എന്തിന് സിനിമയില്‍ സ്ത്രീ സംഘടന: മറുപടിയുമായി സംവിധായിക അഞ്ജലി

'ഞങ്ങളില്‍ പലരും പല ഘട്ടങ്ങളില്‍ അനുഭവിക്കുകയോ അറിയുകയോ കാണുകയോ ചെയ്തിട്ടുള്ള അനുഭവങ്ങളില്‍നിന്നാണ് അത്തരമൊരു ചിന്ത രൂപപ്പെട്ടത്. ഏതു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്കു പ്രാഥമികമായ ചില അവകാശങ്ങള്‍ നിയമപരമായിത്തന്നെ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ, സിനിമയില്‍ അത്തരം പ്രാഥമിക അവകാശങ്ങള്‍പോലും സംരക്ഷിക്കപ്പെടുന്നില്ല-അഞ്ജലി മേനോന്‍ പറയുന്നു.

എന്തിന് സിനിമയില്‍ സ്ത്രീ സംഘടന: മറുപടിയുമായി സംവിധായിക അഞ്ജലി

കഴിഞ്ഞ ദിവസം ഉദയം ചെയ്ത മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ സംഘടനയായ 'വിമന്‍ ഇന്‍ സിനിമ കലക്ടീവി'നെ സംബന്ധിച്ചു വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോന്‍. നിലവിലുള്ള ഒരു സിനിമാ സംഘടനയ്ക്കും ബദലായോ സമാന്തരമായോ അല്ല, മറിച്ച് കൊച്ചിയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കുണ്ടായ ദുരനുഭവമാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിനുകാരണമായതെന്നും 'മലയാള മനോരമ'യിലെ നോട്ടം പംക്തിയില്‍ എഴുതിയ ലേഖനത്തിലൂടെ അഞ്ജലി മേനോന്‍ വ്യക്തമാക്കുന്നു. മറ്റു സംഘടനകളില്‍ താനുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണെന്നും ഞങ്ങളുടെ തൊഴില്‍പരമായ പല കാര്യങ്ങളിലും സഹായകമായുള്ളത് ആ സംഘടനക്ാണെന്നും അഞ്ജലി പറയുന്നുണ്ട്.

'ഞങ്ങളില്‍ പലരും പല ഘട്ടങ്ങളില്‍ അനുഭവിക്കുകയോ അറിയുകയോ കാണുകയോ ചെയ്തിട്ടുള്ള അനുഭവങ്ങളില്‍നിന്നാണ് അത്തരമൊരു ചിന്ത രൂപപ്പെട്ടത്. ഏതു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്കു പ്രാഥമികമായ ചില അവകാശങ്ങള്‍ നിയമപരമായിത്തന്നെ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ, സിനിമയില്‍ അത്തരം പ്രാഥമിക അവകാശങ്ങള്‍പോലും സംരക്ഷിക്കപ്പെടുന്നില്ല-അഞ്ജലി മേനോന്‍ പറയുന്നു. സ്ത്രീകള്‍ക്കായുള്ള ശുചിമുറി സംവിധാനംപോലുമില്ലാത്ത ഷൂട്ടിങ് സെറ്റുകള്‍ ഏറെയാണെന്നുള്ള കാര്യവും ഗര്‍ഭകാലത്തു ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള തൊഴിലിടങ്ങളിലെ അവകാശങ്ങളുടെ നിഷേധനവും അഞ്ജലി ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. രാത്രിയെന്നും പകലെന്നുമില്ലാതെ ജോലിചെയ്യുന്ന സിനിമയില്‍ അത്തരം അവകാശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണെന്നിരിക്കേ ഇത്തരമൊരുസംഘടന അതിനെ മുന്‍നിര്‍ത്തി ഉദയം കൊണ്ടതാണെന്നും അഞ്ജലി വ്യക്തമാക്കുന്നു.

ഈ മേഖലയിലേക്കു കടന്നുവരുന്ന സ്ത്രീകളെക്കുറിച്ചു പൊതുവേയുള്ള മുന്‍വിധികാരണം, ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും ഇവിടേക്കു കടന്നുവരുവാന്‍ കഴിയുന്നില്ല. സിനിമയിലേക്ക്, പ്രത്യേകിച്ചു സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. അതിന് അവര്‍ക്കൊരു വഴി കാട്ടാനുള്ള പദ്ധതികളും ഞങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അഞ്ജലി പറയുന്നു. മാത്രമല്ല സ്ത്രീകള്‍ സിനിമയുടെ വിവിധ മേഖലകളില്‍ നേതൃത്വപരമായ നിലയിലെത്തുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ചിലരെങ്കിലുമുണെ്ടന്നുള്ള കാര്യവും അഞ്ജലി തുറന്നു പറയുന്നു. സ്ത്രീകള്‍ക്കു കാര്യങ്ങള്‍ ചെയ്യാന്‍ വ്യത്യസ്തമായ രീതിയുണ്ടാവാം. അതു പുരുഷനെപ്പോലെയായിരിക്കണമെന്നു നിര്‍ബന്ധിക്കുന്നതില്‍ അര്‍ഥമില്ല. അത് ഉള്‍ക്കൊള്ളുകയാണു വേണ്ടത്. സാങ്കേതികരംഗത്തുള്ള സ്ത്രീകള്‍ മികവു തെളിയിക്കുന്നതും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്നതും ആഘോഷിക്കപ്പെടേണ്ടതാണെന്നും അഞ്ജലി ലേഖനത്തിലൂടെ പറയുന്നു.

