മിഷേൽ ഫ്രാങ്കോ ജീവിതത്തെ അറിയാൻ മരണത്തെ തേടുന്ന ചലച്ചിത്രകാരൻ

അനയുടെ വിവാഹത്തിന് തൊട്ടുമുൻപ് മെക്സിക്കോ സിറ്റിയിൽ വെച്ച് രണ്ട് പേരെയും ഒരു സംഘം തട്ടിക്കൊണ്ട് പോകുന്നു,അവർ ഇരുവരെയും നിർബന്ധിച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുത്തി അത് ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന് ശേഷം ആ സഹോദരങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ കാതൽ.

മിഷേൽ ഫ്രാങ്കോ ജീവിതത്തെ അറിയാൻ മരണത്തെ തേടുന്ന ചലച്ചിത്രകാരൻ

മരണത്തിന്റെയും രോ​ഗത്തിന്റെയും സഹനങ്ങളുടെ കഥാകാരനാണ് മിഷേൽ ഫ്രാങ്കോ. യാഥാർത്ഥ്യത്തെ അലക്കി വെളുപ്പിക്കാത്ത സംവിധായകൻ. മരണത്തെ പലതരത്തിൽ അവതരിപ്പിക്കാമെന്നാണ് ഫ്രാങ്കോ പറയുന്നത്. വൂഡി അലനെപ്പോലെ ഹാസ്യാത്മകമായോ ഇം​ഗ്മാർ ബർ​ഗ്മാനെപ്പോലെ ബൗദ്ധികമായോ ഒക്കെ, എന്നാൽ മറ്റ് ചില ചലച്ചിത്രങ്ങളിലേത് പോലെ മരണത്തെ കാൽപ്പനികമായ ഒ‍ടുക്കമായി അവതരിപ്പിക്കാൻ ഫ്രാങ്കോ തയ്യാറല്ല. ഫ്രാങ്കോ തന്റെ എല്ലാ ചിത്രങ്ങളിലും രോ​ഗാവസ്ഥയുടെയോ ആശുപത്രിവാസത്തിന്റെയോ മരണത്തിന്റെയോ യഥാതഥ ചിത്രീകരണത്തിലൂടെ ജീവിതത്തെ തന്നെ അവിഷ്കരിക്കുകയാണ്. 22ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമകാലിക സംവിധായക വിഭാ​ഗത്തിലാണ് മെക്സിക്കൻ യുവ ചലച്ചിത്രകാരനായ മിഷേൽ ഫ്രാങ്കോയുടെ 5 ചിത്രങ്ങളുള്ളത്. ആഫ്റ്റർ ലൂസിയ (2012), ഏപ്രിൽസ് ഡോട്ടർ (2017), ക്രോണിക്(2015), ഡാനിയൽ ആന(2009), ത്രൂ ദി അയ്സ്(2013) എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ആഫ്റ്റർ ലൂസിയ എന്ന ചിത്രത്തിന് ഫ്രാങ്കോയ്ക്ക് 2012 കാൻ ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. ക്രോണിക്ക് എന്ന ചിത്രത്തിന് 2015ലെ കാനിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ഫ്രാങ്കോ 2017 ലെ കാനിൽ ഏപ്രിൽ ‍‍ഡോട്ടറിലൂടെ പ്രത്യേക ജൂറി പുരസ്കാരവും നേടി.

