ആർഎസ്എസിനെ വെല്ലുവിളിച്ച തമിഴ് ശബരിമല ഗാനം: ആ നാലു പെണ്ണുങ്ങൾ ഇവരാണ്

അവരുടെ ആയുധം ബ്രാഹ്മണ്യത്തിന്റെ സംസ്‌കൃത മന്ത്രങ്ങളല്ല. പന്തളം ശശികുമാര വർമ്മയുടെ പൂർവികർക്കു പരിചയമുണ്ടായിരിക്കാൻ ഇടയുള്ള പാണ്ഡ്യാനാട്ടിൽ നിന്നുള്ള ദ്രാവിഡ നാടോടി ഗാനങ്ങളാണ്. ദ്രാവിഡരുടെ ദൈവമായ അയ്യപ്പനും അതായിരിക്കുമല്ലോ കൂടുതൽ പരിചയം

ആർഎസ്എസിനെ വെല്ലുവിളിച്ച തമിഴ് ശബരിമല ഗാനം: ആ നാലു പെണ്ണുങ്ങൾ ഇവരാണ്

"അയ്യപ്പ ബ്രഹ്മചാരി അവരുക്കും ഡൗട്ടില്ലേയ്

ആമ്പുള സ്വാമികൾ മേലെ എങ്കളുക്കും ഡൗട്ടില്ലേയ്

ആർഎസ്എസ് സംഘികൾ താൻ ആട്‌‌ത്‌ങ്കെ നടുവില്

ഉന്മേലെ ഡൗട്ട്ന്നാ നീയിരുന്തുക്കോ വീട്ട്ലെ"

'ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് എന്ത് അന്യായമാണെന്ന്' പാട്ടുപാടി പ്രതിരോധിച്ച ആ നാല് പെണ്ണുങ്ങൾ ആരാണെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. ഇതാ ഉത്തരം- 'മക്കൾ കലൈ ഇലക്കിയ കഴകം' എന്ന ശക്തമായ പാട്ടുകൂട്ടത്തിലെ ധീരരായ വനിതകൾ! ശബരിമല സന്ദർശനത്തിനെത്തിയ തമിഴ് നാട്,ആന്ധ്ര സ്വദേശികൾ അടക്കമുള്ള യുവതികളെ അശുദ്ധി പറഞ്ഞു അപമാനിച്ചു തിരിച്ചയച്ച ആർഎസ്എസ്- ബിജെപി ഗുണ്ടകൾക്കെതിരെ പാട്ടിലൂടെ പ്രതിരോധം തീർക്കുകയാണിവർ.

30 കൊല്ലമായി പ്രതിരോധവുമായി രംഗത്തുണ്ടെങ്കിലും 2015ലാണ് മക്കൾ കലൈ ഇലക്കിയ കഴകവും (പീപ്പിൾ ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ- പാലാ) അതിലെ പാട്ടുകാരും ലോക ശ്രദ്ധയാകർഷിച്ചത്. ജയലളിതയുടെ മദ്യ നയത്തിനെതിരെ പാട്ടിലൂടെ പ്രതിഷേധിച്ചതിനു മക്കൾ കലൈ ഇലക്കിയ കഴകത്തിലെ മുഖ്യ പ്രവർത്തകനായ ശിവരാജ് എന്ന കോവനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. "മൂട് ടാസ്മാക് മൂട്", "ഊരുക്ക് ഒരു സാരായം" എന്നിങ്ങനെ കോവൻ തന്നെ എഴുതിയ രണ്ട് പാട്ടുകളായിരുന്നു അന്ന് 'അധികാരത്തെ' ചൊടിപ്പിച്ചത്.

ഇവരുടെ സംഘടനയിലെ വനിതാ പ്രവർത്തകരാണ് ഇപ്പോൾ ശബരിമലയിൽ ആചാരത്തിന്റെ പേരിൽ നടന്നുവരുന്ന സ്ത്രീ വിരുദ്ധതയ്‌ക്കെതിരെയും സന്ദർശനത്തിനെത്തിയ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിനെതിരെയും പ്രതിഷേധ ഗാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

എന്നാൽ നാല് പെണ്ണുങ്ങൾ ഉയർത്തുന്ന മൂർച്ചയുള്ള ചോദ്യങ്ങളെ നേരിടാനാവാതെ, മതം മാറ്റാൻ വന്ന പെന്തിക്കോസ് സ്ത്രീകളാണ് ഇവരെന്നു പറഞ്ഞു ന്യായീകരിക്കുകയാണ് സംഘപരിവാർ- ബിജെപി പ്രവർത്തകർ. വളയും മറ്റാഭരണങ്ങളും ധരിക്കാത്തവരാണ് എന്നതാണ് അവർ അതിന് കണ്ടെത്തിയ ന്യായം! അതേ സമയം തമിഴ്നാട്ടിൽ നിന്നുള്ള റെഡ് വോളന്റീർസ് ആണെന്ന് മറ്റു ചിലർ.

