എഴുപത് വർഷങ്ങൾ ജീവിതമായിരുന്ന സിനിമ എന്നെ മറന്നു: ഓർമ്മകൾ നുണയുന്ന ഷൌക്കാർ ജാനകി

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാലം സജീവമായിരുന്ന അഭിനേതാക്കളുടെ നിരയിൽ മുന്നിലാണ് ഷൗക്കാർ ജാനകി. സൂര്യമാനസം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റേയും മനം കവർന്ന അവരുടെ അഭിനയജീവിതം ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അവർക്ക് എന്തൊക്കെയാണ് പറയാനുള്ളത്? സിനിമ അവരെ എവിടെയെത്തിച്ചു? ഷൗക്കാർ ജാനകി സംസാരിക്കുന്നു.

എഴുപത് വർഷങ്ങൾ ജീവിതമായിരുന്ന സിനിമ എന്നെ മറന്നു: ഓർമ്മകൾ നുണയുന്ന ഷൌക്കാർ ജാനകി

പുട്ടുറുമീസിനെ ഓര്‍മ്മയുണ്ടോ? സൂര്യമാനസം എന്ന സിനിമയിലെ മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രം? ഓര്‍മ്മയുണ്ടെങ്കില്‍ പുട്ടുറുമീസിന്‌റെ അമ്മയേയും മറക്കാന്‍ ഇടയില്ല. ഷൗക്കാര്‍ ജാനകി എന്ന അഭിനേത്രി മലയാളികളുടെ സ്‌നേഹം നേടിയത് പുട്ടുറുമീസിന്‌റെ അമ്മയായി തിരശ്ശീലയില്‍ എത്തിയപ്പോഴായിരുന്നു.

തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ സജീവമായിരുന്ന ജാനകിയുടെ ആദ്യത്തെ മലയാളം സിനിമയായിരുന്നില്ല സൂര്യമാനസം. 1964 ല്‍ സ്‌കൂള്‍ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രേം നസീര്‍, തിക്കുറുശ്ശി, രാഗിണി എന്നിവരോടൊപ്പം ജാനകിയും ഉണ്ടായിരുന്നു.

1949 ല്‍ ഇറങ്ങിയ തെലുങ്ക് ചിത്രമായ ഷൌക്കാരുവില്‍ നായികയായിട്ടായിരുന്നു ജാനകിയുടെ അരങ്ങേറ്റം. അങ്ങിനെ ഷൗക്കാര്‍ ജാനകി എന്ന പേരും വീണു. തമിഴില്‍ ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ജാനകി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്.ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടൂതല്‍ കാലം അഭിനയരംഗത്ത് തുടര്‍ന്നിട്ടുള്ള അഭിനേതാക്കളില്‍ മുന്‍ നിരയിലാണ് ഷൗക്കാര്‍ ജാനകി. ദേവ് ആനന്ദ്, പ്രാണ്‍, അശോക് കുമാര്‍, കാമിനി കൗശാന്‍ എന്നിവര്‍ക്കൊപ്പമാണ് ഷൗക്കാര്‍ ജാനകിയുടെ സ്ഥാനം.

ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലായി 387 സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്‌റെ കലൈമാമണി പുരസ്‌കാരം, ഫിലിം ഫെയര്‍ ലൈഫ് ടൈം അചീവ്‌മെന്‌റ് അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ഇന്‌റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സിന്‌റെ ലൈഫ് ടൈം അചീവ്‌മെന്‌റ് അവാര്‍ഡ എന്നിവ നേടിയിട്ടുണ്ട്. സിനിമയ്‌ക്കൊപ്പം തന്നെ നാടകരംഗത്തും തന്‌റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ജാനകി.

ഏഴ് പതിറ്റാണ്ടോളം പരന്നു കിടക്കുന്ന അഭിനയജീവിതം. മറക്കാനാകാത്ത കഥാപാത്രങ്ങള്‍. അതികായരായ നടന്മാര്‍ക്കൊപ്പം ചെയ്ത ശക്തമായ കഥാപാത്രങ്ങള്‍. എണ്‍പത്താറിന്‌റെ നിറവില്‍ ഷൗക്കാര്‍ ജാനകി സംസാരിക്കുന്നു.

കുട്ടിക്കാലം, വിവാഹം...