ആന, ഡാനിയേൽ എന്നീ സഹോദരങ്ങളുടെ കഥയാണ് ഡാനിയൽ ആൻ്റ് ആന പറയുന്നത്. വിവാഹിതയാവാൻ തയ്യാറെടുക്കുന്ന അനയും സ്വന്തം ജീവിത്തെ നിർണ്ണയിക്കാൻ ശ്രമിക്കുന്ന ഡാനിയേലും വളരെ അടുപ്പമുള്ള സഹോദരങ്ങൾ കൂടിയാണ്. അനയുടെ വിവാഹത്തിന് തൊട്ടുമുൻപ് മെക്സിക്കോ സിറ്റിയിൽ വെച്ച് രണ്ട് പേരെയും ഒരു സംഘം തട്ടിക്കൊണ്ട് പോകുന്നു,അവർ ഇരുവരെയും നിർബന്ധിച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുത്തി അത് ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന് ശേഷം ആ സഹോദരങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ കാതൽ. മൂന്ന് ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.ഏപ്രിൽസ് ഡോട്ടർ എന്ന സിനിമ വലേറിയ എന്ന പെൺകുട്ടിയും അവളുടെ അമ്മ ഏപ്രിലുമായുമായുള്ള സുഖകരമല്ലാത്ത ബന്ധത്തിന്റെ കഥ പറയുന്നു. പതിനേഴുകാരിയായ വലേറിയ ഗർഭിണിയാണ്. അർത്ഥസഹോദരി ക്ലാരയോടൊപ്പമാണ് അവൾ ജീവിക്കുന്നത്. തന്റെ മകൾ ഗർഭിണിയാണെന്ന് ഏപ്രിൽ അറിയുന്നുണ്ടെങ്കിലും വലേറിയ അമ്മയെ സ്വീകരിക്കാൻ തയ്യാറാവുന്നില്ല. എന്നാൽ സാമ്പത്തിക ബാധ്യതയും വീട്ടിൽ ഒരു കുട്ടിയുണ്ടാകുമ്പോഴുണ്ടാവുന്ന അമിത ഭാരവും വീട്ടിലേക്ക് അമ്മയെ ക്ഷണിക്കാൻ വലേറിയയെ നിർബന്ധിതയാക്കുന്നു. ശേഷം ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ എന്ത് കൊണ്ടാണ് വലേറിയ അമ്മയെ വീട്ടിലേക്ക് വിളിക്കാതിരുന്നതെന്ന് പ്രേക്ഷകന് മനസ്സിലാകുന്നു. ഹാൻസ് ഫിലിം ഫെസ്റ്റിവലിൽ നിന്നും സ്‌പെഷ്യൽ ജൂറി പുരസ്കാരം കരസ്ഥമാക്കിയ സിനിമ അഞ്ച് അന്താരാഷ്‌ട്ര സിനിമാ മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
2015 ഇത് പുറത്തിറങ്ങിയ ക്രോണിക്ക് എന്ന സിനിമ ഡേവിഡ് എന്ന മെയിൽ നേഴ്‌സിന്റെ ജീവിതത്തിന്റെ വിരുദ്ധാന്തരീക്ഷങ്ങളെ ചർച്ച ചെയ്യുന്നതാണ്. മരണാസന്നനായ രോഗികളെ ശ്രുശൂഷിക്കുന്ന ഡേവിഡ് തന്റെ ജോലിയിൽ അങ്ങേയറ്റം കാര്യക്ഷമതയും ആത്മാർത്ഥതയും പുലർത്തുന്ന ആളാണ്. പരിചരിക്കുന്ന എല്ലാ രോഗികളുമായും അയാൾ നല്ല ബന്ധം പുലർത്തുന്നു. എന്നാൽ ജോലിക്കു പുറത്ത് ഡേവിഡ് കാര്യപ്രാപ്തിയില്ലാത്തവനും അന്തർമുഖനുമാണ്. അത് കൊണ്ട് തന്നെ രോഗികൾക്ക് അയാളെ എത്രത്തോളം ആവശ്യമാണോ അതിനേക്കാൾ അയാൾക്ക് രോഗികളെ ആവശ്യമാണ്. ഏഴ് ചലച്ചിത്ര മേളകളിൽ നിന്നായി മൂന്ന് പുരസ്കാരങ്ങൾ സിനിമ നേടിയിട്ടുണ്ട്.
2013 ൽ റിലീസായ ത്രൂ ദി ഐസ് എന്ന സിനിമ മോണിക്ക എന്ന സാമൂഹ്യപ്രവർത്തകയുടെ ജീവിതം ചർച്ച ചെയ്യുന്നു. മോണിക്കയുടെ മകൻ നേത്രരോഗത്താൽ ബുദ്ധിമുട്ടുന്ന ഒരാളാണ്. പല ചികിത്സാവിധികളും പരീക്ഷിച്ചുവെങ്കിലും കോർണിയ മാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് മുന്നിലുള്ള പോംവഴി എന്ന് മോണിക്ക മനസ്സിലാക്കുന്നു. പക്ഷെ, പ്രതികൂലമായ സാമ്പത്തിക ചുറ്റുപാടിൽ നിന്ന് കൊണ്ട് ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ അവർക്ക് കടുത്ത ഒരു തീരുമാനമെടുക്കേണ്ടി വരുന്നു.


Story by