പേര് മറക്കണ്ട, മഹേഷ് നാരായണന്‍; ടേക്ക് ഓഫിലെ സമീറയുടെ സ്ത്രീവിരുദ്ധനല്ലാത്ത സംവിധായകന്‍

കാമുകന്റെ നോട്ടം എന്നവിധം കാമുകിയെ ക്യാമറകൊണ്ട് നോക്കി ഭോഗിക്കുന്ന കാഴ്ച സിനിമയിലെവിടെയുമില്ല. എയര്‍പോര്‍ട്ടില്‍ വെച്ച് കുനിയുന്ന സ്വപ്നയുടെ മുലക്കുഴി കാണാനൊരുത്തന്‍ ശ്രമിക്കുന്നതിനെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് കയറി തടയുന്നുണ്ട് സിനിമ. ടേക്ക് ഓഫ് കണ്ടു കഴിയുന്ന പ്രേക്ഷകന്‍ തീര്‍ച്ചയായും മഹേഷ് നാരായണന്റെ അടുത്ത സിനിമയ്ക്കായി കാത്തിരുന്നു തുടങ്ങും. ഇത് മഹേഷ് നാരായാണന്റെ ടേക്ക് ഓഫ്

പേര് മറക്കണ്ട, മഹേഷ് നാരായണന്‍; ടേക്ക് ഓഫിലെ സമീറയുടെ സ്ത്രീവിരുദ്ധനല്ലാത്ത സംവിധായകന്‍

ഒരു സിനിമ എന്തായിരിക്കണം എന്ന് ആര്‍ക്കും അറിയില്ല. ചില സിനിമകള്‍ കാണുമ്പോള്‍ ദാ ഇതുപോലെ എന്നു തോന്നും. അത്തരം ഒരു സിനിമയാണ് ടേക്ക് ഓഫ്. ട്രാഫിക് സിനിമ മലയാള സിനിമയോടു ചെയ്തതിന്റെ അടുത്തപടിയിലുള്ള ചെയ്ത്ത്.മലയാള സിനിമയെന്നാല്‍ സീരിയലിന്റെ ഒരു വലിയ പതിപ്പ് എന്നതിലേയ്ക്ക് വല്ലാതെ ചുരുങ്ങുന്നതിനിടയിലാണ് ട്രാഫിക് സിനിമയുടെ ന്യൂജനറേഷനായത്. സിനിമ ശാസ്ത്രമാണ്. പണവുമാണ്. വിശ്വസിപ്പിക്കുക എന്ന കലയോട് നീതി പുലര്‍ത്തിയതാണ് ട്രാഫിക്കിന്റെ വിജയം.അവസാന നിമിഷം വരെ പിടിച്ചിരുത്തുന്ന ഒരു വീര്‍പ്പു മുട്ടല്‍, ട്രാഫിക്കിലത് ഹൃദയവും കൊണ്ടുള്ള യാത്രയായിരുന്നു. ടേക്കോഫിലത് തോക്കിന്‍ തുമ്പിലകപ്പെട്ട ഷഹീദിലേയ്ക്കുള്ള സമീറയുടെ യാത്രയാണ്.


