നമ്മവര; പ്രതിഷേധത്തിന്റെ മൂർച്ചയേറിയ ചിത്രങ്ങളുമായി ബിജോയ് പൊതുവിടങ്ങളിലേക്ക്

അശാന്തന് സംഭവിച്ചതുപോലെ ദളിതരെ അക്കാദമികളും ആർട്ട് ഗ്യാലറികളും ബഹിഷ്‌കരിച്ചിരിക്കുകയാണ്. ആ വ്യവസ്ഥിതിയെ പൊളിക്കുക കൂടെയാണ് തന്റെ ഉദ്ദേശമെന്നും ബിജോയ് വ്യക്തമാക്കുന്നു.

നമ്മവര; പ്രതിഷേധത്തിന്റെ മൂർച്ചയേറിയ ചിത്രങ്ങളുമായി ബിജോയ് പൊതുവിടങ്ങളിലേക്ക്

സമൂഹത്തിലെ നീതികേടുകളോടുള്ള സമരമായി താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമായി ഒരു ചിത്രകാരൻ കേരളത്തിലെ പൊതുവഴികളിലേയ്ക്ക് ഇറങ്ങുന്നു. സ്വതന്ത്ര ചിത്രകാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ബിജോയ് എസ്ബിയാണ് ചിത്രകലാ ലോകത്തെ സവർണതയോടും സാമൂഹിക അനീതികളോടുമുള്ള പ്രതിഷേധമായി ചിത്രപ്രദർശനം നടത്തുന്നത്. നമ്മവര എന്നാണ് പ്രദർശനത്തിന്റെ പേര്. ഈ മാസം എട്ടിന് നെയ്യാറ്റിൻകരയിൽ ആരംഭിക്കുന്ന ചിത്രപ്രദർശനം കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ഉണ്ടാകുംവിവിധ സന്ദർഭങ്ങളിലും വിഷയങ്ങളിലും പ്രതിഷേധ സൂചകമായി താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തിലെ സവർണ മേധാവിത്വത്തിന്റെ പിടിയിലുള്ള കലയുടെ പൊളിച്ചെഴുത്താണ് താൻ ലക്ഷ്യമിടുന്നതെന്നും ബിജോയ് നാരദാ ന്യുസിനോട് പറഞ്ഞു. ഒരു ലക്ഷത്തിന് മുകളിൽ വാടകയിനത്തിൽ വേണ്ടിവരുന്ന കേരളത്തിലെ ആർട്ട് ഗാലറികൾ സാധാരണക്കാരന് അപ്രാപ്യമാണ്. അത് സവർണ കലാകാരന്മാരുടെ ഇടമാണ്. അശാന്തന് സംഭവിച്ചതുപോലെ ദളിതരെ അക്കാദമികളും ആർട്ട് ഗ്യാലറികളും ബഹിഷ്‌കരിച്ചിരിക്കുകയാണ്. ആ വ്യവസ്ഥിതിയെ പൊളിക്കുക കൂടെയാണ് തന്റെ ഉദ്ദേശമെന്നും ബിജോയ് വ്യക്തമാക്കുന്നു.
സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള ആളാണ് ബിജോയ്. നമ്മവര എന്ന പരമ്പരയിൽപെട്ട ചിത്രങ്ങളിലെല്ലാം തന്നെ ബിജോയ് ആ രാഷ്ട്രീയം വരച്ചു ചേർത്തിട്ടുണ്ട്. സാമൂഹിക അനീതികളോടുള്ള ബിജോയിയുടെ കലഹം ചിത്രങ്ങളിലെല്ലാം കാണാം. സേവ് ദി സിസ്റ്റേഴ്സ് സമരം, സിറിയൻ അഭയാർത്ഥികളുടെ ദയനീയത- അയ്‌ലൻ കുർദിയുടെ മരണം, മാറുതുറക്കൽ സമരം, ആർത്തവം, ഗൗരി ലങ്കേഷിന്റെ മരണം, ജെഎൻയു സമരം, കത്വ പെൺകുട്ടി, അസ്‌നിയ സംഭവം, സഭ, ബ്രാഹ്മണ്യ-ഹിന്ദുത്വ രാഷ്ട്രീയം, പ്രളയം തുടങ്ങിയ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും ബിജോയ് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്.ആർട്ടിലൂടെ രാഷ്ട്രീയം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ശ്രമമാണ് തന്റേത് എന്നാണ് തന്റെ ചിത്ര രചനാ രീതിയെക്കുറിച്ചു ബിജോയ് വിശദീകരിക്കുന്നത്. വരച്ച ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പ്രദർശനത്തിൽപെടുന്നു. തിരുവനന്തപുരം സൂര്യ ഫെസ്റ്റിവലിൽ അടക്കം ബിജോയിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.