'പുറമല്ല അകവും കറുക്കണം'; തൊലിപ്പുറത്തെ രാഷ്ട്രീയം പറഞ്ഞ് ആയുഷ് കെജ്രിവാൾ എന്ന ഡിസൈനർ

ഇരുണ്ട നിറമുള്ളവരെ മോഡലുകളാക്കുന്ന വളരെ ചുരുക്കം ഡിസൈനർമാരേ ഇന്ത്യയിലുള്ളൂ. സൗന്ദര്യവർധക വസ്തുക്കളുടെ വ്യവസായം തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത്, നിങ്ങളെങ്ങനെ ഇരിക്കണമെന്ന് അവർ തീരുമാനിക്കുന്ന ഒരു സാഹചര്യത്തിൽ കറുത്ത നിറത്തിൽ തുടരുക എന്നതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്

പുറമല്ല അകവും കറുക്കണം; തൊലിപ്പുറത്തെ രാഷ്ട്രീയം പറഞ്ഞ് ആയുഷ് കെജ്രിവാൾ എന്ന ഡിസൈനർ

നിറങ്ങൾ വച്ച് മനുഷ്യൻ മനുഷ്യനെ അളക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. വെളുത്തിരിക്കുക എന്നതൊരു നേട്ടമായും കറുത്ത് പോവുക എന്നതൊരു അപരാധമായും നമ്മൾ മനസിലാക്കാൻ ആരംഭിച്ചിട്ടും വർഷങ്ങൾ ഒരുപാടായിക്കാണണം. ഏത് നിറം വേണം,എത്രത്തോളം മെലിയണം, അഴകളവുകൾ എന്താവണം തുടങ്ങിയെന്തും നിർണ്ണയിക്കുന്നത് ഇന്ന് കുത്തക മുതലാളിമാരാണ്. അവരുടെ താല്പര്യത്തിനനുസരിച്ച് നമ്മൾ വെളുക്കും,മെലിയും, തുടുക്കും. കാരണം അതൊക്കെയാണ് സൗന്ദര്യമെന്നു നമ്മളെ ലോകം പഠിപ്പിച്ചിരിക്കുന്നു. അവർക്ക് വേണ്ടതും അങ്ങനെയുള്ളവരെ മാത്രമാണ്. താരതമ്യേന ഈ അളവുകോലുകൾ സ്ത്രീ ശരീരത്തെ ഒരൽപം കൂടുതൽ ബാധിക്കുന്നുണ്ട് എന്നതും നമുക്കെല്ലാമറിയുന്ന വാസ്തവമാണ്.

ഇത്തരമൊരിടത്ത് നിന്നുകൊണ്ട് ഇരുണ്ട നിറമുള്ള മോഡലുകളെ വച്ച് ഫോട്ടോഷൂട്ട് നടത്തുന്ന ഒരു ഫാഷൻ ഡിസൈനറെ കുറിച്ച് സങ്കല്പിക്കാമോ. ആയുഷ് കെജ്‌രിവാൾ അങ്ങനെയൊരു ഡിസൈനറാണ്. യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഡിസൈനറായ ആയുഷിന്റെ അഭിപ്രായത്തിൽ സൗന്ദര്യം എന്നത് ആത്മവിശ്വാസത്തിൽ നിന്നുണ്ടാകുന്ന ഒന്നാണ്. ഏതൊരു നിറത്തിലും ആകൃതിയിലും വലിപ്പത്തിലും സൗന്ദര്യമുണ്ട് എന്ന് ആയുഷ് വിശ്വസിക്കുന്നു.

"ആത്മവിശ്വാസം നിങ്ങൾക്ക് സന്തോഷം നൽകും. സന്തോഷമാണ് ഒരാളെ സൗന്ദര്യമുള്ളതാക്കുന്നത്. സന്തോഷമില്ലാതെ ഒരു തരത്തിലും നിങ്ങൾക്ക് സൗന്ദര്യമുള്ളയാളാവാൻ സാധ്യമല്ല." ആയുഷ് പറയുന്നു.

