൊടി ചേര്‍ത്തതിനു ശേഷം തക്കാളി രണ്ടായി മുറിച്ചതും ചേര്‍ക്കുക. പിന്നീട് ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തിളച്ചതിന് ശേഷം കുരുമുളക് പൊടി ചേര്‍ക്കണം. വെന്തു വരുമ്പോള്‍ തേങ്ങ വറുത്തരച്ചത് ചേര്‍ത്തിളക്കുക. ശേഷം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക . നെയ് ചൂടാക്കി ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചതിന് ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ഒഴിച്ചു കഴിയുമ്പോഴേയ്ക്കും വറുത്തരച്ച ചേനക്കറിപോലിരിക്കും. എവിടെയിരുന്നും പരസ്യമായി കഴിക്കാം. പാത്രത്തില്‍ കയ്യിടാന്‍ വരുന്നവരോട് ചൊറിയല്‍പ്പം കൂടിയ ചേനയാണെന്നു പറഞ്ഞാല്‍, വെച്ചതിലും വേഗത്തില്‍ കൈതിരിച്ചെടുത്തോളും.

Story by