ആന്ധ്രയിലെ രാജമുണ്ട്രിയില്‍ ജനിച്ചു. പേപ്പര്‍ ടെക്‌നോളജി പഠിച്ച അച്ഛന്‍ ജോലിയ്ക്കായി ചെന്നൈയില്‍ എത്തിയപ്പോള്‍ എനിക്ക് വയസ്സ് പന്ത്രണ്ട്. അപ്പോളെല്ലാം റേഡിയോയിലെ ബാലപരിപാടികളിലെല്ലാം പങ്കെടുക്കുമായിരുന്നു. എന്‌റെ ഉച്ചാരണം കേട്ട് വിജയാ സ്റ്റുഡിയോയിലെ പി എന്‍ റെഡ്ഡി എന്നെപ്പറ്റി അന്വേഷിച്ച് എന്നെ കാണാന്‍ വന്നു. സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചു അദ്ദേഹം. മടികൂടാതെ ഞാന്‍ സമ്മതിക്കുകയും ചെയ്തു. വീട്ടില്‍ പോയി സന്തോഷത്തോടെ അറിയിച്ചപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വന്നു. എന്‌റെ അണ്ണന്‍ എന്നെ തല്ലി. തിടുക്കത്തില്‍ എന്‌റെ കല്യാണം നടത്താനുള്ള തീരുമാനം ആയി. ഗുണ്ടൂരില്‍ റേഡിയോ എഞ്ചിനീയര്‍ ആയ ശ്രീനിവാസറാവുവുമായി വിവാഹം നടന്നു.

എന്‌റെ ഭര്‍ത്താവിനു സ്ഥിരമായി ജോലിയില്ലായിരുന്നു. പകുതി ദിവസവും ആഹാരത്തിനു പഞ്ഞം. അപ്പോഴാണ് ഞാന്‍ വിവാഹത്തിനു മുമ്പ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നത് പറയുന്നത്. അഭിനയിക്കാന്‍ പൊയ്‌ക്കോട്ടേയെന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. കൈയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി പി എന്‍ റെഡ്ഡിയെ കാണാന്‍ പോയി.

'ഞങ്ങള്‍ നിന്നെ നായികയായി അഭിനയിപ്പിക്കാനാണ് വിളിച്ചത്. ആ സിനിമ പൂര്‍ത്തിയായി' എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എന്‌റെ കഷ്ടപ്പാടുകളെല്ലാം പറഞ്ഞു. അഭിനയിക്കാന്‍ ഒരു അവസരം വാങ്ങിത്തരാന്‍ അപേക്ഷിച്ചു. എന്‍ ടി രാമറാവു നായകനായ ഒരു സിനിമയില്‍ ചാന്‍സ് കിട്ടി. അതായിരുന്നു എന്‌റെ ആദ്യത്തെ സിനിമ. അതില്‍ അഭിനയിച്ചതിനു 2500 രൂപ പ്രതിഫലം കിട്ടി. ആ സിനിമയാണ് 'ഷൗക്കാര്‍.'

നാടകം, സിനിമ...

കെ ബാലചന്ദ്രന്‍ സാറിനെ പരിചയപ്പെടുന്നതേ നാടകം വഴിയായിരുന്നു. അപ്പോള്‍ അദ്ദേഹം രാഗിണി ക്രിയേഷന്‍സ് എന്ന ഒരു നാടക കമ്പനി നടത്തിയിരുന്നു. അമേച്ചര്‍ നാടക സംഘത്തില്‍ ശമ്പളം ഒന്നുമില്ല. നാടകത്തിനുള്ള വേഷം പോലും ഞാന്‍ തന്നെ കൊണ്ടുപോകണം. എന്നാല്‍ മനസ്സിനു സംതൃപ്തി കിട്ടുമായിരുന്നു.

ആദ്യം മെഴുകുവര്‍ത്തി എന്ന് നാചകത്തില്‍ അഭിനയിച്ചു. അതില്‍ നാഗേഷ്, ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‌റെ സംവിധാനത്തില്‍ കാവിയ തലൈവിയില്‍ അഭിനയിക്കുമ്പോള്‍ എനിക്കു പ്രായം 40. അതില്‍ അമ്മ, മകള്‍ എന്നിങ്ങനെ രണ്ട് വേഷങ്ങളും ചെയ്തു. സിനിമ വിജയമായിരുന്നു.

എംജിആർ, ശിവാജി, രജനി, കമൽ...

എം ജി ആറിന്‌റെയൊപ്പം പണം പടൈത്തവന്‍, ഒളി വിളക്ക് എന്നീ സിനിമകളില്‍ അഭിനയിച്ചു. മോട്ടോര്‍ സുന്ദരം പിള്ളൈ എന്ന സിനിമയില്‍ ജയലളിത എന്‌റെ മകളായി അഭിനയിച്ചു. അപ്പോള്‍ അവര്‍ ചെറിയ പെണ്ണായിരുന്നു.

ശിവാജി ഫിലിംസിന്‌റെ പുതിയ പറവൈയില്‍ ഗ്ലാമര്‍ റോളില്‍ അഭിനയിച്ചപ്പോഴാണ് എന്‌റെ സിനിമാജീവിതം വഴിത്തിരിവിലെത്തിയത്. നല്ല കഥാപാത്രങ്ങള്‍ വരാന്‍ തുടങ്ങി. ബാലചന്ദ്രന്‌റെ സിനിമകളിലൂടെ എനിക്ക് പുതിയ മേല്‍വിലാസം ലഭിച്ചു.