സിനിമാറ്റിക്കായത് അതു മാത്രമാണ്. ആ കൊമേഷ്യലിന്റെ എരിപൊരിയില്‍ സീറ്റിന്റെ തുഞ്ചത്തേയ്ക്ക് നീങ്ങിയിരുന്നേക്കാം- ഹോളിവുഡ് സിനിമയുടെ ക്രാഫ്റ്റുണ്ട് യുദ്ധസമാനമായ രംഗങ്ങള്‍ക്ക്. നാളിതുവരെ ഒരു മലയാള പട്ടാളം സിനിമയ്ക്കും യുദ്ധത്തെ ഈ വിധം പകര്‍ത്താനായിട്ടുണ്ടാവില്ല. പൊട്ടിത്തെറിക്കുന്ന പൂഴിയും പുകയുമല്ല യുദ്ധം. അതിനകത്ത് അകപ്പെടുന്ന ജീവിതങ്ങളാണ്.അതേ, ടേക്ക് ഓഫ് ജീവിതത്തിന്റേതാണ്. സമീറയില്‍ തുടങ്ങി സമീറയിലവസാനിക്കുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ്, ആസിഫ് അലി എന്നിവര്‍ പലകാലങ്ങളില്‍ സമീറയ്ക്കൊപ്പമുണ്ട്. സമീറയുടേത് ഒരു മുസ്ലിം കുടുംബമാണ്. ജോലിക്കു പോകേണ്ടെന്ന് നിര്‍ബന്ധം പിടിക്കുന്ന സമുദായത്തോട് സമീറയുടെ ചോദ്യമാണ് അവളുടെ ജീവിതം.ഓരോ കോശത്തിലും ജിവിതം ഇങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ് സമീറയില്‍. അവള്‍ കുറച്ചു സമയത്തു മാത്രമേ സിനിമയില്‍ ചിരിക്കുന്നുള്ളു. ബാംഗ്ലൂര്‍ ഡേയ്സില്‍ ഫ്രെയ്മിലാകെ ചിരിവിടര്‍ത്തിയ പാര്‍വ്വതിയേ അല്ല ടേക്ക് ഓഫിലെ സമീറ. അവളുടെ ചിരിയില്ലായ്മ കണ്ടിരിക്കെ ചുറ്റും നോക്കിപ്പോകും- എവിടെയാണ് ശരിക്കും ചിരിയുള്ളത്. കള്ളച്ചിരികളല്ലേ നിറയെ എന്നു തോന്നിപ്പോകും.തോരാതെ പെയ്യുന്ന ജീവിതം മറ്റാരുടേയും സഹായമില്ലാതെ കരകയറ്റാനാണ് സമീറ കടല്‍ കടക്കാനൊരുങ്ങുന്നത്. അവളാണ്, അവളുടെ കുടുംബത്തിന്റെ മേല്‍ക്കൂര. അതവള്‍ക്കറിയാം- മകനെന്നുള്ള സെന്റിമെന്റ്സിനൊക്കെ ആവശ്യത്തിലധികം പ്രാധാന്യം അവള്‍ക്കു നല്‍കാനാവില്ല. പക്ഷെ, രണ്ടാമരൊരു കുഞ്ഞിനെ പറ്റി ആലോചിക്കുമ്പോള്‍, ഇബ്രുവിനെ, മൂത്തകുഞ്ഞിനെ അവളോര്‍ക്കും. വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിക്കും.ജീവിതത്തെ സമീറയ്ക്ക് ഭയമില്ല. ജീവിതത്തിലേയ്ക്ക് സമീറ ഇനിയും എത്തിയിട്ടില്ല.


