ചുംബനസമരം വെറും പുകയാണെന്നു പാര്‍വ്വതി; സിനിമയില്‍ കുഞ്ചാക്കോയെ ചുംബിച്ചപ്പോള്‍ കുറ്റബോധം തോന്നി

മനോരമ ചാനലിലെ നേരെ ചൊവ്വേയില്‍ ചുംബന സമരം സദാചാര ഗുണ്ടായിസത്തിനു തുല്യവും ബുദ്ധി മോശവുമെന്ന് നടി പാര്‍വ്വതി. കൈരളി ചാനലിലെ ടോക്ക് ഷോയില്‍ നടന്‍ കുഞ്ചാക്കോയെ സിനിമയില്‍ ഉമ്മ വച്ചപ്പോള്‍ കുറ്റബോധം തോന്നിയെന്നും പറഞ്ഞു - കുഞ്ചാക്കോയാവട്ടെ സഹോദരിക്കെന്നു പ്രഖ്യാപിച്ച് ഷോയ്ക്കിടയില്‍ പാര്‍വ്വതിയെ ചുംബിക്കുകയും ചെയ്തു.

ചുംബനസമരം വെറും പുകയാണെന്നു പാര്‍വ്വതി; സിനിമയില്‍ കുഞ്ചാക്കോയെ ചുംബിച്ചപ്പോള്‍ കുറ്റബോധം തോന്നി

മന്ത്രി ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം പുറത്തു വിട്ടതിനെ തുടര്‍ന്ന് സദാചാരവും സ്വകാര്യതയും വീണ്ടും ചര്‍ച്ച ചെയ്യുന്നതിനിടെ വിഷയത്തില്‍ നിലപാടറിയിച്ച് നടി പാര്‍വ്വതി. ടേക്ക് ഓഫ് സിനിമ പ്രേക്ഷക സ്വീകാര്യത നേടിയതിനെ തുടര്‍ന്നു രണ്ടു ചാനല്‍ ചര്‍ച്ചകളിലായാണ് പാര്‍വ്വതി ചുംബനസമരത്തെ ബുദ്ധി ശൂന്യത എന്നു വിശേഷിപ്പിച്ചത്. ചുംബന സമരത്തെക്കുറിച്ചു പാര്‍വ്വതിയുടെ എതിര്‍പ്പു ചൂണ്ടിക്കാട്ടി മനോരമയുടെ നേരെ ചൊവ്വേയില്‍ ജോണി ലൂക്കോസിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണു പാര്‍വ്വതി സംസാരിച്ചത്. സദാചാര പൊലീസ് കാര്യത്തിനെതിരെ പ്രതിഷേധം ഉയരുമ്പോഴും അതിനോട് ഇങ്ങനെ മുഖം തിരിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണമുണ്ടായത്.

'ചുംബനസമരം എന്തെങ്കിലും മാറ്റമുണ്ടാക്കും എന്ന് എനിക്കു തോന്നുന്നില്ല. അതു വെറും പുകയാണ്. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല'- പാര്‍വ്വതി മനോരമയില്‍ പറഞ്ഞു.

'സദാചാര ഗുണ്ടായിസം ഉണ്ടാകുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ്, ചുംബന സമരത്തെ അവര്‍ കാണുന്നത്' എന്ന് അഭിമുഖകാരനായ ജോണി ലൂക്കേസ് ചൂണ്ടിക്കാട്ടി.

'സത്യം ഇല്ലാത്തിടത്ത് നില്‍ക്കാന്‍ പറ്റില്ല. ഉദ്ദേശശുദ്ധി ഉണ്ടെന്നു തോന്നുന്നിടത്തു മാത്രമേ എനിക്കു പങ്കെടുക്കാന്‍ പറ്റു. എഡ്യുക്കേഷനില്‍ മാറ്റം വരുത്തൂ. സെക്സ് എഡ്യുക്കേഷന്‍ നിലവില്‍ കൊണ്ടുവരൂ. സ്ത്രീകളെയും പുരുഷന്മാരെയും ട്രാന്‍സ്

‌ജെൻഡേഴ്സിനെയും ഒരേ തലത്തില്‍ നിര്‍ത്തിയിട്ട് അവര്‍ അവരുടെ ലൈംഗികതയെ പറ്റി സംസാരിച്ച് അവരെ ബോധവത്കരിക്കുന്നതാണ് മാറ്റം. പ്രത്യക്ഷത്തില്‍ മാറ്റം ഉണ്ടാക്കുന്ന ഏത് ഇവന്റിലും ഞാന്‍ ഭാഗം ആകാം. പക്ഷെ, ശബ്ദവും വലിയ അന്തരീക്ഷവും ഉണ്ടാക്കി കൊണ്ടുവരുന്നതില്‍ എനിക്ക് ഭാഗമാകാന്‍ കഴിയില്ല'- പാര്‍വ്വതി പറഞ്ഞു.

