ശത്രുസംഹാര പൂജ ഫലം ചെയ്യുമെങ്കില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല: ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തിന്റെ യുക്തിസഹമായ മറുപടി

തന്റെ ജാതകമടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിടുകയും തനിക്കെതിരെ ശത്രുസംഹാര ക്രിയകള്‍ ചെയ്യണമെന്ന് വെല്ലുവിളിച്ച കാര്യവും ഹരി മറുപടിയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ തനിക്ക് ഇന്നുവരെ യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു...

ശത്രുസംഹാര പൂജ ഫലം ചെയ്യുമെങ്കില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല: ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തിന്റെ യുക്തിസഹമായ മറുപടി

ശത്രുസംഹാരക്രിയകള്‍ സംബന്ധിച്ച് സംശയവുമായെത്തിയ ഗൃഹനാഥയ്ക്ക് യുക്തിസഹമായ മുറപടി നല്‍കി ജ്യോത്സ്യന്‍ ഹരി പത്തനാപുരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സൂര്യാ ടിവിയിലെ ശുഭാരംഭം എന്ന പ്രതിദിന ജ്യോതിഷ പരിപാടിയിലൂടെയാണ് കപട ജ്യോത്സ്യന്‍മാര്‍ക്കെതിരെ കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കി ഹരി രംഗത്തെത്തിയത്.

തന്റെ ജീവിതത്തില്‍ സംഭവിച്ച ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒരു ഗൃഹനാഥയുടെ കത്തിനാണ് ഹരി പത്തനാപുരം മറുപടി നല്‍കിയിരിക്കുന്നത്. താനും ബികോമിന് പഠിക്കുന്ന മകളും ഒരുമിച്ചാണ് താമസിക്കുന്നതെന്നും മകള്‍ക്ക് വിവാഹാലോചനകള്‍ നടക്കാതെ വന്നതോടെ ജാതകം നോക്കിയപ്പോള്‍ തങ്ങള്‍ക്കെതിരെ സഹോദരതുല്യനായ ആരോ ഒരാള്‍ ശത്രുസംഹാരക്രിയകള്‍ ചെയ്യുന്നുണ്ടെന്നു വ്യക്തമായെന്നും അവര്‍ കത്തില്‍ പറയുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ മരണത്തിനടക്കം ഇതാണ് കാരണമെന്നു ജാതകം നോക്കി യാള്‍ പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ശത്രുദോഷം മാറാന്‍ എന്തു ചെയ്യണം, മകളുടെ വിവാഹം എന്നു നടക്കും ഇക്കാര്യങ്ങളാണ് ഹരിയോട് സ്ത്രീ കത്തിലൂടെ ചോദിച്ചത്.

എന്നാല്‍ ശത്രുസംഹാര ക്രിയകള്‍ എന്ന ഒരു പ്രക്രിയ ഹിന്ദുമതമുള്‍പ്പെടെയുള്ള ഒരു മതത്തിലുമില്ലെന്ന് ഹരിപത്തനാപുരം മറുപടിയായി പറയുന്നു. തന്റെ ജാതകമടക്കമുള്ള വിവരങ്ങള്‍ ഫെസ്്ബുക്കിലൂടെ പുറത്ത് വിടുകയും തനിക്കെതിരെ ശത്രുസംഹാര ക്രിയകള്‍ ചെയ്യണമെന്ന് വെല്ലുവിളിച്ച കാര്യവും ഹരി മറുപടിയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ തനിക്ക് ഇന്നുവരെ യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശത്രുസംഹാര ക്രിയകളിലൂടെ ആരെയെങ്കിലും നശിപ്പിക്കാന്‍ കഴിയുമെങ്കില്‍ മോദി സര്‍ക്കാരിന് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പട്ടാളക്കാരെ കാവല്‍ നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നു. അഥര്‍വ്വ വേദമറിയാവുന്ന കുറേയേറേ മന്ത്രവാദികളെ അതിര്‍ത്തിയിലേക്കു വിട്ടാല്‍ അവര്‍ ശത്രസംഹാരപൂജ നടത്തി പാകിസ്ഥാനേയും ചൈനയേയും പാഠം പഠിപ്പിക്കുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. സൈനിക സംവിധാനങ്ങള്‍ക്കു വേണ്ടി ഇത്രയും തുക ചെലവാക്കേണ്ട ആവശ്യമില്ലെന്ന കാര്യവും അദ്ദേഹം മറുപടിയായി ചൂണ്ടിക്കാട്ടുന്നുണ്ട്.


പ്രസ്തുത മറുപടിയെ കൈയടിയോടെയാണ് സോഷ്യല്‍മീഡിയ വരവേറ്റിരിക്കുന്നത്. ഇതാദ്യമായിട്ടല്ല ഹരി പത്തനാപുരം സോഷ്യല്‍മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. മുമ്പും ജ്യോതിഷ സംബന്ധിയായ ഹരിയുടെ പല മറുപടികളും അഭിനന്ദനാര്‍ഹമായിട്ടുണ്ട്.

Read More >>