കലാ'ലയത്തില്‍ 'കലാ'പം: നിരാഹാരം വിത്ത് ഡ്രീംക്യാച്ചര്‍ നിര്‍മ്മാണം; ആര്‍എല്‍വി സമരം പതിനാലാം ദിവസം ആര്‍ട്ടിവിസത്തിന്റെ അടുത്ത ഘട്ടത്തില്‍

കഥകളിക്കായി ശില്‍പ്പകലാ വിഭാഗത്തിന്റെ ക്ലാസ് റൂമുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സമരകല ആരംഭിച്ചത്. 15 ദിവസം നീണ്ട സമരത്തിന്റെ ചെലവിനായി ഡ്രീംക്യാച്ചറുകള്‍ നിര്‍മ്മിക്കുകയാണ് സമരം

കലാലയത്തില്‍ കലാപം: നിരാഹാരം വിത്ത് ഡ്രീംക്യാച്ചര്‍ നിര്‍മ്മാണം; ആര്‍എല്‍വി സമരം പതിനാലാം ദിവസം ആര്‍ട്ടിവിസത്തിന്റെ അടുത്ത ഘട്ടത്തില്‍

തൃപ്പൂണിത്തുറ രാധാലക്ഷ്മി വിലാസം സര്‍ക്കാര്‍ 'കലാ'ലയത്തിലെ വിദ്യാര്‍ത്ഥികളുടെ 'കലാ'പം കലാപരമായി പതിനഞ്ചാം ദിവസത്തിലേയ്ക്ക്. 13 കലകള്‍ പഠിപ്പിക്കുന്ന ക്യാംപസില്‍ സവര്‍ണ്ണ കലകളോട് പരിഗണനയും ഫൈനാര്‍ട്ട്‌സിനോട് കടുത്ത അവഗണനയുമാണുള്ളത്. കഥകളിക്കു വേണ്ടി ശില്‍പ്പകലയുടെ ക്ലാസ് റൂമുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെയാണ് കലാപരമായ സമരത്തിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ കടന്നത്. നിലവില്‍ റിലേ നിരാഹാരവും തുടങ്ങി. ക്യാപസിനുള്ളില്‍ നിരാഹാര പന്തല്‍ കെട്ടിയാണ് സമരം നടത്തിയിരുന്നത്. എന്നാല്‍ പ്രിന്‍സിപ്പള്‍ പൊലീസിന്റെ സഹായത്തോടെ പന്തല്‍ പൊളിച്ച് മാറ്റി. ഇതോടെ 'പൊരിവെയില്‍ നിരാഹാരം' തുടങ്ങിയത്. പന്തല്‍ ഒഴിവാക്കി മാര്‍ച്ചിലെ കൊടും ചൂടില്‍, റോഡരികിലെ പൊടിയേറ്റാണ് നിരാഹാരം.

സമരത്തിന് ചെലവേറെയുണ്ട്, ഭക്ഷണം, പേപ്പര്‍, പ്രിന്റിങ്, റിസര്‍ച്ച്, ഡോക്കുമെന്റേഷന്‍ തുടങ്ങിയവ പഠനത്തിന്റെ ഭാഗമായും ചെയ്യണം. ചെറിയ ഡ്രോയിങ്ങുകള്‍ പന്തലില്‍ ഇരുന്നു വരച്ചു നല്‍കി സംഭആവന വാങ്ങുകയായിരുന്നു ഇതുവരെ. സമരത്തിലുള്ള ഭാവന്‍ കളര്‍ നൂലുകള്‍ കെട്ടിയുള്ള ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കാന്‍ കൂടെയുള്ളവരെയും പഠിപ്പിച്ചു. വിവിധ നിറത്തിലുള്ള കോട്ടണ്‍ നൂലുകള്‍ ഉപയോഗിച്ചാണ് ഡ്രീംക്യാച്ചര്‍ നിര്‍മ്മിക്കുന്നത്. ഇത് പന്തലില്‍ തൂക്കിയിട്ടിട്ടുണ്ട്. പലരും ഡ്രീം ക്യാച്ചര്‍ വാങ്ങാന്‍ വന്നതോടെ സമരച്ചെലവ് കണ്ടെത്താന്‍ മാര്‍ഗ്ഗമായി. സമരം കണ്ട് നിര്‍ത്തി ചോദിക്കുന്നവര്‍ സംഭാവന നല്‍കുമ്പോള്‍ തിരികെ പെയിന്റിങ്ങുകളും നല്‍കുന്നു.


ആര്‍എല്‍വിയില്‍ 15 ദിവസമായി നടക്കുന്ന വിദ്യാര്‍ത്ഥി സമരം കലാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ചുവരുകളില്‍ അയ്യങ്കാളി, അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ പോരാളികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്താണ് സമരം തുടരുന്നത്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഭക്തിഗാനം രാവിലെ പ്രാര്‍ത്ഥനയായി വെയ്ക്കുന്നതിനെതിരെ സര്‍വ്വരും സ്വതന്ത്രരല്ലേ മണ്ണില്‍ എന്ന ഗാനം വെച്ചും പ്രതിഷേധിച്ചിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് സര്‍വ്വകലാശാല പുതുക്കിയ ഫൈനാര്‍ട്‌സ് സിലബസല്ല കോളേജിലേത്. കോളേജിന്റെ ആരംഭകാലത്തുള്ള അതേ സിലബസില്‍ ഓടുകയാണ് ഫൈനാര്‍ട്‌സ് വിഭാഗം. സ്റ്റുഡിയോകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. ഇതിനിടെയാണ് കഥകളിക്കായി ശില്‍പ്പ വിഭാഗത്തിന്റെ ക്ലാസ് റൂമുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടക്കുന്നതും വിദ്യാര്‍ത്ഥികള്‍ കലാസമരത്തിന് ഇറങ്ങിയതും. ഫൈനാര്‍ട്‌സ് വിഭാഗം അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും സമരത്തോടൊപ്പമുണ്ട്.

Read More >>