ശ്യാമയ്ക്ക് കുട്ടികളെ പഠിപ്പിക്കാനുണ്ട്; കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അധ്യാപികയാകാന്‍ ശ്യാമ

സംസ്ഥാന സര്‍ക്കാരിന്‍റെ ട്രാന്ർസ്ജെന്‍ഡര്‍ സ്കോളര്‍ഷിപ്പ് നേടിയ ആദ്യ വ്യക്തിയാവുകയാണ് ശ്യാമ. എംഎഡ് പഠനത്തിനാണ് ഈ അംഗീകാരം. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അധ്യാപികയാകാന്‍ പഠിക്കുന്ന ശ്യാമയോട് നാരദ സീനിയര്‍ സബ് എഡിറ്റര്‍ ഷീജ അനില്‍ സംസാരിക്കുന്നു.

ശ്യാമയ്ക്ക് കുട്ടികളെ പഠിപ്പിക്കാനുണ്ട്; കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അധ്യാപികയാകാന്‍ ശ്യാമ

ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ട്രാൻസ്ജെൻഡർ പോളിസി പ്രകാരമുള്ള സ്കോളർഷിപ്പ് ശ്യാമ കൈപ്പറ്റിയിരിക്കുകയാണ്. സ്കോളര്‍ഷിപ്പിന്റെ തുകയല്ല, ഇതിലൂടെ ലഭിച്ച അംഗീകാരമാണ് സന്തോഷിപ്പിക്കുന്നത് എന്ന് ശ്യാമ പറയുന്നു- "ഞാന്‍ ട്രാന്‍സ്ജെന്‍ഡറാണ് എന്ന് തല കുനിക്കാതെ പറയാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്"

ഏതു കോഴ്സിനാണ് സ്കോളര്‍ഷിപ്പ്‌ ലഭിച്ചത്?

ഞാനിപ്പോള്‍ M.Ed ചെയ്യുന്നു. ഈ കോഴ്സിനുള്ള സ്കോളര്‍ഷിപ്പാണ് ലഭിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ഇനിയും കഴിയുമെങ്കില്‍ Phd ചെയ്യണമെന്നാണ് ആഗ്രഹം. ഏറെ ദൂരമിനിയും താണ്ടണം!

എങ്ങനെയാണ് ശ്യാമയുടെ അസ്തിത്വത്തെ വിശേഷിപ്പിക്കേണ്ടത്? ട്രാന്‍സ്ജെന്‍ഡര്‍ എന്നോ? അതോ മൂന്നാം ലിംഗമെന്നോ ഭിന്നലിംഗമെന്നോ?

ജെന്‍ഡര്‍ എന്ന വാക്കില്‍ പല അര്‍ത്ഥഭേദങ്ങളുമുണ്ട്. അതില്‍ ഒന്നു മാത്രമാണ് 'സെക്ഷ്വല്‍ ഐഡന്റിറ്റി' അഥവാ ലിംഗഭേദം. ഒരാളുടെ ഐഡന്റിറ്റി അയാളുടെ സ്വയാവകാശമല്ലെ? ആണും പെണ്ണും എന്നല്ലാതെ മൂന്നാം ലിംഗമെന്നും ഭിന്നലിംഗമെന്നും ഒരാളെ വിശേഷിപ്പിക്കുന്നതിനോട്‌ യോജിപ്പില്ല.

ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ 'സെക്ഷ്വല്‍ ട്രാന്‍സ്മിഷന്‍' മാത്രമല്ല, ശാരീരികവും മാനസികവുമായ പലതും ചേര്‍ന്നതാണ് അത്. ഈ വാക്കിനോട് പൂര്‍ണ്ണമായ നീതി പുലര്‍ത്താന്‍ കഴിയുന്ന ഒരു പദം ഇപ്പോള്‍ മലയാളത്തില്‍ ഇല്ലെന്നിരിക്കെ, ട്രാന്‍സ്ജെന്‍ഡര്‍ എന്നു വിശേഷിപ്പിക്കുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുക.

ട്രാന്‍സ്ജെന്‍ഡര്‍ ഒരിക്കലും ലിംഗമാറ്റവുമായി മാത്രം ബന്ധപ്പെട്ടതല്ല എന്ന് തിരിച്ചറിയണം. ലിംഗമാറ്റ ശസ്ത്രക്രിയ അതിലൊന്ന് മാത്രമായിരിക്കും. മാറ്റപ്പെടുന്നത് ജെന്‍ഡറാണ്.