ജീവിതത്തിലേയ്ക്കാണ് സമീറയ്ക്ക് ടേക്ക് ഓഫ് ചെയ്യേണ്ടത്. ഉയര്‍ന്നു പറക്കാനാവാത്ത വിധം ചിറകുകള്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ഷാഹിദിന് സമീറയുടെ ഭാരങ്ങളെയടക്കം ഇഷ്ടമാണ്. അവനങ്ങനെ സമീറയുടെ ഭാരവാഹിയാവുകയാണ്.പഞ്ചാഗ്‌നിയിലെ ഗീതയ്ക്കു ശേഷം മലയാളി അന്വേഷിക്കുന്ന ആ സ്ത്രീയെ കന്മദത്തലെ മഞ്ജുവില്‍ കിട്ടിയിരുന്നില്ല. ടേക്ക് ഓഫില്‍ കിട്ടുന്നുണ്ടാകും ചിലര്‍ക്ക്. മറ്റുചിലരതല്ല പറയുന്നത്. ഗര്‍ഭം പുറത്തു കാണാതിരിക്കാന്‍ ചുരിദാറിന്റെ ചരട് വലിച്ചു മുറുക്കുമ്പോള്‍... വീര്‍പ്പെത്തിയ വയറ് കാണാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍... കട്ടിലില്‍ നിന്നും നിരങ്ങിയിറങ്ങുമ്പോള്‍... ഇപ്പോ പ്രസവിച്ചു പോയോക്കുമോ എന്നു തോന്നിപ്പിക്കുന്ന വയറുമായി, ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന തിക്രിത്തിലൂടെയും മൊസൂളിലൂടെയും സഞ്ചരിക്കുമ്പോള്‍, പാര്‍വ്വതിയെ കാണാനാവില്ല. സമീറയെ മാത്രം കാണും. 31 വയസുള്ള, എട്ടുവയസുകാരന്റെ അമ്മയായ, ഗര്‍ഭിണിയായ സമീറ.സിനിമ കഴിയുമ്പോള്‍, നമുക്ക് നഴ്സുമാരോട് അതുവരെയില്ലാത്ത ഒരു ബഹുമാനം തോന്നും. ഇക്കാലമത്രയും അവരെ വെറുതെ മാലാഖേ എന്നു വിളിച്ചു പ്രോത്സാഹിപ്പിച്ചതല്ലേയുള്ളു എന്നു തിരിച്ചറിയുംആസിഫും സമീറയും തമ്മിലുള്ള ബന്ധം വേണമെങ്കില്‍ നിറഞ്ഞോടുന്ന ഒരു മെഗാസീരിയല്‍ ആക്കാമായിരുന്നല്ലോ. എന്നിട്ടും അതുചെയ്യാതെ എത്രവേഗതയിലാണ് ആ സംഭവങ്ങള്‍ ആഴത്തില്‍ പതിപ്പിച്ച് വേഗത്തില്‍ പറഞ്ഞത് എന്നോര്‍ത്തു പോകും.കാമുകന്റെ നോട്ടം എന്നവിധം കാമുകിയെ ക്യാമറകൊണ്ട് നോക്കി ഭോഗിക്കുന്ന കാഴ്ച സിനിമയിലെവിടെയുമില്ല. എയര്‍പോര്‍ട്ടില്‍ വെച്ച് കുനിയുന്ന സ്വപ്നയുടെ മുലക്കുഴി കാണാനൊരുത്തന്‍ ശ്രമിക്കുന്നതിനെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക കയറി തടയുന്നുണ്ട് സിനിമ.


