കാത്തിരുന്നത് രണ്ട് പതിറ്റാണ്ട്; രാമദാസനും രജനിയും വിവാഹിതരായി

അമ്പതാമത്തെ വയസ്സില്‍ രാമദാസന്‍ പോറ്റി നാല്‍പത്തിനാലുകാരിയായ രജനിയെ വിവാഹം കഴിച്ചപ്പോള്‍ അതൊരു പ്രണയചരിത്രം തന്നെയായിരുന്നു. ജാതിയുടെ വേലിക്കെട്ടുകളാണ് ഇവരുടെ പ്രണയത്തിന് തടസ്സമായി നിന്നത്...

കാത്തിരുന്നത് രണ്ട് പതിറ്റാണ്ട്; രാമദാസനും രജനിയും വിവാഹിതരായി

ഒന്നും രണ്ടുമല്ല, രണ്ട് പതിറ്റാണ്ടാണ് അവര്‍ ഇരുവരും കാത്തിരുന്നത്; രാമദാസന്‍ പോറ്റിയും രജനിയും. ഒരു പക്ഷേ ആധുനികലോകത്തിന് അപരിചിതമായ ഒരു പ്രണയമായിരിക്കാം ഇത്. അതുകൊണ്ട് തന്നെ നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതത്തോടെയാണ് ഈ വിവാഹ വാര്‍ത്തയെ വരവേറ്റത്. അമ്പതാമത്തെ വയസ്സില്‍ രാമദാസന്‍ പോറ്റി നാല്‍പത്തിനാലുകാരിയായ രജനിയെ വിവാഹം കഴിച്ചപ്പോള്‍ അതൊരു പ്രണയചരിത്രം തന്നെയായിരുന്നു. ജാതിയുടെ വേലിക്കെട്ടുകളാണ് ഇവരുടെ പ്രണയത്തിന് തടസ്സമായി നിന്നത്. കടയ്ക്കല്‍ കുമ്മിള്‍ ആയ്‌ക്കോട്ട് പുത്തന്‍മഠത്തില്‍ പരേതരായ എന്‍. ശങ്കരന്‍ പോറ്റിയുടെയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസന്‍ പോറ്റി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളായ ജി. രാമന്റെയും രത്‌നമ്മാളിന്റെയും മകളാണ് രജനി.

1996-ലാണ് രജനിയും രാമദാസന്‍ പോറ്റിയും സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിമാരായി ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ തമ്മിലുളള പ്രണയം ആരംഭിച്ചതും ഈ സമയത്തു തന്നെ. എന്നാല്‍ ജാതിയായിരുന്നു ഇവര്‍ക്ക് ഒന്നിച്ച് ജീവിക്കാനുള്ള തടസ്സം. എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും വീട്ടുകാരുടെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും മാത്രമേ ഒന്നിച്ചു ജീവിക്കൂ എന്ന് ഇരുവരും ഉറച്ച തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് അവര്‍ കൊടുക്കേണ്ടി വന്നതോ ഇരുപത് വര്‍ഷത്തെ കാത്തിരിപ്പും.

ജീവിതത്തിന്റെ പലയിടങ്ങളിലും ഒറ്റപ്പെട്ട് പോയിട്ടും മറ്റൊരു പങ്കാളിയെക്കുറിച്ച് ഇരുവരും ചിന്തിച്ചു പോലുമില്ല. എല്ലാവരുടെയും അനുവാദത്തോടു കൂടി ഒന്നിച്ചു ജീവിക്കാന്‍ സാധിക്കും എന്ന് തന്നെ ഇവര്‍ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ഇന്നലെ ശ്രീപദ്മം കല്യാണ മണ്ഡപത്തില്‍ വച്ച് യാഥാര്‍ത്ഥ്യമായി. അച്ഛന്റെ കൈ പിടിച്ചാണ് രജനി കതിര്‍മണ്ഡപത്തിലെത്തിയത്. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിഞ്ഞ സ്പീക്കര്‍ തന്നെയാണ് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. എല്ലാ ഉത്തരവാദിത്വങ്ങളെയും നിറവേറ്റിയാണ് ഇരുവരും സ്വന്തം ജീവിതത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. വധൂവരന്‍മാര്‍ക്ക് ആശംസ നേരാന്‍ നിരവധി പ്രമുഖര്‍ എത്തിച്ചേര്‍ന്നിരുന്നു.

Read More >>