ട്രാന്‍സ്ജെന്‍ഡര്‍ (ടിജി) സ്കോളര്‍ഷിപ്പ് എന്താണ്?

ടി.ജി പോളിസി പ്രകാരം വളരെ മുന്‍പ് തന്നെ ഉണ്ടായിരുന്ന ഒന്നാണ് ഈ സ്കോളര്‍ഷിപ്പ്‌,പക്ഷെ ആരും അപേക്ഷിക്കാന്‍ പോലും തുനിഞ്ഞിരുന്നില്ല. ആരും അതിനെക്കുറിച്ച് അവബോധരല്ല എന്നുള്ളതാണ് സത്യം. ഒരു മീറ്റിങ്ങില്‍ ഇങ്ങനെയൊരു സ്കോളര്‍ഷിപ്പ്‌ ഉണ്ടെന്നും ആരും അപേക്ഷിക്കത്തതിനാല്‍ ഇത് എപ്പോഴും ലാപ്സായി പോവുകയുമാണ് എന്ന് പറഞ്ഞിരുന്നു.

എന്റെ സുഹൃത്ത്‌ പ്രിജിത്താണ് പിന്നീടു ഇതിനു അപേക്ഷിക്കുവാന്‍ വേണ്ട സഹായവും പ്രചോദനവുമെല്ലാം തന്നത്. ഒയാസിസ്‌ കള്‍ചറല്‍ സൊസൈറ്റിയുടെ അഡ്വൈസറി ബോര്‍ഡ് അംഗമാണ് പ്രിജിത്ത്.

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ പണമായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ഐഡന്റിറ്റി വെളിപ്പെടുത്തി ജീവിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ലഭിക്കാവുന്ന പല ആനുകൂല്യങ്ങളും ഉണ്ട്. ചിലപ്പോള്‍ അതൊരു ജോലിയാകാം, സംവരണമാകാം.

ഇതൊരു വിഭാഗത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായി മനസിലാക്കണം. അതിനായി ഇത്തരത്തിലുള്ള അര്‍ഹമായ അവകാശങ്ങളെ കാണാതെ പോയിട്ടു കാര്യമില്ല. ഇനിയും ഏറെ നേടാനുറച്ചിട്ടുണ്ടെങ്കില്‍ അര്‍ഹമായത് ആദ്യം അവകാശത്തോടെ കൈപ്പറ്റണം. ഇത് ഞാന്‍ പഠിച്ചു വാങ്ങിയ അംഗീകാരമാണ് എന്നുള്ളതില്‍ ഏറെ അഭിമാനം!

ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യുണിറ്റി വിദ്യാഭ്യാസരംഗത്ത് പിന്നോക്കമാണ് എന്ന് തോന്നിയിട്ടില്ലേ?

സത്യമാണ്...അംഗീകരിക്കുന്നു..സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരണമെങ്കില്‍ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യുണിറ്റിയില്‍ പലരും പഠനം ഇടയ്ക്ക് വച്ചു ഉപേക്ഷിച്ചവരായിരിക്കും. ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. ഇതവരുടെ തെറ്റായി പറയാന്‍ കഴിയില്ല. സൊസൈറ്റിയില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന പിന്തുണ ഒരു വലിയ ഘടകമായിരിക്കും. സുഹൃത്തുക്കള്‍, അധ്യാപകര്‍, വീട്ടുകാര്‍ ഇവര്‍ക്കൊക്കെ ഇതില്‍ നല്ലൊരു പങ്കുമുണ്ട്.

എന്റെ അനുഭവം പറയാം. എം.എയ്ക്കു പഠിക്കുമ്പോഴാണ് ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്. അതുവരെയും എനിക്കത് തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. ജന്മം കൊണ്ടു സമൂഹം എനിക്ക് കല്‍പ്പിച്ചു നല്‍കിയ സ്വത്വത്തില്‍ ജീവിക്കാന്‍ ശ്രമിച്ചതിനാല്‍ മാത്രമാണ് എന്റെ വിദ്യാഭ്യാസം മുടങ്ങാതെയിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ ഇത് മുന്‍പ് വെളിപ്പെടുത്തിയിരുന്നു എങ്കില്‍ ഒരു പക്ഷെ എനിക്കും പഠനത്തില്‍ ഇത്ര മുന്നോട്ട് വരാന്‍ കഴിയുമായിരുന്നില്ല.