ഇവർ ഇടതു ആശയത്തോട് സ്വയം ആഭിമുഖ്യം പ്രഖ്യാപിച്ച സംഘടനയാണെങ്കിലും ബിജെപിക്കോ ആർഎസ്എസിനോ ഇവരെ ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ വന്ന കമ്മ്യുണിസ്റ് ചാരന്മാർ എന്ന സ്ഥിരം പല്ലവിയിൽ ഒതുക്കാൻ കഴിഞ്ഞേക്കില്ല. അതിനു പല കാരണങ്ങളുണ്ട്.

ഒന്ന്: തമിഴ്നാട്ടിൽ ആകമാനം പ്രത്യേകിച്ച് അവിടുത്തെ ദളിതരുടെ ഇടയിൽ ആഴത്തിൽ വേരുകളുള്ള ഒരു ദ്രാവിഡ രാഷ്ട്രീയം പേറുന്ന സംഘടനയാണ് ഇവരുടേത്. വർഷങ്ങളായി അവിടുത്തെ മനുഷ്യാവകാശ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നവർ. മദ്യ നയത്തിനെതിരെയും ജാതീയതയ്‌ക്കെതിരെയും ബ്രാഹ്മണവൽക്കരണത്തിനെതിരെയും കോവന്റെ സംഘം പാട്ടിലൂടെ ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നു.

രണ്ട്: ആദ്യമായിട്ടല്ല ഇവർ ഹൈന്ദവ ആചാരങ്ങളിൽ ഇടപെടുന്നത് തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ആർഎസ്എസ്- ബിജെപി സംഘം ദ്രാവിഡ ആചാരങ്ങളെ ബ്രാഹ്മണവൽക്കരിക്കാനാരംഭിച്ചു. അതിന്റെ ഭാഗമായി 1950ലെ നിയമം ഉപയോഗിച്ച് ജയലളിത മൃഗ ബലി നിരോധിച്ചപ്പോൾ ആടിനെ വെട്ടിയാണ് കോവന്റെ 'മക്കൾ കലൈ ഇലക്കിയ കഴകം' പ്രതിഷേധിച്ചത്.

തമിഴ്നാട്ടിൽ വേരുകൾ ഉറപ്പിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളെ നിരന്തരം ചെറുക്കുന്നവരാണ് ഇവർ. വിഎച്ച്പി നടത്തിയ രഥ യാത്രക്കെതിരെയും ഇവർ പ്രതിഷേധിച്ചിരുന്നു.

ശബരിമലയിലെ ആചാരങ്ങളുടെ ബ്രാഹ്മണവത്ക്കരണത്തിനെതിരെ കേരളത്തിലെ ദളിത് ആദിവാസി ഈഴവ ഐക്യം ഉയർന്നു കഴിഞ്ഞു. അവിടേക്കാണ് രാഹുൽ ഈശ്വറിനെ മുന്നിൽ നിർത്തി സംഘപരിവാർ നടത്തുന്ന സവർണ്ണാധിപത്യത്തെ നേരിടാൻ ദളിത് ദ്രാവിഡ രാഷ്ട്രീയവുമായി തമിഴ്നാട്ടിൽ നിന്നും കലൈ ഇലക്കിയ കഴകത്തിലെ പെണ്ണുങ്ങൾ എത്തുന്നത്. അവരുടെ ആയുധം ബ്രാഹ്മണ്യത്തിന്റെ സംസ്‌കൃത മന്ത്രങ്ങളല്ല. പന്തളം ശശികുമാര വർമ്മയുടെ പൂർവികർക്കു പരിചയമുണ്ടായിരുന്നിരിക്കാൻ ഇടയുള്ള പാണ്ഡ്യനാട്ടിൽ നിന്നുള്ള ദ്രാവിഡ നാടോടി ഗാനങ്ങളാണ്. ദ്രാവിഡരുടെ ദൈവമായ അയ്യപ്പനും അതായിരിക്കുമല്ലോ കൂടുതൽ പരിചയം.

Read More >>