മുലക്കുഴി കാണിക്കാനാണ് സിനിമയിലെ പെണ്ണുങ്ങളെന്നു കരുതുന്നവരുടെ കാഴ്ചയ്ക്കു മുന്നിലാണ് സിനിമ. സ്ത്രീവിരുദ്ധത ഡയലോഗിലൂടെ മാത്രമല്ല, മറ്റു പലതിലൂടെയും വരും. എഡിറ്റിങ്ങിലൂടെ പോലും- അതൊന്നും ഇല്ലാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത സിനിമ പുലര്‍ത്തുന്നു.അനിയത്തി പ്രാവില്‍ നിന്നും ടേക്ക് ഓഫിലേയ്ക്കുളള കുഞ്ചാക്കോ ബോബന്റെ കുതിച്ചു പറക്കലുണ്ട്. പരിശീലിച്ച് ശീലമാക്കിയ അഭിനയം കുഞ്ചാക്കോയെ ഷഹീദ് മാത്രമാക്കുന്നു. സ്നേഹമുള്ള ഷഹീദ്. അവനെ പോലൊരു കൂട്ടുകാരനെ കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നിപ്പിക്കുന്ന ഷഹീദ്. സ്ത്രീ വിരുദ്ധയായ സ്വന്തം ഉമ്മയോടു പോലും പൊരുതുന്നുണ്ട് ഷഹീദ്. അവനുള്ളിലെ ജ്വലിക്കുന്ന സ്ത്രീയാണ്, അവനിലെ മാലാഖ. ഇന്ത്യന്‍ അംബാസിഡര്‍ ആണ് ഫഹദ് എന്നു തെളിയിക്കാന്‍ കോടികളുടെ ലൊക്കേഷനോ സെറ്റപ്പോ ആവശ്യമില്ല. കുറേ ക്ലാസപ്പ് ഷോട്ടുകള്‍ മാത്രം മതിയായിരുന്നു. തിരിച്ചു പോന്നോളാന്‍ പറഞ്ഞിട്ടും അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി ഇറാഖില്‍ തങ്ങുന്ന എംബസി ഉദ്യോഗസ്ഥരെ നയിക്കുന്നയാളുടെ മുഖം മതിയല്ലോ, അയാളുടെ സ്ഥാനമറിയിക്കാന്‍. സിനിമ കടന്നു പോകേണ്ട ഏറ്റവും നിര്‍ണ്ണായകമായ നിമിഷങ്ങളില്‍, ഹോളിവുഡിന്റെ മികവിലേയ്ക്ക് ആ അന്തര്‍ദേശീയ രംഗങ്ങളെ കടക്കുന്നത് ഫഹദിന്റെ ശരീരത്തിലൂടെയാണ്. ഇതു നമ്മുടെ മഹേഷല്ലേ എന്നു തോന്നുന്നതല്ല ശരീര- ശബ്ദ- ഭാവ ഭാഷ. അഭിനന്ദനങ്ങള്‍ ഫഹദ്. സൂഷ്മാഭിനയം എന്നതില്‍ നിങ്ങളോരോ ദിവസവും കൂടുതല്‍ ഗോപിയാകുന്നു; ഭരത് ഗോപി!ആസിഫലിക്ക് നല്ല വേഷങ്ങള്‍ കൊടുക്കൂ. അദ്ദേഹം എത്രഭംഗിയായി അഭിനയിച്ചിരിക്കുന്നു. കഥ തുടരുന്നുവില്‍ കുറച്ചു നേരമേ ആസിഫിന്റെ അച്ഛന്‍ വേഷമുള്ളു. സിനിമ കഴിഞ്ഞാലും ഇറങ്ങിപ്പോകാത്ത അച്ഛന്‍.


ഇവിടെയും ആസിഫ് അച്ഛനാണ്. മതനിഷ്ഠയുള്ള വീട്ടിലെ മകന്‍. ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താവ്. കര്‍ക്കശക്കാരന്‍. വിവാഹമോചിതന്‍. അപ്പോഴും ഭാര്യയായിരുന്നവളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നവന്‍, നിസ്സഹായന്‍- കുറച്ചു നേരമേ ഉള്ളുവെങ്കിലും ആസിഫ് അഭിനയിച്ചത് ഒരുപാട് വേഷങ്ങള്‍.പാര്‍വ്വതിയെപ്പറ്റി കൂടുതലെന്ത്, സിനിമ കഴിഞ്ഞിറങ്ങിയവരെല്ലാം പറയുന്നു- അടുത്ത ദേശീയ അവാര്‍ഡ് പാര്‍വ്വതിക്കെന്ന്.കഥാകൃത്ത് ഷാജികുമാറും സംവിധായകന്‍ മഹേഷ് നാരായണും ചേര്‍ന്നാണ് രചന.


നഴ്സുമാരെ തീവ്രവാദികളില്‍ നിന്നു രക്ഷിക്കുന്ന കഥയല്ലേ. മൊത്തം വെടിയും പുകയും മതിയല്ലോ എന്നു കരുതുന്നവര്‍ക്കു മുന്നില്‍ രചയിതാക്കള്‍ പറയുന്നത് ജീവിതത്തെ കുറിച്ചാണ്. ഏറ്റവും ഉറക്കെ പൊട്ടിയ ഉഗ്രശേഷിയുള്ള ഷെല്ലിലും മുകളിലാണ് സിനിമയിലെ ജീവിതം. ആ ജീവിതമാണ് ഈ സിനിമ. സിനിമാറ്റിക്കാകേണ്ടിടത്ത് അങ്ങനെയും നാടകം വേണ്ടിടത്ത് അങ്ങനെയും സൂഷ്മ സ്വാഭാവികത വേണ്ടിടത്ത് അങ്ങനെയും സിനിമ എഴുതിയിരുക്കുന്നു. എഡിറ്റര്‍ സംവിധായകനാകുമ്പോള്‍ എഡിറ്റിങ്ങിലാകും കൂടുതല്‍ ശ്രദ്ധ എന്നു തോന്നുന്നത് തെറ്റിപ്പോകും. എഡിറ്റിങ്ങ് അതിന്റെ എല്ലാ തന്ത്രങ്ങളോടും ഇടപെടേണ്ട സിനിമ തന്നെയാണ്. പക്ഷെ, സംവിധായകന്‍ സിനിമയില്‍ കഥാപാത്രങ്ങളുടെ മനസിനൊപ്പമാണ് സഞ്ചരിക്കുന്നത്. ഇതാണ് എന്റെ ഷഹീദ് എന്ന് അംബാസിഡറോട് സമീറ പറയുന്നില്ല. കണ്ണിലാണ് എല്ലാം. മഹേഷ് നാരായണനെ ചൂണ്ടി കാലം പറയുന്നു- ഇതാ ഇതുവരെയില്ലാതിരുന്ന ഒരു സംവിധായകന്‍.