ഒരു രാജ്യം എങ്ങനെയാണു സ്ത്രീകളെ കരുതുന്നത് എന്നതില്‍നിന്ന് ആ രാജ്യത്തിന്റെ സംസ്‌കാരം വ്യക്തമാവും എന്നു പറഞ്ഞ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകള്‍ എടുത്തുപറ്ഞഞാണ് അഞ്ജലി ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായ, വിവേചനമില്ലാത്ത, പ്രഫഷനലായ സിനിമാ അന്തരീക്ഷത്തിലേക്കു കൂടുതല്‍ സ്ത്രീകള്‍ ധൈര്യസമേതം കടന്നുവരുമെന്നും അതിനുള്ള വഴിയും പ്രോല്‍സാഹനവും ഒരുക്കുകയാണ് ഈ കൂട്ടായ്മ ലക്ഷ്യമെന്നും അഞ്ജലി മേനോന്‍ തന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

അഞ്ജലി മേനോൻ്റെ ലേഖനത്തിൻ്റെ പൂർണരൂപം:

സിനിമയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഘടനകള്‍ നിലവിലുള്ളപ്പോള്‍ എന്തിനാണു വനിതകള്‍ക്കായി പുതിയൊരു കൂട്ടായ്മ? ഞങ്ങള്‍, മലയാള സിനിമയിലെ എല്ലാ രംഗത്തും പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഒത്തുചേര്‍ന്നുള്ള 'വിമന്‍ ഇന്‍ സിനിമ കലക്ടീവ്' എന്ന കൂട്ടായ്മയെക്കുറിച്ചു സ്വാഭാവികമായും ഉയരുന്ന ചോദ്യമാണത്. ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ: നിലവിലുള്ള ഒരു സിനിമാ സംഘടനയ്ക്കും ബദലായോ സമാന്തരമായോ അല്ല ഈ കൂട്ടായ്മ. ആ സംഘടനകളില്‍ പലതിലും ഞാനുള്‍പ്പെടെ അംഗങ്ങളാണ്. ഞങ്ങളുടെ തൊഴില്‍പരമായ പല കാര്യങ്ങളിലും സഹായകമായുള്ളത് ആ സംഘടനകളുമാണ്.

കഴിഞ്ഞ ദിവസം ഈ സംഘടനയുടെ പ്രതിനിധികളായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചവരുടെയെല്ലാം മനസ്സില്‍ കുറെ കാലമായി ഉള്ള ചിന്തയാണ് ഇത്തരം ഒരു വനിതാ കൂട്ടായ്മയുടെ ആവശ്യം. ഞങ്ങളില്‍ പലരും പല ഘട്ടങ്ങളില്‍ അനുഭവിക്കുകയോ അറിയുകയോ കാണുകയോ ചെയ്തിട്ടുള്ള അനുഭവങ്ങളില്‍നിന്നാണ് അത്തരമൊരു ചിന്ത രൂപപ്പെട്ടത്. കൊച്ചിയില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കുണ്ടായ ദുരനുഭവം ആ ചിന്തകള്‍ക്കു പെട്ടെന്നൊരു സംഘടിതരൂപം നല്‍കാന്‍ പ്രേരകമായി എന്നു മാത്രം.

അഭിനയരംഗം ഒഴിച്ചാല്‍ സാങ്കേതികരംഗത്തു വളരെ കുറച്ചു സ്ത്രീകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന മേഖലയാണു സിനിമ. അതിന്റേതായ ചില പ്രശ്‌നങ്ങളുണ്ട്. ഏതു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്കു പ്രാഥമികമായ ചില അവകാശങ്ങള്‍ നിയമപരമായിത്തന്നെ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ, സിനിമയില്‍ അത്തരം പ്രാഥമിക അവകാശങ്ങള്‍പോലും സംരക്ഷിക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്കായുള്ള ശുചിമുറി സംവിധാനംപോലുമില്ലാത്ത ഷൂട്ടിങ് സെറ്റുകള്‍ ഏറെയാണ്. ഗര്‍ഭകാലത്തു ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള തൊഴിലിടങ്ങളിലെ അവകാശങ്ങളുടെ കാര്യവും ഇങ്ങനെതന്നെ. രാത്രിയെന്നും പകലെന്നുമില്ലാതെ ജോലിചെയ്യുന്ന സിനിമയില്‍ അത്തരം അവകാശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണ്.

