നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ മാരത്തോണില്‍ വിജയിച്ച് അഞ്ജലി

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരിയും കൊമ്രേഡ്‌സ് മാരത്തോമില്‍ ആദ്യമായി 89 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ ഓട്ടക്കാരിയും അഞ്ജലി സരോഗി തന്നെ. മാത്രമല്ല, മാരത്തോണിലെ അംഗീകാരമായ ബില്‍ റോഡ മെഡല്‍ കരസ്ഥമാക്കുകയും ചെയ്തു.

നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ മാരത്തോണില്‍ വിജയിച്ച് അഞ്ജലി

നിനക്കിനിയും മുപ്പതുകളും നാല്‍പ്പതുകളും അമ്പതുകളുമുണ്ടെന്ന് നമ്മുടെ സ്ത്രീത്വത്തോട് പറഞ്ഞ ഒരു മലയാള സിനിമയുണ്ട്- ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസിന്റെ ഈ ചിത്രത്തില്‍ നായിക ചോദിക്കുന്നുണ്ട്, ആരാണ് സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതെന്ന്. അതേ ചോദ്യത്തിന് ഉത്തരമാകുകയാണ് കൊല്‍ക്കത്ത സ്വദേശിയായ അഞ്ജലി സരോഗി എന്ന വീട്ടമ്മ.

നമ്മുടെ മലയാള സിനിമയോട് ഈ യഥാര്‍ത്ഥ ജീവിതത്തിന് സാദൃശ്യമുണ്ട്. നാല്‍പത്തിമൂന്നാമത്തെ വയസ്സില്‍ മുതിര്‍ന്നവര്‍ക്കുള്ള കൊമ്രേഡ്‌സ് മാരത്തോണ്‍ ഓടിയാണ് സരോഗി തന്റെ സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ലെന്ന് തെളിയിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മാരത്തോണ്‍ ഓട്ടക്കാരിയും കൊമ്രേഡ്‌സ് മാരത്തോണില്‍ ആദ്യമായി 89 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ ഓട്ടക്കാരിയും അഞ്ജലി സരോഗി തന്നെ. മാത്രമല്ല, മാരത്തോണിലെ അംഗീകാരമായ ബില്‍ റോഡ മെഡല്‍ കരസ്ഥമാക്കുകയും ചെയ്തു.

കൗമാര പ്രായത്തിലുളള ഒരു മകളുടെ അമ്മ കൂടിയാണ് അഞ്ജലി സരോഗി. 43 ാമത്തെ വയസ്സില്‍ വീണ്ടും ബൂട്ടണിഞ്ഞ് ട്രാക്കിലെത്തിയപ്പോൾ പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റുക കൂടിയാണ് ഈ വീട്ടമ്മ ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സരോഗി ആദ്യമായി മാരത്തോണില്‍ പങ്കെടുത്തത്. പതിനെട്ടുകാരിയായ മകള്‍ മമതയാണ് അമ്മയെ ട്രാക്കില്‍ എത്തിക്കാന്‍ മുന്‍കൈയെടുത്തത്. മമതയുടെ സന്തോഷത്തിന് വേണ്ടിയാണ് താന്‍ ആദ്യം ട്രാക്കിലെത്തിയതെന്ന് സരോഗി പറയുന്നു. അമ്മ ഒന്നാമത് ഓടിയെത്തിയപ്പോള്‍ മമതയെപ്പോലെ സരോഗിയുടെ വീട്ടുകാരും സന്തോഷിച്ചു. അന്നാണ് തനിക്കെത്രമാത്രം ട്രാക്കില്‍ മുന്നേറാന്‍ സാധിക്കുമെന്ന് സരോഗിയ്ക്ക് മനസ്സിലായത്. ഓടാന്‍ സാധിക്കുന്നത്ര കാലം ട്രാക്കില്‍ താന്‍ ഉണ്ടാകുമെന്ന് അന്നാണ് സരോഗി പ്രതിജ്ഞ ചെയ്തത്. തന്റെ സ്വപ്‌നത്തിലേക്ക് ഓടിയെത്താന്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം മാത്രം മതിയെന്ന് തന്റെ അനുഭവത്തില്‍ നിന്നാണ് സരോഗി പറയുന്നത്.

''സ്ത്രീകള്‍ സ്വയം ഇല്ലാതാകുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസമില്ലായ്മയാണ് സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്‌നം. അതിനെ മറികടക്കാന്‍ ഓരോ സ്ത്രീയും ശ്രമിക്കേണ്ടതാണ്. ഭീതികള്‍ക്കൊപ്പമല്ല, സ്വപ്‌നങ്ങള്‍ക്കൊപ്പമാണ് ഓരോ സ്ത്രീയും ജീവിക്കേണ്ടത്.'' സരോഗി പറയുന്നു. അതേ വര്‍ഷം തന്നെ മുംബൈയില്‍ വച്ച് നടന്ന ഹാഫ് മാരത്തോണില്‍ സരോഗി പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്‌ട്ര നിലവാരത്തില്‍ മത്സരങ്ങളെ സമീപിച്ചത് പിന്നീടാണെന്ന് സരോഗി പറയുന്നു. ട്രാക്കില്‍ നിന്ന് തനിക്ക് തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരോഗി പറയുന്നു. കഴിഞ്ഞ വര്‍ഷം ചിക്കാഗോ മാരത്തോണിന് പരിശീലിക്കുന്നതിനിടയില്‍ സരോഗിയ്ക്ക് പരിക്ക് പറ്റിയിരുന്നു. കരിയറിലെ വലിയൊരു തിരിച്ചടിയായിരുന്നു അതെന്ന് സരോഗി ഓര്‍ത്തെടുക്കുന്നു.

ഇനിയൊരിക്കലും ട്രാക്കിലിറങ്ങാന്‍ സാധിക്കില്ലെന്ന് താന്‍ കരുതിയിരുന്നെന്നും അവര്‍ പറയുന്നു. ആ സമയത്താണ് അമിത്ത് സേത്ത് എന്ന എഴുത്തുകാരന്റെ ഡേര്‍ ടു റണ്‍ എന്ന പുസ്തകം വായിക്കാന്‍ കിട്ടുന്നത്. കൊമ്രേഡ് മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യക്കാരനാണ് അമിത് സേത്ത്. തന്റെ ട്രാക്ക് ജീവിതത്തെ പ്രചോദിപ്പിച്ച പുസ്തകമെന്നാണ് അഞ്ജലി സരോഗി ഈ പുസ്തകത്തെക്കുറിച്ച് പറയുന്നത്. ഭര്‍ത്താവും അച്ഛനുമാണ് സരോഗിയുടെ പിന്തുണ.

ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് അഞ്ജലി സരോഗിയുടെ ജീവിതം. പ്രായം വര്‍ദ്ധിക്കുന്തോറും ആരോഗ്യം സംരക്ഷിക്കണം എന്നാണ് അഞ്ജലിയുടെ ഉപദേശം. ആരോഗ്യം സംരക്ഷിച്ചാല്‍ പല മേഖലയിലും സ്ത്രീകള്‍ക്ക് വിജയം വരിക്കാന്‍ സാധിക്കും. അടുത്ത വര്‍ഷത്തെ കൊമ്രേഡ്‌സ് മാരത്തണില്‍ വിജയി ആകാനാണ് അഞ്ജലി സരോഗിയും ഇപ്പോഴത്തെ പരിശ്രമം.

Read More >>