ചുവർചിത്രങ്ങളിലൂടെ ഈ പെൺകുട്ടികൾ ചരിത്രമെഴുതുകയാണ്: വരയിലുയരുന്നത് ഒരു സമൂഹത്തിന്റെ പ്രതിഷേധം

കോളേജ് വിദ്യാർ‍ഥിനികൾക്കിടയിൽ നടക്കുന്ന തെരേസിയൻ വീക്ക് എന്ന സാംസ്കാരിക കലോത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒരു മത്സരയിനം സംഘടിപ്പിക്കണമെന്ന് കഴിഞ്ഞവർഷത്തെ കോളേജ് ആർട്ട്സ് ക്ലബ് സെക്രട്ടറി അനഘയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ തീരുമാനിച്ചു. ഇതുവരെയും മറ്റെവിടെയും കണ്ടിട്ടില്ലാത്ത മത്സരയിനം തേടി നടന്ന അവർ എത്തിയത് ചുവർചിത്ര രചനാ മത്സരത്തിലാണ്.

ചുവർചിത്രങ്ങളിലൂടെ ഈ പെൺകുട്ടികൾ ചരിത്രമെഴുതുകയാണ്: വരയിലുയരുന്നത് ഒരു സമൂഹത്തിന്റെ പ്രതിഷേധം

എറണാകുളം സെന്റ് തെരേസാസ് കോളേജിന് ഇടതു വശത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലൂടെ യാത്ര ചെയ്‌താൽ കോളേജ് മതിലിൽ കുറെ ചുവർ ചിത്രങ്ങൾ കാണാം. ചുവരിന്റെ വലതു വശത്ത് ആഘോഷങ്ങളെ സൂചിപ്പിക്കുന്ന നാല് സെറ്റ് ചിത്രങ്ങളും മധ്യഭാഗത്ത് സ്ത്രീ സമത്വത്തെ സൂചിപ്പിക്കുന്ന നാല് സെറ്റ് ചിത്രങ്ങളും. ഈ ചിത്രങ്ങളുണ്ടായതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരുപാട് പഴയ കഥയൊന്നുമല്ല. കഴിഞ്ഞ വർഷമാണ് സംഭവം.

കോളേജ് വിദ്യാർ‍ഥിനികൾക്കിടയിൽ നടക്കുന്ന തെരേസിയൻ വീക്ക് എന്ന സാംസ്കാരിക കലോത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒരു മത്സരയിനം സംഘടിപ്പിക്കണമെന്ന് കഴിഞ്ഞവർഷത്തെ കോളേജ് ആർട്ട്സ് ക്ലബ് സെക്രട്ടറി അനഘയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ തീരുമാനിച്ചു. ഇതുവരെയും മറ്റെവിടെയും കണ്ടിട്ടില്ലാത്ത മത്സരയിനം തേടി നടന്ന അവർ എത്തിയത് ചുവർചിത്ര രചനാ മത്സരത്തിലാണ്. അനഘയുടെ ചേട്ടൻ അമൽ ചിത്രകാരനാണ്. അമലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സബ്ജയിലിന്റെ മതിലിൽ ഒരു സംഘം ചിത്രകാരന്മാർ ചുവർചിത്രരചന നടത്തിയിട്ടുണ്ടായിരുന്നു. ഈ അറിവാണ് അനഘയെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

ആശയം അനഘയും സംഘവും കോളേജ് പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റിന്റെ മുന്നിൽ അവതരിപ്പിച്ചു. പ്രിൻസിപ്പലിന് നൂറു വട്ടം സമ്മതം. ആശയത്തിന് പച്ചക്കൊടി കിട്ടിയതോടെ കാര്യങ്ങളൊക്കെ ഉഷാറായി. ചെയർപേഴ്‌സൺ ഡോണ ഡെന്നി, വൈസ് ചെയർപേഴ്‌സൺ ശ്രീലക്ഷ്മി രഘുനാഥ്‌, ആർട്ട്സ് ക്ലബ് സെക്രട്ടറി അനഘ മരിയ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ചുവർ ചിത്രരചനയ്ക്കുള്ള ചുവരൊരുക്കാനുള്ള ശ്രമമാരംഭിച്ചു. മുല്ലശ്ശേരി കനാൽ റോഡിലുള്ള മതിലിൽ മത്‌സരം നടത്താമെന്ന് തീരുമാനമായി.


മുൻപേ നടന്നവർ

മുല്ലശ്ശേരി കനാൽ അന്നും ഇന്നും വൃത്തിഹീനമാണ്. കനാൽ റോഡും കഴിഞ്ഞവർഷം വൃത്തിഹീനമായിരുന്നു. രാത്രി ഹോസ്റ്റലിലേക്കും മറ്റും ഈ റോഡിലൂടെയായിരുന്നു വിദ്യാർത്ഥിനികൾ യാത്ര ചെയ്തിരുന്നത്. സാമൂഹ്യവിരുദ്ധരേയും തെരുവുനായ്ക്കളേയും കെട്ടുകെട്ടിക്കുക മാത്രമല്ല, മതിലിലെ സിനിമാപോസ്റ്ററുകളും നീക്കുക എന്നതും ഒരു വെല്ലുവിളിയായിത്തന്നെ ആ പെൺകുട്ടികൾ ഏറ്റെടുത്തു. അവർക്ക് പിന്തുണയറിയിച്ച് കൊച്ചി കോർപ്പറേഷനും ഒപ്പം ചേർന്നതോടെ കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു.