'സദാചാര പൊലീസ് എന്നു പറയുന്ന ബുദ്ധിശൂന്യമായ പെരുമാറ്റം പോലെ തന്നെയാണ് ഇതും (ചുംബനസമരവും). ഈ സമരം എന്താണു സ്ഥാപിക്കുന്നത് എന്നാണു നമ്മള്‍ നോക്കേണ്ടത്. നമ്മള്‍ അവരുടെ നിലയിലേയ്ക്ക് (സദാചാര ഗുണ്ടകളുടെ) താഴ്ന്നിട്ടു യുദ്ധം ചെയ്യുന്നതില്‍ താത്പര്യമില്ല. നമ്മള്‍ മുകളില്‍ നിന്നാണു കാര്യങ്ങള്‍ മാറ്റേണ്ടത്. നമുക്ക് ഒരുപാടു ശബ്ദം ഉണ്ടാക്കാം. നേരത്തെ ഞാന്‍ ഇതിനെ പറ്റി എഴുതുമായിരുന്നു. എന്റെ രോഷവും ദേഷ്യവും ഒരുപാടു കൂടുതലായിരുന്നു. ഇപ്പോ ആ ഊര്‍ജ്ജം പാഴായിപ്പോയി. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക. അതിനുള്ള ടാന്‍ജിബില്‍ എനര്‍ജി അതിനെ പറ്റി സംസാരിക്കണം. അത് ഞാന്‍ വിശ്വസിക്കുന്നു. പാര്‍വ്വതി പറഞ്ഞു.

കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംക്ഷന്‍ പരിപാടിയില്‍ പാർവ്വതി കുഞ്ചാക്കോ ബോബനെ ഉമ്മ വെച്ചു. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു അവർ. അഭിനയിക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ചാക്കോച്ചന്‍ ഒഴിഞ്ഞുമാറിയെന്നും ഇരുവരുടേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അതെന്നും പാര്‍വ്വതി ജെ ബി ജംഗ്ഷനില്‍ പറഞ്ഞു.

'എല്ലാവരും ചിത്രീകരണത്തിന് തയ്യാറായി നില്‍ക്കുന്നു. അഭിനയം തുടങ്ങി. ചാക്കോച്ചന്റെ അടുത്തു വന്നു. എന്നാല്‍ ചാക്കോച്ചന്‍ ഉമ്മ വയ്ക്കാന്‍ സമ്മതിക്കുന്നില്ല. മുഖം മാറ്റി കളയുന്നു. താടിയും മീശയും നിറഞ്ഞ എവിടെയോ ഉമ്മ വച്ചു. അതു കഴിഞ്ഞപ്പോള്‍ എനിക്കു ഭയങ്കര കുറ്റബോധം. കാരണം പ്രിയ എനിക്കും ഭക്ഷണം കൊടുത്തുവിടാറുണ്ട്. അടുത്ത ദിവസം പ്രിയയെ (കുഞ്ചാക്കോയുടെ ഭാര്യ) സെറ്റില്‍ കണ്ടപ്പോള്‍ പറഞ്ഞു - ഉമ്മ വയ്ക്കേണ്ടി വന്നു. സംവിധായകന്‍ മഹേഷാണ് എല്ലാത്തിനും കാരണം'- പാര്‍വ്വതി പറഞ്ഞു. 'അഭിനയിക്കുമ്പോള്‍ എന്റെ ഭാര്യയുടെ മുഖമാണ് അവിടെ കാണുന്നത്. അതിനാല്‍ ഉമ്മവയ്ക്കുന്നതില്‍ പ്രശ്നമില്ലെ'ന്നും കുഞ്ചാക്കോ തമാശയായി പറഞ്ഞു.

ചാപ്പാകുരിശ് സിനിമയില്‍ ലിപ് ലോക്ക് ചുംബന സീനില്‍ അഭിനയിച്ച് മലയാള സിനിമയുടെ സദാചാര ബോധത്തെ തകര്‍ത്തെറിഞ്ഞ ഫഹദ് ഫാസിലാണ് ടേക്ക് ഓഫ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചത്. മരിയാനില്‍ ധനുഷിനോടൊപ്പമുള്ള പാര്‍വ്വതിയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചുംബനസമരവും സദാചാര ഗുണ്ടായിസവും തുല്യമാണെന്ന നടി പാര്‍വ്വതിയുടെ നിലപാട് ചര്‍ച്ചകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.