ഇരുണ്ട നിറമുള്ളവരെ മോഡലുകളാക്കുന്ന വളരെ ചുരുക്കം ഡിസൈനർമാരേ ഇന്ത്യയിലുള്ളൂ. സൗന്ദര്യവർധക വസ്തുക്കളുടെ വ്യവസായം തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത്, നിങ്ങളെങ്ങനെ ഇരിക്കണമെന്ന് അവർ തീരുമാനിക്കുന്ന ഒരു സാഹചര്യത്തിൽ കറുത്ത നിറത്തിൽ തുടരുക എന്നതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. വെളുത്ത നിറമുള്ളവരെ സൗന്ദര്യമുള്ളവരെന്നും ഉയർന്ന ജീവിത സാഹചര്യത്തിൽ നിന്ന് വന്നവരെന്നും ഒറ്റയടിക്ക് വിലയിരുത്തുന്ന സമൂഹമാണ് നമ്മുടേത്. അവിടെയാണ് ആയുഷ് തന്റെ മോഡലുകളായി കറുത്ത നിറമുള്ളവരെ തെരഞ്ഞെടുക്കുന്നത്.'പുറമേ കറുത്തിട്ടാണെങ്കിലും ഉള്ളു വെളുത്തിട്ടാണ്' എന്ന് വരെ പറയാനേ നമ്മുടെ ലോകം പഠിച്ചിട്ടുള്ളൂ. കറുപ്പ് നല്ലതാണെന്നു സമ്മതിക്കുക അവർക്കപ്പോഴും വിഷമമാണ്.

നിലവിലെ നിരവധി സാമൂഹിക സാഹചര്യങ്ങളെയും ആയുഷ് ചോദ്യം ചെയ്യുന്നുണ്ട്. നിറമുള്ള സാരിയുടുത്ത മൂന്നു സ്ത്രീകളുടെ ചിത്രത്തിന് 'കളർഫുൾ വിഡോസ്' എന്ന് വിളിച്ചുകൊണ്ട് എന്ത്കൊണ്ട് വിധവകൾ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കണം എന്ന സമ്പ്രദായത്തെ ബുദ്ധിപൂർവ്വം ചോദ്യം ചെയ്യുകയാണ് ഈ ചെറുപ്പക്കാരൻ. ''കാലങ്ങളായി പിന്തുടർന്നു പോരുന്നു എന്നത് കൊണ്ട് എല്ലാ ആചാരങ്ങളും ശരിയായിരിക്കണം എന്ന് നിർബന്ധമില്ല. കാലാനുസൃതമായി അവയെ തിരുത്തേണ്ട ബാധ്യത നമുക്കുണ്ട്''

ഇന്ത്യൻ പരമ്പരാഗത വേഷങ്ങൾ ഏതെങ്കിലും ഒരു മതത്തിന്റേത് മാത്രമല്ലെന്നും ആയുഷ് വിശ്വസിക്കുന്നു. ഇന്ത്യൻ വേഷമണിഞ്ഞ്‌ ഹിജാബിട്ട പെൺകുട്ടികളുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനെതിരെ ആയുഷിനെതിരെ നിരവധിപേർ രംഗത്ത് വന്നിരുന്നു. അത്തരം ചിത്രങ്ങൾ ഹിന്ദുമതത്തെ അവഹേളിക്കലാണ് എന്നായിരുന്നു അവരുടെ വാദം. എന്നാൽ ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ് എന്നും ഇവിടെ പല വിശ്വാസങ്ങളിലുള്ളവർ ജീവിക്കുന്നുണ്ടെന്നും എല്ലാത്തരം വസ്ത്രവും ധരിക്കുവാനുള്ള അവസരവും അവകാശവും എല്ലാവർക്കും തുല്യമാണ് എന്നും ഒരു പ്രത്യേക രീതിയിലുള്ള വസ്ത്ര ധാരണത്തിന്റെ അവകാശം ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അർഹതപ്പെട്ടതല്ലെന്നും ആയുഷ് അഭിപ്രായപ്പെടുന്നുണ്ട്.

നിറം കൊണ്ട് മനുഷ്യനെ അളക്കുന്ന രീതി സ്കൂൾ പഠനകാലം മുതൽക്കേ ആരംഭിക്കുന്നതാണെന്ന് ആയുഷ് പറയുന്നുണ്ട്. എല്ലാ നിറങ്ങളും എല്ലാ രൂപങ്ങളും എല്ലാ ലൈംഗിക സവിശേഷതകളും ഒരു പോലെ അംഗീകരിക്കപ്പെടേണ്ടതും ഒരു പോലെ പരിഗണിക്കപ്പെടേണ്ടതുമാണെന്ന് ഇദ്ദേഹം പറയുന്നു. ഇതേക്കുറിച്ചെല്ലാം ചെറുപ്പം മുതൽക്കേ കുട്ടികളെ ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണ്. ഒന്നിന്റെയും പേരിൽ ഒരാളെയും മാറ്റി നിർത്തരുതെന്നു പറഞ്ഞു തന്നെ കുഞ്ഞുങ്ങളെ വളർത്തേണ്ടതുണ്ട്. കറുപ്പൊരു കുറവല്ലെന്നും കറുത്തിരിക്കുന്നവർ ഒരാളുടെയും താഴെയുള്ളവരല്ലെന്നും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

Read More >>