''എനിക്ക് ബോധം തെളിഞ്ഞു. എന്റെ മകന്‍ എന്റെ നെഞ്ചത്തുണ്ടായിരുന്നു'' ജീസസ് പറഞ്ഞത് നായയെ കുറിച്ചാണ്!

മരത്തില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ ജീസസിന്റെ നെഞ്ചില്‍ മുഖം വെച്ചു വളര്‍ത്തുനായ ടോണി കിടന്നു, രക്ഷാപ്രവര്‍ത്തകരെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത് ഉറപ്പാക്കുന്നതുവരെ. നായയുടെ സ്‌നേഹത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

എനിക്ക് ബോധം തെളിഞ്ഞു. എന്റെ മകന്‍ എന്റെ നെഞ്ചത്തുണ്ടായിരുന്നു ജീസസ് പറഞ്ഞത് നായയെ കുറിച്ചാണ്!

വളര്‍ത്തുനായ: നിങ്ങള്‍ സ്വയം സ്‌നേഹിക്കുന്നതിനെക്കാള്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഏക ജീവിയെന്ന വിശേഷണമാകും അതിന് ഏറ്റവും യോജിക്കുന്നത്. നായക്ക് മനുഷ്യനോടുള്ള സ്‌നേഹം മനുഷ്യന്‍ നായയെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ കാലം മുതലുള്ളതാണ്. അതുകൊണ്ടുതന്നെയാണ് നായയെ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തെന്നു വിളിക്കുന്നതും. ആപത്തില്‍ നിന്ന് തന്റെ യജമാനനേയും കുടുംബത്തേയും രക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത നായ്ക്കള്‍ ചരിത്രത്തിലുണ്ട്. മരിച്ചുപോയ ഉടമകളുടെ കുഴിമാടത്തില്‍ വെള്ളം പോലുമിറക്കാതെ കിടന്ന നായ്ക്കളുടെ കഥകളുമുണ്ട്. ഉടമകളുമായുള്ള പുനഃസമാഗമമാണ് മറ്റൊന്ന്. കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല ആ സമയത്തെ നായ്ക്കളുടെ സ്‌നേഹപ്രകടനം.

ഉടമയോടുള്ള അഗാധ സ്‌നേഹം പ്രകടമാക്കിയ ഒരു നായ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അര്‍ജന്റീനയിലെ ബഹിയ ബ്ലാന്‍സ ഗ്രാമത്തിലുള്ളവരുടെ കണ്ണു നിറയിച്ചു. മരത്തില്‍ നിന്ന് വീണ് പരുക്കേറ്റ ഉടമയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് നായ അസാധാരണ പ്രവൃത്തി ചെയ്തത്. ജീസസ് ഹ്യൂച്ചയെന്നയാള്‍ മരം കയറുന്നതിനിടെ അവിചാരിതമായി പിടിവിട്ട് താഴെ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതു കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്ന ടോണിയെന്ന വളര്‍ത്തുനായ ഉടന്‍ യജമാനനു നേരെ കുതിച്ചു. അടുത്തെത്തി മണത്തു നോക്കുമ്പോള്‍ യജമാനന് അനക്കമില്ല. വീഴ്ചയില്‍ തലക്കേറ്റ പരുക്കുകൊണ്ട് ജീസസ് ബോധരഹിതനായിരുന്നു. ഇതോടെ ഹതാശനായ ടോണി ഉടമയുടെ നെഞ്ചില്‍ കൈകളെടുത്തു വെച്ച് അദ്ദേഹത്തെ പുണര്‍ന്നു കിടക്കാന്‍ തുടങ്ങി.

ഇതിനിടെ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരെത്തി. തന്റെ യജമാനനെ രക്ഷിക്കാന്‍ ആളുകളെത്തിയെന്ന് ഉറപ്പായ ശേഷമാണ് ടോണി അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്ന് കൈയും മുഖവുമെടുത്തത്. ജീസസിനെ പുണര്‍ന്നുകൊണ്ട് കിടക്കുന്ന ടോണിയുടെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ആദ്യം രക്ഷാപ്രവര്‍ത്തനെത്തിയ ബാഹിയ ഗ്ലാന്‍സിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ ടോണി യജമാനന്റെ അടുത്തേക്ക് അടുപ്പിച്ചില്ല. ഒടുവില്‍ ശത്രുക്കളല്ല വന്നിട്ടുള്ളതെന്ന് ബോധ്യമായപ്പോഴാണ് ജീസസിനെ തൊടാന്‍ ടോണി സമ്മതിച്ചത്.

തെരുവില്‍ കഴിയുകയായിരുന്ന കുഞ്ഞു ടോണിയെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൈകളില്‍ കോരിയെടുത്ത് ജീസസ് വീട്ടില്‍ കൊണ്ടുവന്ന് സ്വന്തം മകനെപ്പോലെ വളര്‍ത്തുകയായിരുന്നു. ടോണിക്ക് ഉടമയോട് ഇത്രയേറെ അഗാധ സ്‌നേഹം തോന്നാനുള്ള കാരണം ഒരു പക്ഷേ ഇതാകാം. ബോധം തെളിഞ്ഞപ്പോഴും ജീസസ് ടോണിയെയാണ് ആദ്യം അന്വേഷിച്ചത്. ''എനിക്ക് ബോധം തെളിഞ്ഞു. എന്റെ മകന്‍ എന്റെ നെഞ്ചത്തുണ്ടായിരുന്നു'' ജീസസ് പറഞ്ഞു. ഞാനെന്റെ സ്‌നേഹം മുഴവന്‍ അവനാണ് നല്‍കിക്കൊണ്ടിരുന്നത്. അവനത് തിരികെ നല്‍കി'' വികാരാധീനനായി ജീസസ് പറഞ്ഞു.