മഴ ശബ്ദമുണ്ടാക്കുന്ന ഉപകരണം മുതല്‍ കാളവണ്ടി വരെ; വയനാട് മുളയുത്സവത്തിലെ കാഴ്ച്ചകള്‍ ഇതൊക്കെയാണ്

ഇത്തവണ സ്‌പൈസസ് ബുക്ക് എന്ന പ്രത്യക ഇനമാണ് കാഴ്ച്ചക്കാരെ ഏറെ ആകര്‍ഷിച്ചത്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാതൃകയില്‍ സുഗന്ധം വീശുന്ന ഗ്രന്ഥം. ഗ്രന്ഥത്തിന്റെ ഓരോ പേജുകള്‍ തുറക്കുമ്പോള്‍ ഓരോ ഗന്ധങ്ങളായിരിക്കും. കുരുമുളക്, ഗ്രാമ്പു, ജാതിക്ക, കറുവാപ്പട്ട, ജാതിപത്രി, ചുക്ക്, ഏലക്ക തുടങ്ങിയവയാണ് ഈ ഗ്രന്ഥത്തിലെ ഓരോ പേജിലും ഉള്ളത്. 2000 രൂപയാണ് ഇതിന്റെ വില. ഉറവിന് കീഴിലെ 14 മുളയുല്‍പാദ യൂണിറ്റുകളാണ് ബാംബൂ ഫെസ്റ്റിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്. 56 കരകൗശല വസ്തുക്കളുടെ ഉള്‍പ്പെടെയുള്ള നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തൃക്കൈപ്പറ്റ ഉറവ്, ഹാബിറ്റാറ്റ് ഫോറം അഹമദാബാദ്, പട്ടികവര്‍ഗ വികസന വകുപ്പ്, നബാര്‍ഡ്, വനംവകുപ്പ്, ലീഗല്‍ സര്‍വീസ് അതോറിറ്റി സംയുക്തമായാണ് മുളയുത്സവം നടത്തുന്നത്

മഴ ശബ്ദമുണ്ടാക്കുന്ന ഉപകരണം മുതല്‍ കാളവണ്ടി വരെ; വയനാട് മുളയുത്സവത്തിലെ കാഴ്ച്ചകള്‍ ഇതൊക്കെയാണ്

കൈകൊണ്ട് ചരിച്ചാല്‍ മഴപെയ്യുന്ന ശബ്ദമുണ്ടാക്കുന്ന പൈപ്പ് പോലുള്ള ഉപകരണം. ചാറ്റല്‍ മഴ മുതല്‍ പേമാരി വരെയുണ്ടാകും ഇതില്‍ നിന്ന്. മുളകൊണ്ട് നിര്‍മ്മിച്ച ആകര്‍ഷകമായ വീടുകള്‍, പൈനാപ്പിള്‍ വിളക്ക്, കാളവണ്ടി റാന്തല്‍ ഇങ്ങനെ പോകുന്നു വയനാട് തൃക്കൈപ്പറ്റ ഉറവില്‍ നടക്കുന്ന മുളയുത്സവത്തിലെ കാഴ്ച്ചകള്‍.

ഇതു കൂടാതെ പതിവ് പോലെ പൂക്കുട, വിവിധ മാസ്‌കുകള്‍, മെഴുകുതിരി സ്റ്റാന്‍ഡുകള്‍, കീഹോള്‍, ബാംബു- പാള പൂക്കള്‍, ചാക്ക് നൂല്‍ ലാംബ് ഷെയ്ഡ് എന്നിവയും മേളയുടെ ആകര്‍ഷകങ്ങളാണ്. എന്നാല്‍ ഇത്തവണ സ്‌പൈസസ് ബുക്ക് എന്ന പ്രത്യക ഇനമാണ് കാഴ്ച്ചക്കാരെ ഏറെ ആകര്‍ഷിച്ചത്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാതൃകയില്‍ സുഗന്ധം വീശുന്ന ഗ്രന്ഥം. ഗ്രന്ഥത്തിന്റെ ഓരോ പേജുകള്‍ തുറക്കുമ്പോള്‍ ഓരോ ഗന്ധങ്ങളായിരിക്കും. കുരുമുളക്, ഗ്രാമ്പു, ജാതിക്ക, കറുവാപ്പട്ട, ജാതിപത്രി, ചുക്ക്, ഏലക്ക തുടങ്ങിയവയാണ് ഈ ഗ്രന്ഥത്തിലെ ഓരോ പേജിലും ഉള്ളത്. 2000 രൂപയാണ് വില.

