കോടികൾ കക്കുന്നവനെ ആദരിക്കണം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ തല്ലിക്കൊല്ലണം; ഇതൊരു പ്രതിഷേധമാണ്

'അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് ബജറ്റിൽ 500 കോടി രൂപ അനുവദിച്ചു' എന്ന് എഴുതിയ വർത്തമാനകടലാസിൽ പൊതിഞ്ഞ രണ്ട് ഉള്ളികൾ കാണിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. കാണുന്ന എല്ലാവരിലും സിനിമ ഒരു നോവ് ബാക്കി നിർത്തുന്നുണ്ട്

കോടികൾ കക്കുന്നവനെ ആദരിക്കണം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ തല്ലിക്കൊല്ലണം; ഇതൊരു പ്രതിഷേധമാണ്

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതത്തിൻ്റെ ഞെട്ടലിൽ നിന്ന് കേരളത്തിന് ഇപ്പോഴും പുറത്ത് കടക്കാൻ ആയിട്ടില്ല. 'വിശപ്പകറ്റാൻ ആഗ്രഹിച്ചവനെ' തല്ലികൊന്നെന്ന വാർത്ത കടന്ന് പിടിച്ചത് ഓരോ മലയാളിയുടേയും മനസാക്ഷിയെയാണ്. തെരുവ് നാടകമായും പ്രതിഷേധ പ്രകടങ്ങളായും നമ്മളതിൽ രോക്ഷം പ്രകടിച്ച് കൊണ്ടിരുന്നു. എന്നാൽ ഇതാ വ്യത്യസ്ഥമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ജിതിൻ രാജ് എന്ന തൃശ്ശൂരുകാരൻ, വിശപ്പിൻ്റെ ചിരി' എന്ന ഷോർട്ട് ഫിലിമിലൂടെ.

വലിയ പാറക്ക് പിന്നിലിരിക്കുന്ന മധുവിനെ തേടി പോകുന്ന ഒരു കൂട്ടം ആളുകളുടെ ഫേസ്ബുക്ക് ലൈവായിട്ടാണ് ഷോർട്ട് ഫിലിമിൻ്റെ അവതരണം. ആൾകൂട്ടം മധുവിനെ കണ്ടു പിടിക്കുന്നതും മർദ്ദിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു. "മാന്യന്മാരായ നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഇത്തരത്തിലുള്ള ദ്രോഹികളെ ഇവിടെ ജീവിക്കാൻ സമ്മതിക്കരുത്. നീതി ന്യായ വ്യവസ്ഥക്ക് വിട്ട് കൊടുക്കാതെ ഇവന് തക്ക് ശിക്ഷ നൽകണം"- ആൾകൂട്ടം പറയുന്നു. ഇതെ യുക്തി തന്നെയാവണം മധുവിൻ്റെ കൊലപാതകത്തിന് പിന്നിലും പ്രവർത്തിച്ചത് എന്ന സംവിധായകൻ്റെ നിരീക്ഷണം അവതരിപ്പിക്കുമ്പോൾ ശരിയല്ലേ എന്ന് കാഴ്ച്ചക്കാരനും തോന്നും. ആളുകൾ ഒഴിഞ്ഞപ്പോൾ മരിച്ച് കിടക്കുന്ന മധുവും ഇത് കണ്ട് കൊണ്ടിരിക്കുന്ന എട്ടോ ഒൻപതോ വയസ്സുള്ള കുട്ടിയുമാണ് സ്ക്രീനിലുള്ളത്. കുട്ടി പതിയെ പാറമേൽ നിന്നിറങ്ങി വന്ന് 'തൊണ്ടി മുതൽ' പരിശോധിക്കുന്നു. 'അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് ബജറ്റിൽ 500 കോടി രൂപ അനുവദിച്ചു' എന്ന് എഴുതിയ വർത്തമാനകടലാസിൽ പൊതിഞ്ഞ രണ്ട് ഉള്ളികൾ കാണിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.സിനിമ കാണുന്ന എല്ലാവരിലും ഒരു നോവ് ബാക്കി നിർത്തുന്നുണ്ട് ' വിശപ്പിൻ്റെ ചിരി'. ആൾ കൂട്ട ആക്രമണത്തിൻ്റെ ഭീകരതയിലേക്കും ഭരണകൂട തട്ടിപ്പിലേക്കുമെല്ലാം ഈ സിനിമ വിരൽ ചൂണ്ടുന്നു. "കോടികൾ കക്കുന്നവനെ ആദരിക്കണം, വിശപ്പടക്കാൻ ഒരു നേരത്തെ അന്നം മോഷ്ടിക്കുന്നവനെ തല്ലിക്കൊല്ലണം; ഹ്രസ്വചിത്രം എന്നതിനപ്പുറത്ത് ഇതൊരു പ്രതിഷേധമാണ്"- ജിതിൻ രാജ് പറയുന്നു. 4 മിനിറ്റ് 19 സെക്കൻ്റ് ദൈർഘ്യമുള്ള സിനിമ മൊബൈൽ ഫോൺ മാത്രമുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. രോഹിത്ത് വി എസ് ആണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ മാളക്കടുത്തുള്ള ആനപ്പാറയാണ് ലൊക്കേഷൻ. സതീഷ് കെ കുന്നത്താണ് മധുവിൻ്റെ വേഷം ചെയ്തിരിക്കുന്നത്. സതീഷിൻ്റെ അനിയൻ്റെ മകൻ ഡാവിഞ്ചി സന്തോഷാണ് എട്ടുവയസ്സുകാരൻ്റെ റോളിൽ എത്തിയിരിക്കുന്നത്. ബാബു കീർത്തന,രമേഷ്, ബിനു, സുരേഷ്, ചന്ദുലാൽ, അമ്പാടി കോവിലകത്ത്, രതീഷ് എ ആർ എന്നിവരാണ് ആൾകൂട്ടത്തെ പ്രതിനിധീകരിച്ചിരിക്കുന്നത്. ക്രാങ്കനൂർ ടാക്കീസിൻ്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


ജിതിൻ രാജ് ഇതിന് മുൻപ് സോഷ്യൽ മീഡിയ ഏറ്റെടുത്ത 'പല്ലൊട്ടി' 'സേവ്' എന്നീ ഹ്രസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഡാവിഞ്ചി സന്തോഷായിരുന്നു പല്ലൊട്ടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്

Read More >>