എനിക്ക് സിനിമയില്‍ നല്ല സ്ഥാനം കിട്ടാതെ പോയതിന്‌റെ കാരണം എനിക്ക് കണക്കുകൂട്ടാൻ അറിയാത്തത് കൊണ്ടാണ്. ഞാന്‍ രണ്ട് പ്രാവശ്യമേ ചാന്‍സ് ചോദിച്ച് പോയിട്ടുള്ളു. ആദ്യം ഷൗക്കാര്‍ സിനിമയില്‍, രണ്ടാമത് ഒളിവിളക്ക്. എന്‌റെ അഭിനയത്തിനെ എംജിആര്‍ പുകഴ്ത്തുമായിരുന്നു.

ശിവാജി ഗണേശന്‌റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം എന്നേ പറയാനുള്ളു. അത്രയ്ക്ക് മുഴുകി അഭിനയിക്കുന്ന ഒരാളെ ഇനി കാണാന്‍ കിട്ടില്ല. അദ്ദേഹം നടന്‍ മാത്രമായിരുന്നില്ല. സിനിമയുടെ ഉള്ളറകള്‍ അറിഞ്ഞയാളായിരുന്നു. ജെമിനി ഗണേശന്‍ കളിക്കുട്ടിയെപ്പോലെ ആയിരുന്നു.

രജനീകാന്തിനോടൊപ്പം തില്ലുമുള്ള്, തീ, ശിവാ എന്നീ സിനിമകളില്‍ അഭിനയിച്ചു. അദ്ദേഹം എനിക്ക് മകനെപ്പോലെയാണ്. അദ്ദേഹത്തിന്‌റെ പിറന്നാളും എന്‌റെ പിറന്നാളും ഒരേ ദിവസമാണ്.

കമലഹാസന്‍ സിനിമാ പൈത്യം എന്ന ചിത്രത്തില്‍ എന്‌റെ അനിയനായി അഭിനയിച്ചു. ഒരു മാന്യന്‍ ആണദ്ദേഹം. ഹേ റാം സിനിമയുടെ ഹിന്ദി, തമിഴ് പതിപ്പുകളില്‍ ഞാന്‍ അഭിനയിച്ചു. പക്ഷേ, എല്ലാ രംഗങ്ങളും നീക്കം ചെയ്യപ്പെട്ടു. 1999 സെപ്റ്റംബറില്‍ എനിക്ക് ഹൃദയശസ്ത്രക്രിയ വേണ്ടി വന്നു. അപ്പോള്‍ ഹേ റാം സിനിമയില്‍ അഭിനയിച്ചതിനുള്ള മുഴുവന്‍ പണവും കമല്‍ എനിക്ക് എത്തിച്ചു തന്നു. ആ സിനിമയില്‍ ഒരു രംഗത്ത് എന്‌റെ മുഖം അവ്യക്തമായി വരുന്നുണ്ട്. എന്നാല്‍, കമല്‍ മുഴുവന്‍ പണവും തന്നു.

ഇപ്പോൾ ഷൌക്കാർ ജാനകി...

ഇങ്ങനെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് എന്‌റെ ഭാഗ്യം. പക്ഷേ, എന്തുകൊണ്ടോ, തമിഴ് സിനിമ എന്നെ മറന്നു. തെലുങ്ക് സിനിമകളില്‍ ഇടയ്ക്ക് അഭിനയിക്കാന്‍ വിളിക്കാറുണ്ട്. പരസ്യങ്ങളിലും അഭിനയിച്ചു. 1949 മുതല്‍ 1974 വരെ ദീര്‍ഘകാലം കഥാനായികയായി ജീവിച്ച്, ഇപ്പോഴും ജീവനോടെയുള്ള നടി ഞാനായിരിക്കുമെന്ന് തോന്നുന്നു.

എത്രയോ പുരസ്‌കാരങ്ങള്‍ എനിക്കു കിട്ടി. ഒന്നും ഞാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു. കിട്ടിയാല്‍ സന്തോഷം, ഇല്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടായിരുന്നു. ഒഴിവ് സമയങ്ങളില്‍ ഞാന്‍ പഴയ, മധുരമുള്ള ഓര്‍മ്മകളെ നുണഞ്ഞിരിക്കും. ആ ഓര്‍മ്മകള്‍ എന്നെ താരാട്ടും. ഞാന്‍ സന്തോഷത്തോടെയിരിക്കുന്നു കാരണം, എനിക്ക് പ്രതീക്ഷകള്‍ ഇല്ല.


കടപ്പാട്: ടി എസ് പദ്മനാഭൻ, ഹിന്ദു (തമിഴ്)

Story by