സിസ്റ്റര്‍ യോഗ സൂപ്പര്‍ ഹിറ്റ്; ശരീരം കൊണ്ട് ഒരു കന്യാസ്ത്രീയുടെ പ്രാര്‍ത്ഥന

കന്യാസ്ത്രീകളില്‍ ഡോക്ടര്‍മാരും വക്കീലന്മാരും അധ്യാപകരുമെല്ലാമുണ്ട്, ഇതാ അവരില്‍ നിന്ന് ഒരു യോഗ ഗുരു. 11 വര്‍ഷമായി യോഗ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സിസ്റ്റര്‍ ട്രീസയെ പരിചയപ്പെടാം

സിസ്റ്റര്‍ യോഗ സൂപ്പര്‍ ഹിറ്റ്; ശരീരം കൊണ്ട് ഒരു കന്യാസ്ത്രീയുടെ പ്രാര്‍ത്ഥന

മുപ്പത്തിനാലാമത്തെ വയസില്‍ വല്ലാതെയലട്ടിയ നടുവേദനയ്ക്കും ശ്വാസംമുട്ടലിനും ഇനിയെന്ത് പരിഹാരമെന്ന് ആലോചിച്ചിരിക്കവേയാണ് പാലാക്കാരി സിസ്റ്റര്‍ ഇന്‍ഫാന്റ് ട്രീസ യോഗയെക്കുറിച്ച് കേള്‍ക്കുന്നത്. യോഗയെങ്കില്‍ യോഗയെന്ന് ചിന്തിച്ച സിസ്റ്റര്‍ ഹൈദരാബാദ് സ്വദേശിയായ ആചാര്യനില്‍ നിന്ന് യോഗാസന വിദ്യകള്‍ മെല്ലെ പഠിച്ചെടുത്തു. യോഗാഭ്യാസം മുറുകും തോറും ശാരീരികാസ്വസ്ഥതകള്‍ അയഞ്ഞയഞ്ഞില്ലാതായി. ഇത് കൊള്ളാമല്ലോ എന്ന് സിസ്റ്റര്‍ക്കും തോന്നി. യോഗ നല്‍കിയ 66ന്റെ ചെറുപ്പത്തില്‍ സിസ്റ്റര്‍ ഇന്ന് 11 വയസ് പ്രായമുള്ള യോഗാധ്യാപിക കൂടിയാണ്.

രോഗം മാറിയിട്ടും യോഗയെ കൈവിട്ടില്ല

നടുവദേനയും ശ്വാസം മുട്ടലും മാറ്റിത്തന്ന യോഗയെ അങ്ങനെയങ്ങ് കൈവിടാന്‍ സിസ്റ്റര്‍ ഒരുക്കമായിരുന്നില്ല. യോഗ പരിശീലിക്കുന്നത് സിസ്റ്റര്‍ പതിവാക്കി. 1985ലാണ് സംഭവം. അക്കാലത്ത് ഇന്നുള്ളതുപോലെ പരിശീലന സൗകര്യങ്ങളൊന്നുമില്ലല്ലോ. അതുകൊണ്ട് യോഗയെക്കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന എല്ലാ ലേഖനങ്ങളും തപ്പിയെടുത്ത് സിസ്റ്റര്‍ സ്വന്തമായി യോഗ പരിശീലിച്ചു. ശരീരത്തിനും മനസിനുമൊക്കെ യോഗ ഉണ്ടാക്കിയ മാറ്റം അനുഭവിച്ചുതന്നെ അറിയണമെന്നാണ് സിസ്റ്ററുടെ പക്ഷം. കന്യാസ്ത്രീ പഠനത്തോടൊപ്പം നഴ്‌സിംഗ് കൂടി പൂര്‍ത്തിയാക്കിയ ഇന്‍ഫാന്റ് ട്രീസ സഭാസേവനത്തിനൊപ്പം സര്‍ക്കാര്‍ മേഖലയില്‍ ആതുരസേവനത്തിലും ഏര്‍പ്പെട്ടിരുന്നു. അക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സായിരുന്ന സിസ്റ്റര്‍ യോഗയുടെ മഹത്വത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പറഞ്ഞുകൊടുത്തു. യോഗ ശാസ്ത്രീയമായി പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന മോഹം സാധിച്ചത് 2002ലാണെന്ന് സിസ്റ്റര്‍ പറയുന്നു.