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിലാണ് ഞാന്‍ ഡിഗ്രി ചെയ്തത്. അത്രയും വലിയൊരു കലാലയത്തില്‍ ഇങ്ങനെ ഒരാള്‍ക്ക്‌ നേരിടേണ്ടിവന്നിരിക്കാവുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ ഒരു അദ്ധ്യാപികയാകണമെന്ന എന്റെ പാഷന്‍ അതിനെയെല്ലാം അതിജീവിക്കാന്‍ പോന്നതായിരുന്നു.

'ഒരു ട്രാന്‍സ്ജെന്‍ഡര്‍ അധ്യാപിക' എങ്ങനെയാണ് ഇതിനെ നോക്കി കാണുന്നത്?

എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്‌. ഒരു ടീച്ചറിന് മാത്രമാണ് ഒരു തലമുറയോടു ടി.ജി കമ്മ്യുണിറ്റിയെ കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ കഴിയുക. മാതാപിതാക്കന്മാര്‍ക്കും കൂട്ടുകാര്‍ക്ക് പോലും ഇതില്‍ പരിമിതികള്‍ ഉണ്ടാകാം. BEd ന് പഠിക്കുന്നവര്‍ക്ക് പോലും ഇങ്ങനെയൊരു കമ്മ്യുണിറ്റിയെ കുറിച്ച് അറിവില്ല.ടി.ജി കമ്മ്യുണിറ്റി എന്നാല്‍ ശാപഗ്രസ്തരുടെ കൂട്ടമല്ല എന്നും ഇവരെ കുറിച്ചുള്ള സമൂഹത്തിന്റെ അബദ്ധധാരണകള്‍ മാറ്റുന്നതിനും വിദ്യാഭ്യാസം തന്നെയാണ് നല്ലത്.

എല്ലാവരെയും പോലെയാണ് ഞങ്ങളും എല്ലാവരുടെയും കൂടെ നില്‍ക്കേണ്ടവരാണ് ഞങ്ങളും!

ജെന്‍ഡര്‍ വിദ്യാഭ്യാസം ഇപ്പോള്‍ നല്‍കി വരുന്നുണ്ടെല്ലോ?

അതേ, പക്ഷെ അത് പലപ്പോഴും ഇത് സ്ത്രീശാക്തീകരണവും, ലിംഗസമത്വവും എന്നിങ്ങനെ പൊതുവായ ചില കാര്യങ്ങള്‍ പരാമര്‍ശിച്ചു കടന്നു പോകുന്നതേയുള്ളൂ. ട്രാന്‍സ് കമ്മ്യുണിറ്റി എന്നാല്‍ എന്താണെന്നോ അവരുടെ പ്രശ്നങ്ങള്‍ എന്താണെന്നോ മതിയായ അറിവ് ഇന്നും സമൂഹത്തിനില്ല.

ഇപ്പോള്‍ സ്കോളര്‍ഷിപ്പ്‌ ലഭിച്ചു എങ്കിലും ഐഡന്റിറ്റി ഓരോ പ്രാവശ്യവും തെളിയിക്കേണ്ട ബാധ്യത ഇപ്പോഴും ഞങ്ങള്‍ക്കുണ്ട്. ഉദ്ദാഹരണത്തിനു, ഞാന്‍ നല്‍കിയ സത്യവാങ്ങ്മൂലം പരിഗണിച്ചു അന്വേഷണം നടത്തിയാണ് എനിക്ക് സ്കോളര്‍ഷിപ്പ്‌ അനുവദിച്ചു നല്‍കിയിട്ടുള്ളത്. ഇനിയും ഇത് തന്നെ ആവര്‍ത്തിക്കണം.

ജനനസര്‍ട്ടിഫിക്കേറ്റ് മുതല്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് വരെ ഇത്തരത്തില്‍ ഞങ്ങളുടെ ജെന്‍ഡര്‍ സ്ത്രീയോ/പുരുഷനോ ആയി തന്നെ തുടരും. ഇങ്ങനെയുള്ളപ്പോള്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഞങ്ങള്‍ക്ക് അത്യാവശ്യമാണ്. അങ്ങനെയൊന്ന് ഇതുവരെ ഇല്ല.

കുടുംബശ്രീയില്‍ അംഗമാണോ?

