കൊച്ചച്ചന്റെ നാടകത്തില്‍ വേഷമിട്ടത് 120 ഇടവകക്കാര്‍; ഒരേ സമയം ഏഴു വേദിയില്‍ പിയത്ത!

സിറിയയില്‍ മക്കളെ നഷ്ടമായ അമ്മമാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാരംഭിച്ച പിയത്ത, യേശുവിന്റെ മരണവേദന അമ്മ മറിയത്തിന്റെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നു

കൊച്ചച്ചന്റെ നാടകത്തില്‍ വേഷമിട്ടത് 120 ഇടവകക്കാര്‍; ഒരേ സമയം ഏഴു വേദിയില്‍ പിയത്ത!


ചേര്‍ത്തല തങ്കി പള്ളിയിലെ കൊച്ചച്ചന്‍ ഷെയിസ് പൊരുന്നക്കോട്ടിന് നാടകം ചെയ്യാന്‍ ആഗ്രഹം. കാര്യം ഇടവകക്കാരോടു പറഞ്ഞു. അതിനെന്താ ചെയ്യാമല്ലോ എന്നായി നാട്ടുകാര്‍. നാടകത്തിനായി 120 പേരെ വേണമെന്നായി അച്ഛന്‍. അങ്ങനെ തങ്കിയിലെ നാടക പ്രേമികളും ഫാ. ഷെയിസും ചേര്‍ന്നൊരുക്കിയ പിയത്ത ലൈറ്റ് & സൗണ്ട് ഷോ വിശുദ്ധവാരത്തില്‍ അരങ്ങിലെത്തി. അഞ്ച് ദിവസത്തിനുള്ളില്‍ പതിനായിരത്തിലേറെ ആളുകളാണ് പരിപാടി കാണാനെത്തിയത്. ഒന്നര മാസത്തെ പരിശീലനത്തിനു ശേഷമാണ് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത നൃത്ത വിസ്മയം അരങ്ങിലെത്തിയത്.


ഒരേ സമയം ഏഴ് സ്റ്റേജുകളിലായാണ് പിയത്തയുടെ അവതരണം. യേശുവിന്റെ കുരിശുമരണയാത്ര പിയത്തയിലെ മാതാവിന്റെ ഓര്‍മ്മയിലൂടെ മിന്നിമറയുന്നത് ആസ്വാദകര്‍ക്ക് അനുഭവിക്കാനാവും. സിറിയയില്‍ മക്കളെ നഷ്ടമായ അമ്മമാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാരംഭിച്ച പിയത്ത, യേശുവിന്റെ മരണവേദന അമ്മ മറിയത്തിന്റെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നു. ''മകനെ നഷ്ടമായ മറിയത്തെ വിശ്വാസി സമൂഹം അമ്മയായി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ മക്കളെ നഷ്ടമായ അനേകം അമ്മമാര്‍ സിറിയയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവരുടെ വേദനയുടെ ആഴം ഉള്‍ക്കൊണ്ടുകൊണ്ടാണ് പിയത്ത വേദനിക്കുന്ന അമ്മമാര്‍ക്കായി സമര്‍പ്പിച്ചത്. അവരെ മറിയത്തിന്റെ സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ പൊതുബോധത്തിനു കഴിയേണ്ടതുണ്ട്'' ഷെയിസ് നാരദാ ന്യൂസിനോട് പറഞ്ഞു. ചരിത്രത്തില്‍നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തിയിട്ടുണ്ട് എന്ന ബോധത്തില്‍നിന്നുകൊണ്ടാണ് പിയത്ത മറിയത്തിന്റെ വീക്ഷണത്തില്‍ അവതരിപ്പിച്ചതെന്ന് ഷെയിസ് കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തല തങ്കിയിലെ പ്രദര്‍ശനത്തിനുശേഷം എറണാകുളം തേവര സ്‌കൂള്‍ ഗ്രൗണ്ടില്‍ ഞായറാഴ്ച വരെ പിയത്തയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. സിനിമാ-നാടക പ്രവര്‍ത്തകന്‍ അലന്‍സിയര്‍, ബൈജു എഴുപുന്ന എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിയത്തയുടെ ആലോചനാ വേളയില്‍ ലഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ നാരദാ ന്യൂസിനോടു പറഞ്ഞു

Read More >>