അമ്മക്കൂട്ടിന്റെ കഥ പറയുന്ന ഫ്യൂഗ്

അമ്മയില്ലായ്മയെ ഒരു ചെറുപ്പക്കാരന്‍ മറികടക്കുന്നതെങ്ങനെയെന്ന് അത്ഭുതത്തോടെ മാത്രമേ നമുക്ക് കണ്ടിരിക്കാന്‍ സാധിക്കൂ. വിവേക് ജോസഫ് വര്‍ഗ്ഗീസ് ആണ് ഫ്യൂഗ് എന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

അമ്മക്കൂട്ടിന്റെ കഥ പറയുന്ന ഫ്യൂഗ്

അമ്മയില്ലാത്തവരുടെ സങ്കടങ്ങളെക്കുറിച്ച് അറിയാമോ? ഓരോ നിമിഷവും ആ ഇല്ലായ്മ ഇങ്ങനെ ഉമിത്തീ പോലെ നീറിക്കൊണ്ടിരിക്കും. ലോകത്തൊരു ബന്ധത്തിനും ഒരാള്‍ക്കും നികത്താന്‍ സാധിക്കാത്ത ഒരു വിടവാണത്. വഴക്കു പറയാന്‍, വൈകിയെത്തുമ്പോള്‍ കാത്തിരിക്കാന്‍, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാന്‍ അങ്ങനെയൊരാളില്ലാത്തവരുടെ വേദന ഭീകരമാണ്. ഈ ഇല്ലായ്മയുടെ കഥയാണ് ഫ്യൂഗ് എന്ന ഷോര്‍ട്ട്ഫിലിം പ്രേക്ഷകരോട് പറയുന്നത്. അമ്മയില്ലായ്മയെ ഒരു ചെറുപ്പക്കാരന്‍ മറികടക്കുന്നതെങ്ങനെയെന്ന് അത്ഭുതത്തോടെ മാത്രമേ നമുക്ക് കണ്ടിരിക്കാന്‍ സാധിക്കൂ.


ആഷ്‌ലി എന്ന പെണ്‍കുട്ടിയില്‍ നിന്നാണ് ഈ ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത്. ഒറ്റപ്പെട്ടതിന്റെ വേദനയില്‍ ജീവിക്കുന്ന അവള്‍ റോയി എന്ന അപരിചിതനായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു. പരിചയം പ്രണയത്തിലെത്തുമ്പോള്‍ പെട്ടെന്നൊരു ദിവസം അയാള്‍ അപ്രത്യക്ഷനാകുന്നു. തീര്‍ത്തും സാധാരണമെന്ന് തോന്നാമെങ്കിലും അയാള്‍ അപ്രത്യക്ഷനാകുന്നതിന് പിന്നില്‍ ഒരു മനശാസ്ത്രവശമുണ്ട്. ഒരിക്കല്‍ പ്രാണനായിരുന്ന ഒരുവന് താന്‍ അപരിചിതയായി എന്ന ആഷ്‌ലി തിരിച്ചറിയുന്നു. എന്നാല്‍ അയാളെന്തിനാണ് പെട്ടെന്നൊരു ദിവസം പറയാതെ മറഞ്ഞുപോയതെന്ന് അറിയുമ്പോള്‍ ഒരേസമയം പ്രേക്ഷകരും ആഷ്‌ലിയും തകര്‍ന്നു പോകുന്നുണ്ട്.

വിവേക് ജോസഫ് വര്‍ഗ്ഗീസ് ആണ് ഫ്യൂഗ് എന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റന്‍ എഡിറ്റിംഗും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഡോ. മുഹമ്മദ് ഷാഫിയും കെ. ജെ. വര്‍ഗ്ഗീസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഫ്യൂഗ് തിര മൂവി ലാബ്‌സിന്റെ ബാനറിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ശ്യാമപ്രകാശ് റോയിയായും രശ്മി കെ. നായര്‍ ആഷ്‌ലിയായും വേഷമിട്ടിരിക്കുന്നു. മുപ്പത്തിയെട്ട് അംഗീകാരങ്ങളാണ് പതിനാറ് മിനിറ്റും മുപ്പത്തിയാറ് സെക്കന്റുമുള്ള ഈ ഷോര്‍ട്ട്ഫിലിം നേടിയിരിക്കുന്നത്.

Read More >>