റോഡിലെ മാലിന്യങ്ങൾ നീക്കി. മാലിന്യങ്ങൾ ഒഴിവായതോടെ തെരുവുനായ്ക്കളും സ്ഥലം വിട്ടു. മതിലിലുണ്ടായിരുന്ന പോസ്റ്ററുകളൊക്കെ നീക്കി അത് വൃത്തിയാക്കി. സബ്‌ജയിലിന്റെ മതിലിൽ ചുവർചിത്രം വരച്ച സംഘത്തിലെ സിദ്ധാർഥ്, ശ്രീജിത്ത് എന്നിവരെ ഇവർ സഹായത്തിനു കൂട്ടി. ചുവർചിത്ര രചനയെപ്പറ്റി സിദ്ധാർഥ് ഇവർക്ക് വിശദീകരിച്ചു കൊടുത്തു. പെൺകുട്ടികൾ ആ വാക്കുകൾ നെഞ്ചേറ്റി. അങ്ങനെ കേരളത്തിന്റെ കലാലയ ചരിത്രത്തിലാദ്യമായി ഇൻട്രാ കോളേജ് ഫെസ്റ്റിവലിൽ ചുവർചിത്രരചനാ മത്സരം നടത്താൻ സെന്റ് തെരേസാസ് ഒരുങ്ങി.


കഴിഞ്ഞ വർഷത്തെ ചിത്രങ്ങളിൽ നിന്ന്

കഴിഞ്ഞ കൊല്ലം 'ആഘോഷം' എന്നതായിരുന്നു ചിത്രരചനയുടെ വിഷയം. ഒന്ന്, രണ്ട്, മൂന്ന്, പിജി വർഷക്കാർക്കിടയിലായിരുന്നു മത്സരം. 10 പേരടങ്ങുന്ന നാല് ടീമുകൾ. ഓരോരുത്തർക്കും ചുവരിൽ അടുത്തടുത്തായി ഓരോ ഇടങ്ങൾ. മൂന്നു ദിവസമായിരുന്നു മത്സര സമയം. പൊരിവെയിലത്തു നിന്ന് പടം വരയ്ക്കുന്ന മത്സരാർത്ഥികൾക്ക് നാരങ്ങാ വെള്ളവും മറ്റുമായി സ്ഥലത്തെ കച്ചവടക്കാരും രംഗത്തെത്തിയതോടെ മത്സരം ജനങ്ങൾ ഏറ്റെടുത്തു എന്നവവർ ഉറപ്പിച്ചു.പിന്തുടർന്നവർ


സീനിയേഴ്സ് തെളിച്ചിട്ടു പോയ വഴിയിലൂടെയാണ് ഇത്തവണ തെരേസിയൻ വീക്കിലെ ചുവർചിത്രരചനാ മത്സരം നടക്കുന്നത്. ഇത്തവണ പക്ഷേ, വിഷയം അല്പം കൂടി സാമൂഹ്യ പ്രതിബദ്ധതയുള്ളതായി. 'ഷീറോസ്' അഥവാ ഹീറോസിന്റെ പെൺ പതിപ്പ്. അതാണ് ഇക്കൊല്ലത്തെ വിഷയം. സാമൂഹ്യ രാഷ്ട്രീയ ഇടങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വനിതകളിലൂടെ കരുത്തു നേടുക എന്ന് ഈ വിഷയത്തെ വളരെ ലളിതമായി കോളേജ് യൂണിയൻ അംഗമായ സൃഷ്ടി വിശദീകരിക്കുന്നു. സ്ത്രീ സമത്വവും പുരുഷാധിപത്യവുമടക്കം ആൺകൂട്ടങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്ന നാല് ചുവർ ചിത്രങ്ങൾ ഇപ്പോൾ സെന്റ് തെരേസാസിന്റെ ചുവരിൽ കാണാം.ഇക്കൊല്ലത്തെ ചിത്രങ്ങളിൽ നിന്ന്


ഇവരുടെ ചിത്രങ്ങൾ ചൂണ്ടുന്നത് നമുക്കോരോരുത്തർക്കും നേരെയാണ്. അവകാശങ്ങൾ തുടർച്ചയായി ഹനിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിഷേധം ഈ ചിത്രങ്ങളിലെല്ലാം കാണാം. പുരുഷാധിപത്യത്തിന്റെ തീജ്വാലയിൽ നിന്നും അനന്തവിഹായസ്സിലേക്ക് പറന്നുയർന്ന് സ്വാതന്ത്രത്തിന്റെ ആകാശം കൈപ്പിടിയിലൊതുക്കുമെന്ന പെണ്ണിന്റെ പ്രഖ്യാപനവും ഈ ചിത്രങ്ങളിൽ കാണാം. ഇവർ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. സ്വന്തമായി വഴിവെട്ടിത്തെളിച്ച് ഈ പെൺകുട്ടികൾ ചരിത്രം നിർമിക്കുകയാണ്. ഇനി മുല്ലശ്ശേരി കനാൽ റോഡിലൂടെ പോകുമ്പോൾ ഒന്ന് ഇടത്തേക്കു തിരിയുക. അവിടെ നമ്മുടെ നേർക്ക് ചൂണ്ടിനിൽക്കുന്ന കുറച്ച് പടങ്ങൾ കാണാം. ആ പടങ്ങൾ ഒരു സമൂഹത്തിന്റെ മുഴുവൻ പ്രതിഷേധമാകുന്നു!

Read More >>