എടോ കൈക്കൂലിക്കാരാ, സ്‌കറിയയോടാണോ കളി; ആനച്ചങ്ങലയില്‍ ബന്ധിതനായി 77 വയസുകാരന്റെ പോരാട്ടം

തൊടുപുഴയില്‍ ജനാധിപത്യം ചങ്ങലയിലാണ്. വീടു പണിതാല്‍ മാത്രം പോരാ. കെട്ടിട നമ്പര്‍ കിട്ടണമെങ്കില്‍ കൈക്കൂലിയിനത്തില്‍ ലക്ഷങ്ങള്‍ വകയിരുത്തുകയും വേണമെന്നായാലോ.... ഉദ്യോഗസ്ഥരുടെ പകല്‍കൊള്ളയ്‌ക്കെതിരെ ആനചങ്ങലയില്‍ സ്വയം ബന്ധിച്ച് സമരം നടത്തിയ സ്‌കറിയ ചേട്ടന് കയ്യടി...

എടോ കൈക്കൂലിക്കാരാ, സ്‌കറിയയോടാണോ കളി; ആനച്ചങ്ങലയില്‍ ബന്ധിതനായി 77 വയസുകാരന്റെ പോരാട്ടം

തൊടുപുഴയില്‍ ജനാധിപത്യം ചങ്ങലയിലാണ്. കെട്ടിടം പണിതാല്‍ മാത്രം പോരാ, കെട്ടിട നമ്പര്‍ കിട്ടണമെങ്കില്‍ ഉദ്യോഗസ്ഥരെ വേണ്ട വിധത്തില്‍ കാണുകയും വേണം. കൈക്കൂലി അവകാശം പോലെ ചോദിച്ചു വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 77 -ാം വയസ്സിലും ഒറ്റയാന്‍ സമരം നടത്തിയ തൊടുപുഴ മാപ്ലാശ്ശേരിയില്‍ എം ജെ സ്‌കറിയയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

കെട്ടിട നമ്പറിനായി തൊടുപുഴ മാപ്ലാശ്ശേരിയില്‍ എം ജെ സ്‌കറിയ തൊടുപുഴ നഗരസഭയില്‍ കയറിയിറങ്ങിയത് 22 മാസങ്ങളാണ്. 200 തവണയെങ്കിലും നഗരസഭയുടെ പടി ഈ 77 കാരന്‍ ചവിട്ടിയുണ്ടാകണം. കാര്‍ഷിക വികസനബാങ്കില്‍ നിന്നും 60 ലക്ഷം രൂപ വായ്പെടുത്തു നിര്‍മ്മിച്ച വീടിനും വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിനും നമ്പറിടാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് മൂന്ന് ലക്ഷത്തോളം രൂപ. കൈക്കൂലി നല്‍കില്ലെന്ന് ഉറച്ച തീരുമാനം എടുത്തതോടെ സ്‌കറിയയെ നിയമക്കുരുക്കിലും ചുവപ്പുനാടയിലും കുടുക്കാനായിരുന്നു അധികൃതരുടെ ശ്രമം. വിട്ടു കൊടുക്കാന്‍ സ്‌കറിയ ഒരുക്കമല്ലായിരുന്നു ഫെബ്രുവരി 22 ന് മക്കളെയും പേരക്കുട്ടികളെയും കൂട്ടി നഗരസഭയുടെ ഗേറ്റിനു മുന്നില്‍ ഒന്നാംഘട്ട സമരമിരുന്നു. എന്നിട്ടും അധികൃതരുടെ കണ്ണു തുറക്കാതെയായപ്പോള്‍ ആനചങ്ങലയില്‍ സ്വയം തളച്ചിട്ട് മാര്‍ച്ച് 13 ന് രണ്ടാം ഘട്ട സമരം. കെട്ടിട നമ്പര്‍ കിട്ടുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സാധാരണക്കാരന്‍ കെട്ടിടം പണിയുമ്പോള്‍ പത്ത് ലക്ഷം രൂപയോളം കൈക്കൂലിയ്ക്കായി എസ്റ്റിമേറ്റില്‍ വകയിരുത്തേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും സ്‌കറിയ പറയുന്നു.


തൊടുപുഴ നഗരസഭാ കവാടത്തിലെ ഇരുമ്പു ഗ്രില്ലില്‍ ബന്ധിതനായി നാലേമുക്കാല്‍ മണിക്കൂറാണ് സ്‌കറിയ സമരം നടത്തിയത്. ഗ്രില്ലില്‍ ചങ്ങലകളാല്‍ ബന്ധിച്ച് രണ്ടു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു സ്‌കറിയ. മക്കളും അഴിമതി വിരുദ്ധ സമിതി ഭാരാവാഹികളും സമരത്തിനു പിന്തുണ നല്‍കി. കെട്ടിടങ്ങള്‍ക്കു നഗരസഭ അനുവദിച്ച ഒക്കുപെന്‍സിയും കെട്ടിടനമ്പരും പുനഃസ്ഥാപിച്ചു നല്‍കുക, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുക, വ്യാജരേഖ ഫയലില്‍ തിരുകിയ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെയായിരുന്നു സമരം. ഫെബ്രുവരി 22 ന് സ്‌കറിയും മക്കളും പേരകുട്ടികളും നഗരസഭാ കെട്ടിടത്തിനു മുന്നില്‍ സൂചനാ സമരം നടത്തിയിരുന്നു.

