പ്രാചീന നഗ്നശില്പം നീക്കം ചെയ്ത ഫേസ്ബുക്ക് സെൻസറിംഗിനെതിരെ ചരിത്ര മ്യൂസിയം

ഇതുപോലൊരു ശില്‍പം നഗ്നതയുടെ പേര് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ നിന്നും നിരോധിക്കപ്പെടേണ്ടതല്ലെന്നും ഒരു കലാസൃഷ്ടിയും നഗ്നതയുടെ പേരിൽ സെൻസറിംഗിന് വിധേയമാവരുതെന്നും നാച്വറൽ ഹിസ്റ്ററി മ്യൂസിയം വാർത്താ കുറിപ്പിൽ പറഞ്ഞു.

പ്രാചീന നഗ്നശില്പം നീക്കം ചെയ്ത ഫേസ്ബുക്ക് സെൻസറിംഗിനെതിരെ ചരിത്ര മ്യൂസിയം

'വീനസ് ഓഫ് വില്ലെൻഡോർഫ്' എന്ന പ്രാചീന നഗ്ന ശില്പം നീക്കം ചെയ്ത ഫേസ്ബുക്ക് നടപടിക്കെതിരെ വിയന്നയിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം രംഗത്ത്. ഒരു പുരാവസ്തു എന്ന നിലയിലാണ് തങ്ങളതിനെ കാണുന്നതെന്ന് ചരിത്ര മ്യൂസിയം പറഞ്ഞു. പ്രത്യേകിച്ചും ഇതുപോലൊരു ശില്‍പം നഗ്നതയുടെ പേര് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ നിന്നും നിരോധിക്കപ്പെടേണ്ടതല്ലെന്നും ഒരു കലാസൃഷ്ടിയും നഗ്നതയുടെ പേരിൽ സെൻസറിംഗിന് വിധേയമാവരുതെന്നും നാച്വറൽ ഹിസ്റ്ററി മ്യൂസിയം വാർത്താ കുറിപ്പിൽ പറഞ്ഞു.

വീനസിനെ നഗ്നയാകാന്‍ അനുവദിക്കുക എന്നാണ് മ്യൂസിയം ഫസിലിറ്റി ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ കോബെരി പ്രതികരിച്ചത്. 29500 വര്‍ഷങ്ങളായി ഒരു ചരിത്രാതീതകാലത്തെ ബിംബമായി വസ്ത്രങ്ങളൊന്നുമില്ലാതെ അവള്‍ സ്വയം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശില്‍പത്തിന്റെ നഗ്നതയെ കുറിച്ച് ഇക്കാലമത്രയും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും ക്രിസ്ത്യൻ കോബെരി കൂട്ടിച്ചേർത്തു.

ലോറ ഖിയാൻഡെ എന്ന ഇറ്റാലിയൻ കലാപ്രവർത്തക ശില്പത്തിൻ്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അശ്ലീലമാണെന്ന കാരണത്താൽ ഫേസ്ബുക്ക് അത് നീക്കം ചെയ്യുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചിത്രം നീക്കം ചെയ്ത സെൻസറിംഗ് നടപടിയ്ക്കെതിരെ ലോറ ഫേസ്ബുക്കിന് മറുപടിയെഴുതി. മനുഷ്യ സംസ്‌കാരത്തിനും ആധുനിക ബൗദ്ധികതയ്ക്കും എതിരെയുള്ള ഈ യുദ്ധം അംഗീകരിക്കാനാവില്ലെന്നാണ് ലോറ ഫേസ്ബുക്കിനെഴുതിയത്. ഇതോടെയാണ് ശില്പം പ്രദർശിപ്പിച്ചിട്ടുള്ള വിയന്ന ചരിത്ര മ്യൂസിയവും നിലപാട് വ്യക്തമാക്കിയത്.

പ്രാചീന ശിലായുഗത്തിലേത് എന്നു കരുതപ്പെടുന്ന മുപ്പതിനായിരത്തോളം വർഷം പഴക്കമുള്ള ശില്പമാണ് 'വീനസ് ഓഫ് വില്ലെൻഡോർഫ്'. ഓസ്ട്രിയയിലെ വില്ലെൻഡോർഫിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തിയ ശില്പം അന്നു മുതൽ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.

Read More >>