സാങ്കേതിക മികവോടെ ജീവിതം പറയാനൊരാള്‍. ജീവിതം അപ്പോള്‍ കൂടുതല്‍ ജീവിതമാകുകയാണ്. കാശുവാരാനുള്ള സിനിമയ്ക്ക് വേണ്ട സംഗീതമാണ് പശ്ചാത്തലത്തിലുള്ളത്. വയലിന്‍ നീട്ടി വായിക്കാതെ തന്നെ ഇടയ്ക്കെപ്പോഴൊക്കയോ കണ്ണ് നിറയുന്നുണ്ട്. ഠപ്പോയെന്ന് അടിക്കാതെ തന്നെ പേടിക്കുന്നുമുണ്ട്. സിനിമയില്‍ പാട്ടുണ്ടോ- ഓര്‍ത്തിട്ട് കിട്ടുന്നില്ല.ഭക്ഷണപ്പൊതിയിലെ സാറ്റലൈറ്റ് ഫോണ്‍ കൃത്യമായി സമീറയ്ക്കു കിട്ടുന്നതും, ദിപ്പോ സുട്ടിടുമേ എന്ന നിലയില്‍ നില്‍ക്കെ ഇബ്രു ദേ ഉമ്മ എന്നു ക്ലൈമാക്സില്‍ പറയുന്നതുമെല്ലാം സിനിമയില്‍ വേണമല്ലോ.

വിടപറഞ്ഞ സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. രാജേഷിനു വേണ്ടി സുഹൃത്തുക്കളുടെ സംരംഭം. സിനിമ സാമ്പത്തികമായി വിജയിക്കുന്നത്, രാജേഷില്ലാത്ത ആ കുടുംബത്തിനുള്ള താങ്ങാണ്. സിനിമയ്ക്ക് പുലിമുരുകനെക്കാളും വരുമാനമുണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു പോകും ആരും. ട്രാഫിക്കിന്റെ ആത്മാംശത്തിന്റെ തുടര്‍ച്ചയുള്ള സിനിമ, ആസിഫും കുഞ്ചാക്കോയും മഹേഷുമടക്കം ട്രാഫിക്കിലുണ്ടായിരുന്ന ടീമിന്റെ ശ്രദ്ധാഞ്ജലിയാണ്. ടേക്ക് ഓഫിനു കയ്യടിക്കുന്നവരില്‍ രാജേഷുമുണ്ടാകും. ജീവിതയാഥാര്‍ത്ഥ്യം ത്രില്ലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ രാജേഷിന് കയ്യടിക്കാതിരിക്കാനാവില്ല.

ടേക്ക് ഓഫ് കണ്ടു കഴിയുന്ന പ്രേക്ഷകന്‍ തീര്‍ച്ചയായും മഹേഷ് നാരായണന്റെ അടുത്ത സിനിമയ്ക്കായി കാത്തിരുന്നു തുടങ്ങും. ഇത് മഹേഷ് നാരായാണന്റെ ടേക്ക് ഓഫ്.

-കൊച്ചിക്കാരി