ഒരു പതിറ്റാണ്ടിന്റെ അധ്യാപന ജീവിതം

ബംഗളുരിവിലെ സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് യോഗാധ്യാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ സിസ്റ്റര്‍ അധ്യാപനത്തിലേക്ക് തിരിഞ്ഞു. നഴ്‌സിംഗ് ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിലായിരുന്നു അധ്യാപനം. 2006ല്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെ ഒരു 'ഫുള്‍ ടൈം' അധ്യാപികയുടെ റോളിലേക്ക് സിസ്റ്റര്‍ മാറി. മൂവാറ്റുപുഴയിലെ നിര്‍മല മെഡിക്കല്‍ സെന്റര്‍, തൊടുപുഴയിലെ സെന്റ് അല്‍ഫോന്‍സ യോഗ സെന്റര്‍ എന്നിവിടങ്ങളിലെ യോഗാധ്യാപികയാണ് സിസ്റ്ററിപ്പോള്‍. 66ാമത്തെ വയസിലും വാഹനമോടിച്ച് രണ്ട് സെന്ററുകളിലേക്കും പോകാനുള്ള ഊര്‍ജ്ജം യോഗ തന്നതാണെന്ന് സിസ്റ്റര്‍ പറയുന്നു. യോഗ പരിശീലനം നല്‍കുന്നതിനൊപ്പം ഇതുസംബന്ധിച്ചുള്ള സെമിനാറുകളിലും മറ്റും പങ്കെടുത്ത് സിസ്റ്റര്‍ അറിവുകള്‍ പകര്‍ന്നു നല്‍കാറുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യോഗാധ്യാപകരെ വാര്‍ത്തെടുക്കുന്ന കോഴ്‌സുകളും സിസ്റ്ററുടെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ട്. മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന അധ്യാപക പരിശീലനത്തിന് ഓരോ ബാച്ചിലും 30 വിദ്യാര്‍ത്ഥികള്‍ വീതമാണുള്ളത്. തമിഴ്‌നാട് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സര്‍വകലാശാല നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റാണ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കുന്നത്.

സഭയുടെ പൂര്‍ണ പിന്തുണ

യോഗയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടായില്ലെന്ന് മാത്രമല്ല സഭയില്‍ നിന്ന് പിന്തുണയാണ് ലഭിച്ചതെന്ന് സിസ്റ്റര്‍ പറയുന്നു. ''ഒരു കന്യാസ്ത്രീ യോഗയുമായി മുന്നോട്ടുപോകുന്നതില്‍ തുടക്കകാലത്ത് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ബിഷപ്പും 'ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍' എന്ന എന്റെ സന്യാസിനി സമൂഹവും മികച്ച പിന്തുണയാണ് നല്‍കിയത്'' സിസ്റ്റര്‍ പറയുന്നു. യോഗ ഹിന്ദുമതത്തിന്റെ ഉല്‍പ്പന്നമല്ല. ഇവിടെ ജന്മം കൊണ്ടതെല്ലാം ഏതെങ്കിലും മതത്തിന്റെയാകുമോ. യോഗ സമാധാനവും ശാരീരിക സുഖവും പ്രദാനം ചെയ്ത് ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു എന്നാണ് സിസ്റ്ററുടെ മതം. ക്രിസ്തുമത തത്വങ്ങള്‍ക്ക് ഒരുതരത്തിലും എതിരല്ല യോഗയെന്നും സിസ്റ്റര്‍ പറയുന്നു.

എന്താണ് യോഗ-സിസ്റ്റര്‍ പറയുന്നു


യോജിപ്പിക്കുക, ഒരുമിപ്പിക്കുക എന്നര്‍ത്ഥം വരുന്ന 'യുജ്' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് യോഗ രൂപം കൊണ്ടത്. ഭൗതീകവും മാനസികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ ഒരുമിപ്പിക്കലാണ് യോഗ ചെയ്യുന്നത്. അച്ചടക്കത്തോടെയുള്ള ജീവിതരീതിയാണ് യോഗയിലൂടെ നേടാനാവുക. ജീവിതത്തിന്റെ സമഗ്രതലങ്ങളേയും യോഗ സ്പര്‍ശിക്കുന്നു. ആരോഗ്യകരമായ ജീവിതരീതി നിലനിര്‍ത്താനും രോഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും യോഗ സഹായിക്കുന്നു. 60-70 തരം യോഗാസനങ്ങളുണ്ട്.

യോഗ നല്‍കുന്ന രോഗശാന്തികള്‍

ഏതാണ്ടെല്ലാ രോഗങ്ങളും യോഗ വഴി ഇല്ലാതാക്കാനാകുമെന്നാണ് സിസ്റ്റര്‍ പറയുന്നത്. യോഗ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ക്രമമാക്കുകയും തകരാര്‍ സംഭവിച്ച അവയങ്ങളെ ശരിപ്പെടുത്തുകയും ചെയ്യുന്നു. പേശികളേയും എല്ലുകളേയും ബലപ്പെടുത്തുകയും ശ്വസനപ്രക്രിയയെ മികച്ചതാക്കുകയും ചെയ്യുന്നു. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, വാതം, പുറംവേദന, ആസ്ത്മ, അമിതവണ്ണം മുതലായവയ്‌ക്കെതിരെ മികച്ച പ്രതിരോധമാണ് യോഗ.

പാലായിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ഏലിയാമ്മയാണ് പിന്നീട് സഭാസേവനത്തിനായി മഠത്തില്‍ ചേര്‍ന്ന് സിസ്റ്റര്‍ ഇന്‍ഫാന്റ് ട്രീസയായി മാറിയത്. 32 വര്‍ഷത്തെ യോഗ പരിശീലനത്തിന്റേയും 11 വര്‍ഷത്തെ അധ്യാപന ജീവിത്തിന്റേയും നിറവില്‍ യോഗയിലൂടെ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് സിസ്റ്റര്‍.

Read More >>