സല്യൂട്ടടിച്ച് കേരളം! റേപ്പ് ക്വട്ടേഷന്റെ 'ബി നിലവറ' തുറന്നത് സിഐ ബൈജു പൗലോസ്

ദിലീപിന്റെ അറസ്റ്റിലേയ്ക്കു നീണ്ട അന്വേഷണത്തിനു സല്യൂട്ടടിക്കേണ്ടത് സിഐ ബൈജു പൗലോസിനും ടീമിനും. മുഖ്യമന്ത്രി ഈ ടീമിനെ പ്രത്യേകം അഭിനനന്ദിക്കുമെന്ന് ഓരോ ലോക്കല്‍ പൊലീസുകാരനും ആഗ്രഹിക്കുന്നു- അതെ ഇതൊരു കട്ട ലോക്കല്‍ വിജയം!

സല്യൂട്ടടിച്ച് കേരളം! റേപ്പ് ക്വട്ടേഷന്റെ ബി നിലവറ തുറന്നത് സിഐ ബൈജു പൗലോസ്

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ പൊലീസ് ഓഫീസറുടെ പേര് ബിജു പൗലോസ് എന്നാണ്. സിഐ ബൈജു പൗലോസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പേര്. പക്ഷെ ആ സിനിമയിലെ ഇടയന്‍ ഓഫീസറെ പോലെയല്ല ബൈജു. സേനയിലെ തലയുള്ള ഓഫീസറെന്ന നിലയിൽ പ്രശസ്തന്‍.

പണം തട്ടാന്‍ വേണ്ടി സുനില്‍കുമാറും കൂട്ടുകാരും നടത്തിയ പദ്ധതി എന്ന നിലയ്ക്ക് അവസാനിപ്പിച്ച കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടു വന്നത് സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ്.

സുനില്‍കുമാറില്‍ കേസ് അവസാനിച്ച്, കേസ് വിചാരണയിലേയ്ക്കു കടന്നപ്പോഴും സമാന്തരമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് തികച്ചും രഹസ്യമായിരുന്നു. സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ അന്വേഷണത്തെ സംബന്ധിച്ച് ആദ്യമായി പുറംലോകം അറിഞ്ഞത് ജൂണ്‍ ഒമ്പതിനു നാരദാ ന്യൂസ് പ്രസിദ്ധീകരിച്ച എക്‌സ്‌ക്ലൂസിവിലൂടെ.

ഡിജിപി സെന്‍കുമാര്‍ പോലും അറിയാതെയാണ് ഈ അന്വേഷണം നടന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. എല്ലാ പഴുതും അടച്ച അന്വേഷണത്തിനു നേതൃത്വം നല്‍കിയത് ബൈജു പൗലോസ് ആയിരുന്നു.

പെരുമ്പാവൂര്‍ സിഐ ആയി ജോലി ചെയ്യുന്നതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലേയ്ക്കു ബൈജു പൗലോസ് നിയോഗിക്കപ്പെട്ടത്. സര്‍വ്വീസ് കാലയളവില്‍ പരിചയപ്പെട്ട കറപുരളാത്ത എസ്‌ഐമാരേയും കോണ്‍സ്റ്റബിള്‍മാരേയും ഉള്‍പ്പെടുത്തി സ്വന്തം ടീമിനെ തിരഞ്ഞെടുത്തതും ബൈജു പൗലോസ് തന്നെ. കേസിന്റെ രഹസ്യസ്വഭാവവും അന്വേഷണ സൂഷ്മതയും നിലനിര്‍ത്തിയ സംഘം പൊലീസിന് ഏറെ അഭിമാനകരമായ ചരിത്ര നിമിഷമാണ് സമ്മാനിച്ചത്.

ഒന്നാം പ്രതി സുനില്‍ കുമാര്‍ ജയിലിനുള്ളില്‍ നടത്തിയ തുറന്നു പറച്ചിലാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. ഈ തുറന്നു പറച്ചില്‍ പ്രാഥമികമായി വിശ്വസിക്കാനാവുമായിരുന്നില്ല. ഇവിടെയാണ് ബൈജു പൗലോസിന്റെ കടന്നു വരവ്. തുടര്‍ന്നു നടന്നത് ചരിത്രം.

Read More >>