ഉദയം കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയാണ് ഞാന്‍. യുണിറ്റ് തലത്തില്‍ മാത്രമായിരിക്കും പൂര്‍ണമായും ട്രാന്‍സ് അംഗങ്ങള്‍ മാത്രമുള്ളത്. എ.ഡി.എസ്, സി.ഡി,എസ് തുടങ്ങിയ തലത്തിലെല്ലാം കോമണ്‍ സിസ്റ്റം തന്നെ. കുടുംബശ്രീ അംഗങ്ങളായ യുവതികള്‍ക്ക്‌ ഞങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ബുദ്ധിമുട്ടില്ല, പക്ഷെ മുതിര്‍ന്ന തലമുറയില്‍ നിന്ന് ഇപ്പോഴും ഒരു അകല്‍ച്ച അനുഭവപ്പെടും

നന്നായി നൃത്തം ചെയ്യുമല്ലോ..

മഴവില്‍ മനോരമയിലും, ഏഷ്യാനെറ്റിലുമെല്ലാം കോമഡി ഷോയുടെ ഭാഗമായും മറ്റും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേജ് പ്രോഗ്രാമുകളിലും നൃത്തം ചെയ്യാറുണ്ട്. ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുള്ളതാണ് നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുന്നത്

കുടുംബം?

ഇപ്പോള്‍ ഞാനും അമ്മയുമാണ് കുടുംബം. സഹോദരന്‍ വിദേശത്തു ജോലി ചെയ്യുന്നു. പ്രിജിത്തിനെ പോലെയുള്ള സുഹൃത്തുക്കളും എന്റെ അസ്തിത്വത്തിന്റെ ഭാഗമാണ്.

പ്രണയിച്ചിട്ടുണ്ടോ?

(ചിരിക്കുന്നു..) ആരാണ് പ്രണയിക്കാത്തത്. അങ്ങനെയൊരു വികാരം എല്ലാ മനുഷ്യരിലും ഉണ്ടാകും. എനിക്കും ഉണ്ടായിരുന്നു. പക്ഷെ അത് സമൂഹം അംഗീകരിക്കില്ല എന്ന് തോന്നിയപ്പോള്‍ നിര്‍ബന്ധപ്പൂര്‍വ്വം ഉപേക്ഷിച്ചു

ആ പ്രണയം ഒന്നു വിശദീകരിക്കാമോ?

ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് മുന്‍പുള്ള ഒരു പ്രണയമായിരുന്നു അത്. വെളിപ്പെടുത്തുന്നുണ്ടോ എന്നുള്ളതല്ലലോ കാര്യം. ഞാന്‍ പ്രണയിച്ചതും ഒരു പുരുഷനെ ആയിരുന്നു.

ട്രാന്‍സ് വുമണിന് ഒരിക്കലും ഒരു സ്ത്രീയോട് പ്രണയം തോന്നുകയില്ല.

പക്ഷെ ഒന്നു ഓര്‍ത്തു നോക്കു, പുരുഷന്‍ എന്ന് സമൂഹം വിളിക്കുന്ന ഒരാള്‍ ഒരു പുരുഷനോട് തന്നെ ആകൃഷ്ടനായാലുള്ള പുകില്‍ എന്താണെന്ന്? അതെല്ലാം എന്റെ കാര്യത്തിലും ഉണ്ടായി. പ്രണയത്തെ ഞാന്‍ മനപ്പൂര്‍വ്വം മറന്നു.

ഇപ്പോള്‍ പ്രണയിക്കുന്നില്ലേ?

ആവോ...ആര്‍ക്കറിയാം... ഞാനും പ്രണയിക്കുന്നുണ്ടാകാം. എല്ലാവരെയും പോലെ കുടുംബം, കുട്ടികള്‍ എന്നുള്ള സങ്കല്പത്തില്‍ നിന്നും വിഭിന്നമല്ല എന്റെ സ്വപ്നങ്ങളും! ഇനി പ്രണയിക്കുമ്പോള്‍ അത് മുന്‍പുള്ളത് പോലെ നൊമ്പരം നല്‍കുന്ന ഒന്നായിരിക്കില്ല അതെന്നുറപ്പ്!

ഏറ്റവുമധികം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്?

ശ്യാമ കാണാന്‍ എന്ത് സുന്ദരിയാണ് എന്നുള്ളത് തന്നെ. ഞാനുമൊരു പെണ്ണല്ലേ! (വീണ്ടും മനസ്സ് നിറഞ്ഞ അതേ ചിരി...)

Read More >>