സ്ത്രീകളോടു മോശമായി പെരുമാറുന്ന അനുഭവങ്ങള്‍ സിനിമയില്‍ ഒറ്റപ്പെട്ടതല്ല. സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലിചെയ്യാനാവണം. സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സഹായിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഈ കൂട്ടായ്മയുടെ ആദ്യനേട്ടമായിത്തന്നെ കാണുന്നു. യാത്രയിലുള്‍പ്പെടെ സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കാനാവണം.

ഈ രംഗത്തു സ്ത്രീകള്‍ ചൂഷണത്തിനു വിധേയരാവാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാവണമെങ്കില്‍ നിയമത്തിന്റെ ശക്തമായ പരിരക്ഷ ആവശ്യമാണ്. ഷൂട്ടിങ് സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിലുള്ള ഇടമാണെങ്കിലും അതു നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ഒപ്പം ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കേണ്ടതുമുണ്ട്.

ഈ മേഖലയിലേക്കു കടന്നുവരുന്ന സ്ത്രീകളെക്കുറിച്ചു പൊതുവേയുള്ള മുന്‍വിധിയാണു മറ്റൊരു കാര്യം. സിനിമയിലേക്കു കടന്നുവരാന്‍ ഏറെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അവരുടെ വീട്ടുകാര്‍ക്കുള്‍പ്പെടെ ആശങ്കകളാണ്. സിനിമയിലേക്ക്, പ്രത്യേകിച്ചു സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. അതിന് അവര്‍ക്കൊരു വഴി കാട്ടാനുള്ള പദ്ധതികളും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ബീന പോളിനെപ്പോലെ സിനിമയിലെ ഓരോ മേഖലയിലും ആദ്യമായി വഴിതെളിച്ചവരുടെ അനുഭവസമ്പത്ത് ഇക്കാര്യത്തില്‍ പ്രധാനമാണ്. സമൂഹത്തിന്റെ മുന്‍വിധികളെയും ഇത്തരം ബോധവല്‍ക്കരണത്തിലൂടെ മാറ്റാനാവും.

പിന്നണി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീപ്രാതിനിധ്യം ഏറെയുള്ള സിനിമകള്‍ക്കു സബ്‌സിഡി നല്‍കണമെന്ന നിര്‍ദേശം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. സിനിമയില്‍ പല മേഖലകളിലും സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നതും യാഥാര്‍ഥ്യം. ഒരേ ജോലി ചെയ്യുന്ന ആണിനും പെണ്ണിനും തുല്യപരിഗണനയും അവസരവും കിട്ടണം.

സ്ത്രീകള്‍ സിനിമയുടെ വിവിധ മേഖലകളില്‍ നേതൃത്വപരമായ നിലയിലെത്തുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ചിലരെങ്കിലുമുണ്ട്. കണ്ടു ശീലിച്ച രീതിയില്‍നിന്നുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാനാവാത്തതാണു പ്രശ്‌നം. അത് അറിവില്ലായ്മയായാണു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കു കാര്യങ്ങള്‍ ചെയ്യാന്‍ വ്യത്യസ്തമായ രീതിയുണ്ടാവാം. അതു പുരുഷനെപ്പോലെയായിരിക്കണമെന്നു നിര്‍ബന്ധിക്കുന്നതില്‍ അര്‍ഥമില്ല. അത് ഉള്‍ക്കൊള്ളുകയാണു വേണ്ടത്. സാങ്കേതികരംഗത്തുള്ള സ്ത്രീകള്‍ മികവു തെളിയിക്കുന്നതും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്നതും ആഘോഷിക്കപ്പെടേണ്ടതാണ്.

ഒരു രാജ്യം എങ്ങനെയാണു സ്ത്രീകളെ കരുതുന്നത് എന്നതില്‍നിന്ന് ആ രാജ്യത്തിന്റെ സംസ്‌കാരം വ്യക്തമാവും എന്നു പറഞ്ഞതു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. അതു കുടുംബത്തിലും തൊഴില്‍ മേഖലയിലുമെല്ലാം ബാധകമാണ്. സുരക്ഷിതമായ, വിവേചനമില്ലാത്ത, പ്രഫഷനലായ സിനിമാ അന്തരീക്ഷത്തിലേക്കു കൂടുതല്‍ സ്ത്രീകള്‍ ധൈര്യസമേതം കടന്നുവരും. അതിനുള്ള വഴിയും പ്രോല്‍സാഹനവും ഒരുക്കുകയാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.