ഉറവിന് കീഴിലെ 14 മുളയുല്‍പാദന യൂണിറ്റുകളാണ് ബാംബൂ ഫെസ്റ്റിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്. 56 കരകൗശല വസ്തുക്കളുടെ ഉള്‍പ്പെടെയുള്ള നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തൃക്കൈപ്പറ്റ ഉറവ്, ഹാബിറ്റാറ്റ് ഫോറം അഹമദാബാദ്, പട്ടികവര്‍ഗ വികസന വകുപ്പ്, നബാര്‍ഡ്, വനംവകുപ്പ്, ലീഗല്‍ സര്‍വീസ് അതോറിറ്റി സംയുക്തമായാണ് മുളയുത്സവം നടത്തുന്നത്. മാര്‍ച്ച് 14നാണ് പ്രദര്‍ശനം അവസാനിക്കുക.

പ്രകൃതി സൗഹൃദ വീടുകളും മേളയുടെ പ്രധാന ആകര്‍ഷകമാണ്. തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള ചെലവ് കുറഞ്ഞ വീടു നിര്‍മ്മാണത്തിന്റെ സാധ്യത പഠിക്കാന്‍ നിരവധിയാളുകള്‍ എത്തുന്നതായി ഉറവിലെ സംഘാടകനായ സുനീഷ് ചിറ്റിലപ്പള്ളി പറയുന്നു. തൃക്കൈപ്പറ്റയിലെ മീനാക്ഷി, ബിന്ദു എന്നിവര്‍ ഗൃഹനാഥകളായുള്ള രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് മുളവീട് നിര്‍മ്മിച്ചു നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പൊതു ഇടം എന്ന നിലയില്‍ പണികഴിച്ചതാണ് കമ്മ്യൂണിറ്റി ഹാള്‍. ഇതിനും പരമാവധി മുളയും തദ്ദേശീയ വിഭവങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉറവില്‍ 2015 ജൂണില്‍ ഇന്‍ഹാഫിന്റെ നേതൃത്വത്തില്‍ നടന്ന ഒരു മാസം നീണ്ട ശില്‍പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളാണ്‌ പ്രകൃതിസൗഹൃദ വീടുകളുടെ അടിസ്ഥാന രൂപകല്‍പന ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആര്‍ക്കിടെക്ടല്‍, ഡിസൈന്‍ കോളജുകളില്‍നിന്നുള്ള 50 വിദ്യാര്‍ഥികളാണ് 'തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ചെലവുകുറഞ്ഞ ഭവന നിര്‍മാണം' എന്ന വിഷയത്തില്‍ സംഘടപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തത്. ആദിവാസി കോളനികളടക്കം സന്ദര്‍ശിച്ച് ഭവന നിര്‍മാണരീതികള്‍ കണ്ടറിഞ്ഞ വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളുടെ താത്പര്യവും കണക്കിലെടുത്താണ് വീടുകള്‍ രൂപകല്‍പന ചെയ്തത്. ബാംഗ്ലൂര്‍ 'ഇന്‍ചി'ലെ വിദഗ്ധരുടേതായിരുന്നു അന്തിമ രൂപകല്‍പന.

കല്ലന്‍മുള, മുള്ളുമുള, ആനമുള എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളും ശ്രദ്ധേയമായിട്ടുണ്ട്. 20 അടി ഉയരമുള്ള കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിനു ആറ് ലക്ഷം രൂപയാണ് ചെലവ്. ഏകദേശം 5,000 അടി മുളയാണ് നിര്‍മാണത്തിനു വേണ്ടിവന്നത്. തറനിരപ്പില്‍നിന്നു രണ്ടടി ഉയരത്തില്‍ നിര്‍മിച്ച വേദി, 50 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നിവ കമ്മ്യൂണിറ്റി ഹാളിന്റെ ഭാഗമാണ്. ഹാളിനോട് ചേര്‍ന്ന് ശുചിമുറി ബാഡ്മിന്റന്‍ കോര്‍ട്ട് എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. തൃക്കൈപ്പറ്റയിലും സമീപങ്ങളിലുമുള്ള വനിതകള്‍ക്കുടള്‍പ്പെടെ അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേരാനും വായനയ്ക്കും വിനോദത്തിനും സൗകര്യം കമ്മ്യൂണിറ്റി ഹാളില്‍ ഉപകാരപ്രദമാകുമെന്ന് ഉറവ് ഡയറക്ടര്‍ എം ബാബുരാജ് വ്യക്തമാക്കി.

പരിസ്ഥിതി- ഊര്‍ജ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കമ്പി, കല്ല്, സിമന്റ്, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചും മുള ഉള്‍പ്പെടെ തദ്ദേശീയ വിഭവങ്ങള്‍ കഴിയുന്നത്ര ഉപയോഗപ്പെടുത്തിയുമുള്ള ഭവന നിര്‍മാണവിദ്യ രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിനുളള ശ്രമത്തിലാണ് ഇന്‍ഹാഫും ഉറവും. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചതാണ് തൃക്കൈപ്പറ്റയിലെ വീടുകള്‍. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവനപദ്ധതികള്‍ പ്രകൃതിസൗഹൃദമാക്കുന്നതിനു സര്‍ക്കാരുകള്‍ നയരൂപീകരണം നടത്തേണ്ടതുണ്ട്.