താലൂക്ക് സര്‍വേയര്‍ നല്‍കിയ സ്‌കെച്ച് പ്രകാരം ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പരും സ്‌കറിയക്ക് ആദ്യം അനുവദിച്ചിരുന്നു. ആദ്യ സ്‌കെച്ചില്‍ അപാകതയുണ്ടെന്ന കാരണത്താല്‍ നഗരസഭ എന്‍ജീനിയിറിങ് വിഭാഗം ആ നമ്പര്‍ താത്കാലികമാക്കി റദ്ദാക്കുകയായിരുന്നുവെന്നും സ്‌കറിയ പറയുന്നു. നമ്പര്‍ പുനഃസ്ഥാപിക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നിര്‍ദ്ദേശിച്ചുവെങ്കിലും ചില ഉദ്യോഗസ്ഥര്‍ മൂന്ന് ലക്ഷം വരെ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ അപേക്ഷയ്‌ക്കൊപ്പം നല്‍കിയ സര്‍വേ സ്‌കെച്ചില്‍ പുറമ്പോക്കു ഭൂമി ഉള്‍പ്പെട്ടിരുന്നതിനാലാണ് കെട്ടിട നമ്പര്‍ നിഷേധിച്ചതെന്നായിരുന്നു നഗരസഭാ സെക്രട്ടറി ടി.ജി അനീഷിന്റെ പ്രതികരണം.

1972 ല്‍ വാങ്ങിയ 45 വര്‍ഷമായി കൈവശമുള്ള ഭൂമിയില്‍ പുറമ്പോക്കോ തരിശോ ഇല്ലെന്നും തന്റെ പൂര്‍ണ അവകാശവും അതിരുകളും വ്യക്തമാക്കുന്ന ജില്ലാ സര്‍വേ സൂപ്രണ്ടിന്റെയും ജില്ലാ സര്‍വേ ഡപ്യൂട്ടി ഡയറക്ടറുടെയും റിപ്പോര്‍ട്ടുകളുടെ കോപ്പിയും നഗരസഭയുടെ മുന്നിലുണ്ടെന്നു എം.ജെ. സ്‌കറിയ- നാരദാന്യൂസിനോടു പറഞ്ഞു. തന്റെ പേരില്‍ ആധാരമുള്ള 38 സെന്റ് ഭൂമിയുടെ സ്‌കെച്ച് താലുക്ക് ഓഫിസില്‍ നിന്ന് വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്ലാനാണ് ആധാരത്തിന്റെ കോപ്പിയും കരമടച്ച രസീതും സഹിതം നഗരസഭയ്ക്ക് നല്‍കിയത്. പരിശോധനകള്‍ക്കു ശേഷം അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും- സ്‌കറിയ പറയുന്നു.

.

പുതിയ സര്‍വേ സ്‌കെച്ചു പ്രകാരം അപേക്ഷ സമര്‍പ്പിച്ചാല്‍ കെട്ടിട നമ്പറും ഒക്യുപ്പെന്‍സിയും നല്‍കാമെന്ന് സമരത്തെ തുടര്‍ന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും എന്നാല്‍ പഴയ അപേക്ഷയില്‍ കെട്ടിട നമ്പര്‍ പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം അവസാനിപ്പിച്ചത്. റവന്യു വകുപ്പില്‍ നിന്നും രേഖകള്‍ സമര്‍പ്പിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥരും ഏതാനും കൗണ്‍സിലര്‍മാരും സ്വീകരിക്കുന്നതെന്ന് സ്‌കറിയയുടെ മകന്‍ അലക്‌സ് സ്‌കറിയ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് ഭരിക്കുന്ന നഗര സഭയില്‍ ലീഗ് നേതൃത്വം അനുകൂലമായി ഇടപെട്ടിട്ടും ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും ഉദ്യോഗസഥരും വഴങ്ങുന്നില്ലെന്ന് അലക്‌സ് സ്‌കറിയ ആരോപിക്കുന്നു.കോണ്‍ഗ്രസ്, സി പി ഐ, ബി ജെ പി, തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തെ അനുകൂലിച്ച് മുന്നോട്ടു വന്നപ്പോള്‍ സി പി ഐ എം കൗണ്‍സിലര്‍മാര്‍ മുന്നോട്ടു വന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തെറ്റ് മനസിലാക്കി തിരുത്തുന്നതിനു പകരം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും കെട്ടിട നമ്പര്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം.Read More >>