ബീഫ് നിരോധനത്തിനെതിരെ ഗോ കുർത്ത: നടി മാളവികയുടെ 'ഡ്രസ്സ് ട്രോൾ'

ഇനിയെന്റെ കുർത്തയും കൂടി നിരോധിക്കുമോ എന്നാണു നടി മാളവികയുടെ ചോദ്യം.

ബീഫ് നിരോധനത്തിനെതിരെ ഗോ കുർത്ത: നടി മാളവികയുടെ ഡ്രസ്സ് ട്രോൾ

കന്നുകാലി അറവു വിഷയത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നടി മാളവിക മോഹനൻ. പശുവിന്റെ ചിത്രം ആലേഖനം ചെയ്ത കുർത്ത ധരിച്ച ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നടി, അവരെന്റെ കുർത്ത കൂടി നിരോധിക്കുമോ? എന്ന് ചോദിക്കുന്നു. നോൺവെജ് കുർത്ത, ആന്റി ഹിന്ദുത്വ കുർത്ത, ലിബറൽ കുർത്ത എന്നിവ ഹാഷ്‌ടാഗ്‌ ആയും ചേർത്തിട്ടുണ്ട്.

നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. 'പട്ടം പോലെ' എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി സിനിമയിലെത്തിയ മാളവിക നിർണായകം, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കന്നഡ ചിത്രം 'നാനു മാട്ടു വരലക്ഷ്മി' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


കണ്ണൂർ പയ്യന്നൂർ സ്വദേശിയായ പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക. എന്നാൽ പഠനവും ജീവിതവും മുംബൈയിലായിരുന്നു. ആദ്യ സിനിമയായ പട്ടം പോലെയിലെ അഭിനയത്തിന് ജേസീ അവാർഡ് ലഭിച്ചു. മോഡൽ കൂടിയായ മാളവിക ശ്രദ്ദേയമായ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.